Total Pageviews

Sunday 10 October 2010

23 വെള്ളം ഉപയോഗിച്ച് മുഖ സൌന്ദര്യം കൂട്ടാമെന്നോ ?

കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വെറുതെ പറയുന്നതായി തോന്നാം .
പക്ഷെ , കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്.
എന്താണ് മുഖ സൌന്ദര്യവും വെള്ളവും തമ്മിലുള്ള ബന്ധം ?
ഒന്നുമില്ല , വെറും നിസ്സാര കാര്യം മാത്രം !
പക്ഷെ, നമുക്കൊക്കെ അറിയാം ; നാം ചെയ്യാറില്ലെന്നു മാത്രം .
ഇടക്കൊന്നു മുഖം കഴുകുക ; അത്രമാത്രം .
കഴുകുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഊഷ്മാവ് കാലാവസ്ഥക്ക് അനുസരിച്ചുള്ളതായിരിക്കണം എന്നൊരു പ്രത്യേകതയുണ്ട്.
അതായത് , ചൂടുകാലത്താണെങ്കില്‍ തണുത്തതും തണുപ്പുകാലത്താണെങ്കില്‍ ചൂടുള്ളതും എന്നേ ഇവിടെ അര്‍ത്ഥമുള്ളൂ.
മുഖത്തിന് അഥവാ മുഖ ചര്‍മ്മത്തിന് ചൂടുകാലത്ത് തണുത്ത ജലം കൊണ്ട് മുഖം കഴുകിയാല്‍ എന്തു സംഭവിക്കും?
നമുക്ക് മിശ്രണ തത്ത്വം അറിയാമല്ലോ
അതനുസരിച്ച് മുഖത്തിന് താപ നഷ്ടവും വെള്ളത്തിന് താപ ലാഭവും ലഭിക്കുന്നു.
അതായത് മുഖത്തെ ചൂടിനെ വെള്ളം ആഗിരണം ചെയ്തു എന്നുവേണമെങ്കില്‍ പറയാം.
ഇത് മുഖത്തിന് ആശ്വാസമാണെന്നോര്‍ക്കുക.
ഇനി മറ്റൊരു കാര്യം ?
മുഖം കഴുകുമ്പോള്‍ ഒരു തവണ മാത്രം മതിയോ ?
അത് സൌകര്യം പോലെ എന്നല്ലാതെ എന്തുപറയാന്‍ .
കഴുകുന്ന സമയത്ത് സൌകര്യമുണ്ടെങ്കില്‍ രണ്ടോ മൂന്നോ പ്രാവശ്യം സാവധാനത്തില്‍ ആയിക്കോട്ടെ .
എന്താണ് സാവധാനത്തില്‍ .......
അതായത് മിശ്രണതത്ത്വപ്രകാരം താപം മുഖത്തു നിന്ന് നീക്കം ചെയ്യുന്നതിന് സമയമെടുക്കും .
ഇതുകൊണ്ടാണ് സാവധാനത്തിലും ... ആവര്‍ത്തിച്ചും എന്നൊക്കെ പറഞ്ഞത്
മുഖം കഴുകിക്കഴിഞ്ഞയുടനെ ടവ്വല്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കിയാല്‍............
അപ്പോള്‍പിന്നെ മിശ്രണതത്ത്വപ്രാകരം മാത്രമേ മുഖത്തിന് താപ നഷ്ടം സംഭവിക്കുകയുള്ളൂ.
ടവ്വല്‍ ഉപയോഗിച്ചില്ലെങ്കിലോ ?
അങ്ങനെയായാല്‍ , ബാഷ്പീകരണം എന്ന പ്രക്രിയ വഴി മുഖത്തു നിന്ന് താപം നീക്കം ചെയ്യും .
അതായത് ഏറെ നേരം ഈ തണുത്ത അവസ്ഥയില്‍ ഇരിക്കാമെന്നര്‍ത്ഥം .
(എങ്ങനെയാണ് ബാഷ്പീകരണം വഴി മുഖത്തുനിന്ന് താപത്തിനെ നീക്കം ചെയ്യുന്നത് ?
മുഖത്തിലെ ചര്‍മ്മത്തിലെ ‘നനവ്’ അഥവാ ഈര്‍പ്പം ശരീരത്തില്‍ നിന്ന് താപം സ്വീകരിച്ച് നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് പോകുന്നു.
ഇങ്ങനെ ശരീരത്തില്‍ നിന്നുമാത്രമാണൊ ഈ ജലതന്മാത്രകള്‍ താപം സ്വീകരിക്കുന്നത് .
തീര്‍ച്ചയായും അല്ല , വായുവില്‍ നിന്നും താപം സ്വീകരിക്കാം .)
ഓ , ഇതൊക്കെ ഞങ്ങള്‍ ക്കറിയാം കേട്ടൊ .
പനി വരുമ്പോള്‍ ഞങ്ങള്‍ നെറ്റിയില്‍ നനച്ച തുണി ഇടാറുണ്ട് .
നെറ്റിയിലെ ചൂട് കുറയാനാണ് അങ്ങനെ ചെയ്യുന്നത് എന്നതും ഞങ്ങള്‍ക്കറിയാവുന്ന കാര്യമാണ്
ഇതില്‍ ഒരു പുതുമയുമില്ല .
എങ്കിലും ഞാന്‍ പറഞ്ഞുവരുന്നത് എന്നു വെച്ചാല്‍ ...
അങ്ങനെ മുഖം കഴുകുമ്പോള്‍ കുറച്ച് അഴുക്കും തൊലിയില്‍ നിന്ന് പോകും കേട്ടൊ
എന്ത് അഴുക്കോ , അതും മുഖത്തോ ...
അതെ , വായുവിലെ പൊടിപടലങ്ങള്‍ - മുഖത്ത് പറ്റിപ്പിടിച്ചിരിക്കില്ലേ ...
അതിന്റെ കാര്യമാ‍ ഞാന്‍ പറഞ്ഞേ ..
ഓ , അതു ശരി ..
എന്നാലും ഇത്ര മാത്രം അഴുക്ക് ഉണ്ടാകുമോ ...
അത് പറ്റിപ്പിടിച്ചിരിക്കുന്നത് കണ്‍‌പീലികളില്‍ ഒക്കെ ആയാല്‍ എങ്ങന്യാ ..
ഓ , അതു ശരി .
അപ്പോള്‍ ഇപ്രകാരം മുഖത്തെ അഴുക്ക് പോകുന്നതു നിമിത്തം മുഖചര്‍മ്മത്തിന് ഒരു തിളക്കം കിട്ടിയെന്നുമിരിക്കാം കേട്ടോ .
ഇതൊക്കെ കൂടിയാ ഒരു സൌന്ദര്യ വര്‍ദ്ധക വസ്തുവായി വെള്ളത്തെ കണ്ടത് .
പക്ഷെ , ഒരു പ്രശ്നം ...
ഇങ്ങനെ മുഖം കഴുകിയാല്‍ ...
മുഖത്തെ പൌഡര്‍ ,റോസ് പൌഡര്‍ , കണ്‍‌മഷി .... എന്നിവയുടെ കാര്യം ..
അവയൊക്കെ അത്യാവശ്യമാണോ ...
അതിലാണോ നമ്മുടെയൊക്കെ സൌന്ദര്യമിരിക്കുന്നത് എന്നു വിചാരിച്ചാല്‍ പിന്നെ രക്ഷയില്ല .
ങാ , എന്തെങ്കിലും ആകെട്ടെ .
തീര്‍ന്നില്ല കേട്ടോ ഇനിയുമുണ്ട് കാര്യങ്ങള്‍
എന്താണ് ഇവിടെ വെള്ളത്തിനു ‘കൊമ്പുണ്ടോ “ എന്ന് ചിലര്‍ക്ക് സംശയം തോന്നാം.
ഒന്നു മില്ല , വെറുതെ തൊലിപ്പുറമെയുള്ള രക്തോട്ടം ക്രമപ്പെടുത്താനാണ് ഈ തണുത്ത വെള്ള പ്രയോഗം
അതുളവാക്കുന്ന ഉന്മേഷം മുഖത്ത് പ്രകടമാകും .
ഇത്തരത്തില്‍ പ്രകടമാകുന്ന ഉന്മേഷം മുഖകാന്തി വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയമൊന്നുമില്ല.
ഓഫീസില്‍ ഇന്റര്‍വെല്‍ സമയത്ത് ഉന്മേഷത്തിനു വേണ്ടി നിങ്ങള്‍ ചായയൊ , കാപ്പിയോ കഴിക്കുന്നവരായിരിക്കാം .
എന്നാല്‍ ഈ ടെക് നിക്കൊന്നു പരീക്ഷിച്ചു നോക്കൂ‍.
എന്നീട്ട് അഭിപ്രായം പറയൂ.
ഇതുകൊണ്ടു മാത്രമായൊ ഈ വെള്ള പുരാണം.
ഇനിയെന്താ അടുത്തത് ?
അടുത്തതായി പറയാനുള്ളത് ..........
നിങ്ങള്‍ ദാഹിക്കുന്നവന്റെ കണ്ണുകള്‍ കണ്ടിട്ടുണ്ടോ ?
ദൈന്യത തോന്നിക്കുന്നതല്ലേ ആ കണ്ണൂകള്‍ .
ഈ ദൈന്യത നാം വെച്ചു പുലര്‍ത്തണോ ?
ആവശ്യത്തിന് ജലപാനം ആയിക്കൂടെ .
വെള്ളം കുടിക്കല്‍ , മൂത്രം മൊഴിക്കല്‍ എന്നിവ പിടിച്ചുനിര്‍ത്തുന്നതില്‍ പ്രമുഖരാണല്ലോ നമ്മള്‍ .
അതൊക്കെ അവസരത്തിനൊത്ത് എന്നതാണല്ലോ പ്രമാണം .
ഈയ്യിടെ ഒരു നവ ദമ്പതികള്‍ ഒരു അനുഭവം പറഞ്ഞു,
കല്യാണം കഴിഞ്ഞ് ചെന്നിടത്തൊക്കെ .........
ഇങ്ങനെയൊരു പറച്ചില്‍
“ ആദ്യമായി വരുന്നതല്ലേ , എന്തെങ്കിലും കഴിക്കണം “
ആദ്യം ആതിഥേയരുടെ കടുമ്പിടുത്തം നവ ദമ്പതികള്‍ക്കിഷ്ടമായി.
പിന്നെ ......
വീടുകളില്‍ പോകുന്നതിന് രണ്ടു ദിവമാണ് ടൈംടേബിളില്‍ വെച്ചിരിക്കുന്നത് ..
അതിനാല്‍ ..
നാലാ മത്തേയും അഞ്ചാമത്തേയും വീടായപ്പോള്‍ പ്രശ്ന മായി .
ഒരു ഗ്ലാസ് വെള്ള മെങ്കിലുംകുടിച്ചു പോ എന്നായി ..
എല്ലായിടത്തും നിര്‍ഭാഗ്യത്തിന് ഈ കളറുവെള്ളവും
ഒരു രക്ഷയുമില്ല , കുരുത്തക്കേടു വാങ്ങണ്ട എന്നു വിചാരിച്ച് കുടി തുടങ്ങി.
പുതിയൊരു ജീവിതം തുടങ്ങുന്നതല്ലേ .
അതിന്റെ ഫലം മണിക്കൂറുകള്‍ക്കകം ലക്ഷണം കാണിച്ചും
-മൂത്രമൊഴിക്കണം .
വരനോ നാണക്കാരന്‍ , വധുവോ അതിലും ഇരട്ടിയുള്ളവള്‍ .
ടൂവീലറുലുള്ള യാത്രയില്‍, വരന്‍ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് കാര്യം സാധിച്ചു
എങ്കിലും വധു ..
ഈ നാണ പ്രശ്നം , അവസാനം പിടിച്ചു നില്‍ക്കാന്‍ പറ്റില്ലെന്നായപ്പോള്‍
അടുത്ത വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞ് ബാത്ത് റൂമില്‍ പോയി .
വീട്ടില്‍ വരുന്നവരോട് ഭക്ഷണം കഴിക്കാന്‍ നമുക്ക് പറയാം
പാനീയം കുടിക്കാന്‍ നമുക്ക് പറയാം
പക്ഷെ , ടോയ്‌ലെറ്റില്‍ പോകുന്നുണ്ടോ എന്ന് എങ്ങനെ പറയും ( ഏതാണ്ടൊരു രാജ്യത്ത് അതിഥിയെ സല്‍ക്കരിക്കുന്നത് കുളിക്കാനുള്ള സൌകര്യം നല്‍കിയാണ് എന്ന് സുപ്രസിദ്ധ സഞ്ചാര സാഹിത്യകാരനായ പൊറ്റേക്കാട്ടിന്റെ യാത്രാവിവരണത്തില്‍ വായിച്ചതോര്‍മ്മവരുന്നു. തണുപ്പുള്ള രാജ്യമാണെന്നാണന്റെ ഓര്‍മ്മ .- ഫിന്‍‌ലാഡ് ആണൊ എന്നൊരു സംശയവും ഉണ്ട് . അവര്‍ ചൂടുവെള്ള സ്നാനം നല്‍കുന്നതു വഴി അതിഥിയെ തൃപ്തിപ്പെടുത്തുന്നു. ഇതു വായിക്കുന്ന ഏതെങ്കിലും വിദേശമലയാളികള്‍ അത്തരം രീതികള്‍ അവരുടെ നാട്ടില്‍ ഇപ്പോഴും ഉണ്ടെങ്കില്‍ അത് സൂചിപ്പിച്ചാല്‍ നന്നായിരിക്കും)
നമുക്ക് വിഷയത്തിലേക്കു തിരിച്ചുവരാം .
അതായത് ഇവിടെ ഇത്രയൊക്കെ വിവരണം നല്‍കിയതിന്റെ ഉദ്ദേശം വെള്ളം മാത്രം കുടിച്ചാല്‍ പോര ; മുത്രവും ഒഴിക്കണം എന്ന് വ്യക്തമാക്കാനാണ് )
അല്ലെങ്കില്‍ , അതിന്റെ ദൈന്യത മുഖത്ത് പ്രകടമാകും .
ആ ദൈന്യതയില്‍ സൌന്ദര്യം ഇല്ലാതാകും.
ഇത്തരത്തില്‍ ശരീരത്തിനാവശ്യമായ വെള്ളം കുടിച്ചാല്‍ മെച്ചം വേറെയുമുണ്ട് .
പിറ്റേന്നത്തെ ‘ മോഷന്‍ “ ( ടോയ് ലറ്റില്‍ പോക്ക് ) ആയാസ രഹിതമാകും .
അത് അതികാലത്തെ തന്നെ സംഭവിക്കും .
മുക്കുകയൊ ഞെരങ്ങുകയോ , അല്ലെങ്കില്‍ സിഗരറ്റ് - ചുടുകാപ്പി എന്നിവയെ ആശ്രയിക്കുകയോ വേണ്ട.
ഇതൊക്കെ പറയുമ്പോള്‍ ഞാന്‍ എന്തു വൃത്തികേടാണ് പറയുന്നത് എന്ന് നിങ്ങള്‍ക്കു തോന്നാം ,
പക്ഷെ , കാര്യങ്ങള്‍ അങ്ങനെയാണ് .
മനുഷ്യശരീരത്തിനകത്തേക്കു ആഹാരാദികള്‍ പ്രവേശിപ്പിക്കുന്നതില്‍ മാത്രം നാം സന്തോഷം കണ്ടെത്തിയാല്‍ പോരെ
അവശിഷ്ടങ്ങള്‍ യഥാ വിധി പുറത്തു പോകുന്നുണ്ടോ എന്ന കാര്യവും നാം അന്വേഷിക്കണം .
അത് നമ്മുടെ കടമയാണ് .
കുഞ്ഞിനെ കാണിക്കാന്‍ അമ്മ ഡോക്ടറുടെ അടുത്തു കൊണ്ടു വന്നു .
കുഞ്ഞ് കരയുകയാണ് .
ഡോകടര്‍ കുറേ ചോദ്യങ്ങള്‍ ചോദിച്ചു.
ഇതൊക്കെ എന്നോട് എന്തിനാ ചോദിക്കുന്നേ എന്ന മട്ടില്‍ അമ്മ നില്‍ക്കുന്നു.
മരുന്നങ്ങ് എഴുതിതന്നാ‍ല്‍ പോരെ
അവസാനം ഡോകടര്‍ അമ്മയൊട് ചോദിച്ചു
നിങ്ങളുടെ ടോയിലറ്റില്‍ പോക്ക് എങ്ങനെയാ ?
ഡോക്ടര്‍ എനിക്കല്ല രോഗം , മോനാ -- എന്ന അമ്മ
അതു തന്ന്യാ ചോദിച്ചേ എന്നായി ഡോക്ടര്‍
അപ്പോള്‍ അതു വരെ മിണ്ടാതെനിന്നിരുന്ന കുഞ്ഞിന്റെ അമ്മയുടെ അമ്മ മറുപടി പറഞ്ഞു.
അങ്ങനെയൊന്നുമില്ല , ആഴ്ചയില്‍ രണ്ടോ മൂന്നോ .
മുലപ്പാലെങ്ങനെ
എന്നുവെച്ചാല്‍ ..
കുഞ്ഞിന് കൊടുക്കാന്‍ തികയുന്നുണ്ടോ എന്ന്
അല്പം നാണം വരുത്തി , അത് മറക്കാന്‍ ശ്രമിച്ചുകൊണ്ട് അമ്മ നിന്നപ്പോള്‍
മുത്തശ്ശി വീണ്ടും സഹായത്തിനെത്തി ...
അതിന് മുലപ്പാലേ ഇല്ല സാറേ
തുടന്ന് ഡോക്ക്റ്റര്‍ വിശദമായി ചോദ്യം ചെയ്യുകയും അമ്മക്ക് ചികിത്സ നിര്‍ദ്ദേശിക്കുകയും ചെയ്തു
ആവശ്യത്തിന് വെള്ളം കുടിക്കുക
മുലപ്പാല്‍ തനിയെ വന്നുകൊള്ളും
അങ്ങനെയായാല്‍ പിന്നെ മറ്റൊന്നും ഈ ഇളം പ്രായത്തില്‍ കൊടുക്കേണ്ട .
വെള്ളം കുടിക്കാതെ വന്നാല്‍ മുലപ്പാലിലെ വെള്ളത്തിന്റെ അളവ് കുറയുകയും അതുവഴി കുഞ്ഞിനു ലഭിക്കുന്ന പാലിന് കട്ടികൂടുകയും തന്മൂലം കുഞ്ഞിന് ദഹനക്കേട് പിടിക്കാനുള്ള സാദ്ധ്യുതയും അദ്ദേഹം പറഞു മനസ്സിലാക്കി .
ഞാന്‍ പറഞ്ഞു വന്നത് ടോയ് ലറ്റില്‍ പോക്കിനെക്കുറിച്ചാണ്
പ്രസിദ്ധ ജര്‍മ്മന്‍ പ്രകൃതിചികിത്സകനായ ‘.ലൂയി കൂനി ‘ തന്റെ ഒരു അനുഭവം വിവരിച്ചീട്ടുണ്ട് .
അദ്ദേഹത്തെ കാണുവാന്‍ ഏകദേശം 70 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ വന്നു.
ശ്വാസമുട്ടി വലിക്കുന്നുണ്ട് ആ അമ്മാമ .
എന്തു ചെയ്യും എല്ലാ ചികിത്സയും പയറ്റിനൊക്കി
രോഗം മാ‍റിയില്ല.
അവസാനം ഇങ്ങനെ ഒരു സ്ഥലമുണ്ട് എന്ന് കേട്ട് വന്നതാ‍ണ് .
ലൂയികൂനി അവരോട് ആദ്യം ചോദിച്ചത് ഈ ‘ ടോയ് ലറ്റില്‍ പോക്കിനെക്കുറിച്ചാണ് .
അവര്‍ ആദ്യം ഒന്നും പറഞ്ഞില്ല , പിന്നെ സത്യം പറഞ്ഞു.
പിന്നീട് കൂനി മടിച്ചുനിന്നില്ല.
അവര്‍ക്ക് ഒരു എനിമ കൊടൂത്തു.
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവരുടെ മുഖത്ത് പുഞ്ചിരിവിടര്‍ന്നത്രെ!!.
ശ്വാസം മുട്ടിന്റെ കാഠിന്യവും കുറഞ്ഞത്രെ.!!
( ലൂയി കൂനി ജനിച്ചത് ജര്‍മ്മനിയിലാനെങ്കിലും അവിടെ അദ്ദേഹത്തിന് വലിയ പേരൊന്നും ഇല്ല എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത് .. കേരളത്തില്‍ 1900 ത്തിനടുത്ത് കൂനി ചികിത്സ എന്നപേരില്‍ ഈ ചികിത്സാരീതി പ്രചാരത്തില്‍ നേടിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട് . എങ്കിലും കൂനിയെക്കുറിച്ച് എന്തെങ്കിലും കൂടുതല്‍ അറിയാന്‍ കഴിയുന്ന - ഇപ്പോള്‍ ജര്‍മ്മനിയില്‍ താമസിക്കുന്നവരുണെങ്കില്‍ വ്യക്തമാക്കാനപേക്ഷ) .
അതിനാല്‍ ഈ ടോയ്‌ലറ്റില്‍ പോക്ക് ശരിയായാല്‍ തന്നെ മുഖത്ത് നല്ല ഭാവം വരും .
ഇത്തരത്തില്‍ ശരിയാ‍യ രീതിയില്‍ ടോയ്‌ലറ്റില്‍ പോകുന്നതിന് ‘ ജല’ ത്തിന് മുഖ്യസ്ഥാനമുണ്ടെന്നു മനസ്സിലായല്ലോ.
ഈ വിഷയത്തെക്കുറിച്ച് നിത്യചൈതന്യ യതിയും പറഞ്ഞിട്ടുണ്ട് .
അമ്മമാര്‍ കുഞ്ഞുങ്ങളില്‍ ശീലങ്ങള്‍ ഉണ്ടാക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് .
അതില്‍ ഒരു പ്രധാന ശീലമാണ് വെള്ളം , ഭക്ഷണം എന്നിവ കഴിക്കുന്നതിനെ സംബന്ധിച്ചുള്ളത് .
അതുപോലെ അതിലും വലിയ ഒരു ശീലമാണ് “ടോയ്‌ലറ്റ് ശീലങ്ങള്‍ “!!
ഇപ്പോഴത്തെ ഉദ്യാഗസ്ഥകളായ വീട്ടമ്മമാര്‍ക്ക് മുകളിപ്പറഞ്ഞ ശീലങ്ങളില്‍- കുട്ടികളില്‍- എത്രമാത്രം സ്വാധീനമുണ്ടെന്ന് പറയാന്‍ പ്രയാസമാണ്.
അവരെ കുറ്റം പറഞ്ഞീട്ടുകാര്യമില്ല
അതാണ് ഇപ്പോഴത്തെ സാഹചര്യം.
മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നതില്‍ മറ്റൊരു ഘടകമാണ് മുഖത്തെ ഭാവങ്ങള്‍
മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ .
അതുകൊണ്ടുതന്നെ മനസ്സില്‍ നടക്കുന്ന കാര്യങ്ങള്‍ അഥവാ ഉണ്ടാകുന്ന വികാരങ്ങള്‍ ക്കനുസരിച്ച് മുഖത്തെ മാംസ പേശികളും രൂപമെടുകുമല്ലോ . മാംസപേശി എന്നു പറഞ്ഞത് അത് ഉളവാക്കുന്ന ഭാവത്തെ മാത്രം സൂചിപ്പിച്ചാല്‍ മതി.
ഈയ്യിടെ ഒരു സുഹൃത്ത് ഒരു കാര്യം പറഞ്ഞു.
അദ്ദേഹത്തിന്റെ ഏത് ഫോട്ടോയിലും അദ്ദേഹം സുന്ദരനല്ലത്രെ .
എന്താ ഇത്
ഒന്നു മാറ്റിയെടുക്കാന്‍ എന്താ ഒരു മാര്‍ഗ്ഗം
സുഹൃത്ത് സ്റ്റുഡിയൊയില്‍ പോയി .
വക്കീലിനോടും ഡോക്ടറോടും സത്യം പറയണമെന്നതുപോലെ ഫോട്ടോഗ്രാഫറോടും സത്യം പറഞ്ഞു.
ആ നിഷ്ക്കളങ്കതയില്‍ ഫോട്ടൊഗ്രാഫര്‍ വീണു
സഹായിക്കാമെന്നേറ്റു
വിഷയം പഠിച്ചു.
പ്രശനം ഫൊട്ടൊയുടെ ഏങ്കിളൊന്നുമല്ല.; ഫൊട്ടോഷോപ്പും വേണ്ട !
മുഖത്തെ ഭാവമാണ് .
പുഞ്ചിരിക്കാന്‍ അറിയില്ല .
ഒന്നു നല്ലവണ്ണം പുഞ്ചിരിക്കാന്‍ അറിയാത്തവര്‍ നമ്മുടെ ഇടയില്‍ എത്ര പേരാണെന്നോ ?
അപ്പോള്‍ ആദ്യം ഫോട്ടോഗ്രാഫര്‍ പ്രസ്തുത വ്യക്തിയെ ഒന്നു പുഞ്ചിരിപ്പിക്കാന്‍ പരിശീലിപ്പിക്കുകയാണ് ചെയ്തത് .
സ്റ്റുഡിയോവില്‍ വെച്ച് പല തവണ കാണിച്ചു കൊടുത്തെങ്കിലും ശരിയായില്ല .
അവസാനം പുഞ്ചിരിക്കാനായി ഹോം വര്‍ക്ക് കൊടുത്തു.
വീട്ടില്‍ പോയി കണ്ണാടിയുടെ മുന്നില്‍‌വെച്ച് പുഞ്ചിരിച്ച് പരിശീലനം നടത്തി.
കാലത്തും വൈകീട്ടും അത് നല്ലവണ്ണം നടത്തി.
അങ്ങനെ ഒരാഴ്ച ആ പരിശീലനം നടന്നു .
അങ്ങനെ അയാള്‍ ഭംഗിയായി പുഞ്ചിരിക്കാന്‍ പഠിച്ചു.
അതോടെ ഫോട്ടൊയും നാന്നായി എന്നു പറയേണ്ടതില്ലല്ലോ .
മുമ്പ് പുഞ്ചിരിക്കാന്‍ പറഞ്ഞപ്പോള്‍ കണ്ണുതുറിപ്പിച്ച് ചുണ്ടുകള്‍ വക്രിപ്പിച്ച രീതിയിലായിരുന്നു
ഇപ്പോള്‍ അത് മാറി . മുഖത്ത് ആ സുന്ദര ഭാവം വന്നു.
ഇക്കാര്യം രജനീഷ് തന്റെ പുസ്തകങ്ങളില്‍ പറയുന്നുണ്ട് .
( രജനീഷിന്റെ ആശ്രമങ്ങള്‍ - അമേരിക്കയിലുള്ളവ - ആരാണാവോ നടത്തുന്നത് - അവിടത്തുകാര്‍ ഒന്നു വ്യക്തമാക്കാനപേക്ഷ) പുഞ്ചിരിക്കാനറിയാത്തവരെ ക്കുറിച്ച് ...
സൌമ്യമായ വാക്കുകളുപയൊഗിക്കാന്‍ അറിയാത്തവരെക്കുറിച്ച്
നല്ലതുകണ്ടാല്‍ നല്ലതെന്നും അതിനെ അഭിനന്ദിക്കുവാനും പറ്റാത്തവരെക്കുറിച്ച് ..
അത് എന്തുകൊണ്ടാണ് നല്ലതായത് എന്നു മനസ്സിലാക്കാനും അത് വ്യക്തമാക്കാനും കഴിയാത്തവരെകുറിച്ച്
.. എന്തിനും ഏതിനും വിപരീതാര്‍ത്ഥം കാണുന്നവരെ ക്കുറിച്ച് ..
എന്തിലും മോശത്തരം കാണുന്നവരെക്കുറിച്ച്
എന്തിനും മോശമായി പ്രതികരിക്കുന്നവരെക്കുറിച്ച് ..
നാം സാധാരണ ഇങ്ങനെയുള്ളവരെ നെഗറ്റീവിസത്തിന് അടിമയായവര്‍ എന്നല്ലേ പറയുക
ഞാനിതൊക്കെ എഴുതി എന്നു വെച്ച് വെറുതെയങ് വായിച്ചു പോകല്ലേ
നിങ്ങള്‍ക്കും നിങ്ങളുടെ മുഖഭാവം ചെക്ക് ചെയ്തുകൂടെ
അതെ , ഞാന്‍ ആത്മാര്‍ത്ഥമായി പറയുകയാണ് .
നിങ്ങള്‍ക്ക് ഒരു ആത്മാര്‍ഥ സുഹൃത്തുണ്ടോ ..
രണ്ടോ ,മൂന്നോ പേര്‍...
ഇല്ലെങ്കില്‍ ഒരു നിവൃത്തിയില്ല
പകരത്തിന് കുടുംബാംഗങ്ങളെ എടുത്താല്‍ മതി.
സാധാരണ അവസ്ഥയില്‍ നിങ്ങളുടെ മുഖഭാവത്തെ നിരീക്ഷിക്കാന്‍ പറഞ്ഞാല്‍ മതീ.
അവര്‍ ഉത്തരം തരും
അനുകൂലമല്ലെങ്കില്‍ പരിശീലിക്കതന്നെ .
ഇത്രയുമൊക്കെ പരിശീലിച്ചുകഴി ഞാല്‍ നിങ്ങളുടെ മുഖം സുന്ദരമാകും
എന്നാല്‍ , ഇപ്പോള്‍ ഞാന്‍ വേറൊരു കാര്യം പറയട്ടെ .
ഈ സൌന്ദര്യം മറ്റുള്ള വരുടെ മനസ്സില്‍ എന്നും നിലനില്‍ക്കണമെന്നില്ല കേട്ടോ
അങ്ങേനെ നിത്യഹരിതമായി നില്‍ക്കണമെങ്കില്‍
നല്ല പെരുമാറ്റം വേണം .
( ഈ നല്ല പെരുമാറ്റം കുടുംബത്തില്‍നിന്നാണ് തുടങ്ങേണ്ടത് എന്നത് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ).
നല്ല പെരുമാറ്റത്തില്‍ നല്ല വാക്കുകള്‍ ഉപയോഗിക്കേണ്ടതാണ് .
അതും നല്ല ടോണില്‍ , നല്ല ശൈലിയില്‍ ഉപയോഗിക്കണം .
അറിയില്ലെങ്കില്‍ പരിശീലിക്കണം.
നിങ്ങളോട് ഒരാള്‍ അഞ്ചു പ്രാവശ്യം മോശമായിപെരുമാറി എന്നു വിചാരിക്കുക .
ആറാമത്തെ പ്രാവശ്യം നിങ്ങള്‍ക്ക് അയാളെക്കാണുമ്പോഴുള്ള മനോവികാരം എങ്ങേനെയായിരിക്കും ?
അപ്പോഴത്തെ നിങ്ങളുടെ മുഖഭാവം എങ്ങനെയായിരിക്കും ?
അതു കൊണ്ടുതന്നെ ഈ വസ്തുത നിങ്ങള്‍ മനസ്സിലാക്കിയിരിക്കുക.
നിങ്ങള്‍ കുടുംബത്തില്‍ മോശമായി പെരുമാറാറുണ്ടോ ?
അഥവാ , നിങ്ങള്‍ കുടുംബാംഗങ്ങളുമായി പിണങ്ങാറുണ്ടൊ ?
ഉണ്ടെങ്കില്‍ ....
അത് എത്ര സമയം ആ പിണക്കം നീണ്ടു നില്‍ക്കും?
ദിവസങ്ങള്‍ എടുക്കുമോ ?
എങ്കില്‍ കഷ്ടം തന്നെ
പോയി നിങ്ങളുടെ കാര്യം .
അല്പ സമയം മാത്രം അഥവാ സെക്കന്‍ഡുകള്‍
ഒ .കെ , കുഴപ്പമില്ല .
ഒരു പിണക്കത്തിന്റെ ( വഴക്ക് ) കാര്യം ഇണങ്ങിക്കഴിഞ്ഞാലും വീണ്ടും വീണ്ടും അക്കാര്യത്തെക്കുറിച്ച് പറഞ്ഞ് കുത്തുന്ന ആളാണോ നിങ്ങള്‍
പോയി തുലയുക നിങ്ങള്‍
ഇത്രയും മോശമായ ആള്‍ വേറെ ഇല്ല .
കുടുംബാഗത്തിന് എന്തെങ്കിലും തെറ്റുപടിയാല്‍ അഥവാ‍ അബദ്ധം സംഭവിച്ചാല്‍ .......
നിങ്ങള്‍ എന്തുചെയ്യും ?
കുറ്റപ്പെടൂത്തുമോ , അവിടെനിന്നോടിപ്പോകുമോ? , കൂട്ടുകാരോടു പറയുമൊ
നിങ്ങള്‍ക്ക് രക്ഷയില്ല
അതല്ല , പ്രസ്തുത അംഗത്തെ ആശ്വസിപ്പിച്ച് അതില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുവാന്‍ സഹായിക്കുമോ
നിങ്ങള്‍ക്കുള്ളതാണ് ഈ ലോകം
നോക്കൂ അമേരിക്കയെ
നോക്കൂ ഹിലാരി ക്ലിന്റണെ
അവര്‍ അനുഭവിച്ച വേദനകള്‍ ഒന്നോര്‍ത്തുനൊക്കൂ
ഇത്രയും ദുഃഖം അനുഭവിച്ച സ്ത്രീയുടെ കഥ വിരളമല്ലേ
അവര്‍ അതില്‍ നിന്നും ഉണര്‍ത്തെഴുന്നേറ്റില്ലേ .
അതുകൊണ്ടുതന്നെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിലല്ല, അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് പ്രാധാന്യം അടങ്ങിയിരിക്കുന്നത് .
അതിലാണ് മനസ്സമാധാനം അടങ്ങിയിരിക്കുന്നത് .
ആ മനസ്സമാധാനത്തിലാണ് മുഖസൌന്ദര്യം സുസ്ഥിരമാകുന്നത് .!!

22. ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുന്നതെങ്ങനെ ?



ശാസ്ത്ര പുരോഗതി അനിയന്ത്രിതമായി വളരുന്ന കാഴ്ചയാണ് നാമിന്നുകാണുന്നത് .ഈ വളര്‍ച്ച മനുഷ്യരുടെ സുഖത്തെ ലക്ഷ്യമാക്കിയാണുതാനും.! അനിയന്ത്രിതമായ സുഖങ്ങള്‍ക്കുപുറകെ മനുഷ്യന്‍ നിയന്ത്രണംവിട്ട് ഓടുന്നു.എന്നീട്ടും തൃപ്തി വരുന്നില്ല. വീണ്ടും വീണ്ടും കിട്ടണം! അനിയന്ത്രിതമായ ആര്‍ത്തിയുടെ വേലിയേറ്റം , മത്സരങ്ങളാല്‍ ബന്ധിയ്ക്കപ്പെട്ട മനുഷ്യബന്ധങ്ങള്‍ .......ഇവയൊക്കെ സമകാലീനലോകത്തില്‍ നാമിന്നു കാണുന്ന കാഴ്ചകളാണ്. ഇത്തരമൊരവസ്ഥയില്‍പ്പെടുന്ന മനുഷ്യജീവിയ്ക്ക് എങ്ങനെ സ്വസ്ഥത ലഭിയ്ക്കും ? എന്നിരുന്നാലും സ്വസ്ഥത ലഭിയ്ക്കുന്ന മനുഷ്യരില്ലേ . ‘ഉണ്ട് ‘ എന്ന് ഉറപ്പിച്ചുപറയാം. ഇതെങ്ങനെ അവര്‍ക്കുമാത്രം സാധ്യമാകുന്നു?


ഭഗവാന്‍ ശ്രീ ബുദ്ധന്‍ പറഞ്ഞു,” ‘ആശ‘യാണ് എല്ലാ ദുഃഖത്തിനും ഹേതു. അതുകൊണ്ട് ആശയെ ഉപേക്ഷിച്ചാല്‍ ദുഃഖത്തില്‍നിന്ന് മോചനം ലഭിയ്ക്കും “ 


പക്ഷെ, ഒരു വ്യക്തിയ്ക്ക് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ഒരു തീരുമാനമെടുത്ത് നടപ്പില്‍ വരുത്തുവാന്‍ കഴിയുമോ ?
ഇല്ല, തന്നെ . ആശയെ അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിയ്ക്കുവാനുള്ള മാനസീകാവസ്ഥ പടിപടിയായേ മനുഷ്യന് സാധ്യമാകൂ. (പ്രത്യേകിച്ച് ഇന്നത്തെ ഉപഭോഗസംസ്കാരത്തിന്റെ ലക്ഷ്യം തന്നെ മനുഷ്യനില്‍ ആഗ്രഹങ്ങളെ വളര്‍ത്തി വലുതാക്കുക എന്നതാണല്ലോ) ഇത് സാധ്യമാകുന്നതിനുള്ള ആദ്യപടിയാണ് ഇന്ദ്രിയ നിയന്ത്രണം.


ഒരു വ്യക്തി ഇന്ദ്രിയനിയന്ത്രണാഭ്യാസം തുടങ്ങുമ്പോള്‍ കഠിനമായ പ്രയാസം അനുഭവപ്പെടും . അതിനാല്‍ത്തന്നെ ഇന്ദ്രിയനിയന്ത്രണം എന്ന പദത്തിനു പകരം നമുക്ക് ഉപയോഗിയ്ക്കാവുന്നത് ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുക എന്നതാണ് .


എന്തില്‍നിന്നാണ് നാം ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കേണ്ടത് ?

തെറ്റായ ഇന്ദ്രിയ ശീലങ്ങളില്‍നിന്നുതന്നെ. പല തെറ്റായ ഇന്ദ്രിയ ശീലങ്ങളും ഉടലെടുക്കുന്നത് തെറ്റായ സാഹചര്യങ്ങളില്‍നിന്നാണ്. തെറ്റായ സാഹചര്യങ്ങളില്‍ മുഖ്യമായത് തെറ്റായ വ്യക്തി ബന്ധങ്ങളാണ്.!!!


ആഹാരകാര്യങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി വെജിറ്റേറിയനായതുകൊണ്ടോ ,വ്രതങ്ങളെടുത്തതുകൊണ്ടോ , പ്രാര്‍ത്ഥന ചൊല്ലിയതുകൊണ്ടോ ഇന്ദ്രിയങ്ങളെ പരിപൂര്‍ണ്ണമായി സ്വതന്ത്രമാക്കുവാന്‍ പറ്റുകയില്ല. ശ്രവണേന്ദ്രിയം ,ദര്‍ശനേന്ദ്രിയം ഇവകളെക്കൂടി നാം സ്വതന്ത്രമാക്കേണ്ടതുണ്ട്. ആവശ്യത്തിനുള്ളത് മാത്രം നാം കാണുകയും കേള്‍ക്കുകയും ചെയ്യുക. അത് ശുദ്ധമായത് ആവുക. ഇത്രയും ആയാല്‍ മനസ്സ് ശുദ്ധമാകുന്നു. അപ്പോള്‍ മനസ്സില്‍നിന്നുയരുന്ന ചിന്തകള്‍ നൈര്‍മ്മല്യമുള്ളതായിരിയ്ക്കും. അങ്ങനെയുള്ള വ്യക്തിയുടെ സംഭാഷണവും പെരുമാറ്റവും പ്രവര്‍ത്തനവും ഏവര്‍ക്കും ഹൃദ്യമായിരിയ്ക്കും. അതുവഴി ലഭിയ്ക്കുന്ന കര്‍മ്മഫലവും മഹത്തരമായിരിയ്ക്കും. ഇത്തരമൊരുരീതിയാണ് വ്യക്തിയെ ഉന്നതിയിലേയ്ക്കു നയിക്കുക. അതുവഴി നിത്യസന്തോഷം വ്യക്തിയ്ക്ക് കരഗതമാവുകയും ചെയ്യുന്നു.

21. ബൈക്ക് യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ?

കണ്ണൂള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന പഴമൊഴി അക്ഷരാര്‍ത്ഥത്തില്‍ ചിന്തിയ്ക്കേണ്ട സമയമാണിപ്പോള്‍ !

ദര്‍ശനേന്ദ്രിയത്തിന്റെ  അഭാവത്തിലുള്ള സങ്കീര്‍ണ്ണതകളെക്കുറിച്ച് നമുക്ക് സങ്കല്പിയ്ക്കുവാന്‍പോലും വയ്യ !  കാര്യങ്ങള്‍

ഇങ്ങനെയൊക്കെയാണെങ്കിലും നാം കണ്ണിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ  പതിപ്പിയ്ക്കുന്നുണ്ടോ ?  ഉത്തരമായി

“ഉണ്ട് “ എന്ന മറുലടി ചില അംഗനമാരില്‍നിന്നുവന്നേക്കാം. കണ്ണൂകളെ ആകര്‍ഷകമാക്കാന്‍ ഇന്ന് കമ്പോളത്തില്‍

നിലവിലുള്ള എത്രയിനം ചായങ്ങളും കുഴമ്പുകളുമാണ് അവര്‍ ഉപയോഗ്ഗിയ്ക്കുന്നത് !  എന്നാല്‍ അത്തരത്തിലൊരു

സംരക്ഷണമല്ല ഇവിടെ ഉദ്ദേശിയ്ക്കുന്നത് .( ഈ കുഴമ്പുകളും ചായങ്ങളും കണ്ണുകള്‍ക്ക് കുഴപ്പം മാത്രമേ

വരുത്തിവെയ്ക്കുകയുള്ളൂ )


ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ പൊടിയും മറ്റു വാതകങ്ങളും കലര്‍ന്ന വായു

നേരിട്ട് നമ്മുടെ കണ്ണൂകളില്‍ ആ‍ഞ്ഞുപതിയ്ക്കുന്നു.അങ്ങനെ അവ കണ്ണില്‍ പറ്റിപ്പിടിയ്ക്കുന്നു. ഇതിന്റെ അളവ് ഒരു

പരിധിവിട്ടാല്‍ അത് കണ്ണുകളില്‍ കാര്യമായ തകരാറ് സംഭവിപ്പിയ്ക്കാന്‍ ഇടയാക്കും. ബസ്സ് യാത്ര ചെയ്യുമ്പോള്‍

സൈഡിലിരിയ്ക്കുന്ന യാത്രക്കാരുടെ കണ്ണൂകളില്‍ ഇത്തരം പൊടിപടലങ്ങള്‍ ധാരാളം വന്നുപതിയ്ക്കാറുണ്ട്.


നേത്രഗോളങ്ങള്‍ സ്വാഭാവികമായി ഈര്‍പ്പം നിലനിര്‍ത്തുന്നതിനാല്‍ പൊടിപടലങ്ങള്‍ തട്ടിയാല്‍ അവയില്‍

ഒട്ടിപ്പിടിച്ചിരിയ്ക്കാനുള്ള സാദ്ധ്യത കൂടുതലാണ്.പൊടിപടലത്തിന്റെ വലുപ്പം  ഒരു പരിധിവിട്ട് കൂടിയാല്‍ മാത്രമാണ്

കണ്ണുനീര്‍ ഗ്രന്ഥിയില്‍നിന്ന് കണ്ണൂനീര്‍ പ്രവഹിച്ച് ആ സ്രവത്തിലൂടെ അന്യപദാര്‍ത്ഥത്തെ പുറത്തേയ്ക്കുകളയുകയും

ചെയ്യുക. പക്ഷെ, സൂക്ഷ്മമായ (Micro ) പൊടിപടലങ്ങളുടെ കാര്യത്തില്‍  ഇത്തരത്തിലുള്ള സാദ്ധ്യത വിരളമാണ്.

അതിനാല്‍ ഇവ നേത്രഗോളത്തിന്റെ ചലനത്തിനനുസരിച്ച് തെന്നിമാറുകയും  കണ്‍പോളകള്‍ക്കിടയില്‍

വന്നടയുകയും ചെയ്യുന്നു. പിറ്റേ ദിവസത്തിനകം ഉണ്ടാകുന്ന കണ്‍‌പീളയിലൂടെ ഇവ കുറേയോക്കെ

പുറത്തുപോകുകയും ചെയ്യുന്നു. പക്ഷെ , ഇത്തരം പ്രവര്‍ത്തനം സ്ഥിരമായി തുടര്‍ന്നുകൊണ്ടിരുന്നാല്‍ അത് കണ്ണില്‍

അണുബാധയ്ക്ക് കാരണമാകുന്നു. കണ്ണുകളില്‍ പതിയ്ക്കുന്ന പൊടികളില്‍ ചിലത് കരിയുടെ (Carbon )

അംശവുമുണ്ടാകാം. ഇത് മറ്റ് പല പാര്‍ശ്വ ഫലങ്ങള്‍ക്കും കാരണമാകാറുണ്ട് .


ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി യാത്ര ചെയ്യുമ്പോള്‍ ‘കണ്ണട‘  ധരിയ്ക്കുന്നത്

നന്നയിരിയ്ക്കും.ഇക്കാര്യത്തിനുവേണ്ടി കണ്ണട ധരിയ്ക്കുമ്പോള്‍ ഷെയ്‌ഡ് ഉള്ളവ ( കൂളിംഗ് ഗ്ലാസ് എന്ന പേരില്‍

അറിയപ്പെടുന്നവ )  ധരിയ്ക്കാതിരിയ്ക്കുകയാണ് ഉചിതം . എന്തെന്നാല്‍ അവ കൃഷണമണിയുടെ സങ്കോച വികാ‍സ

പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു.അതിനാല്‍ പവര്‍ ഇല്ലാത്ത-- പ്ലെയിന്‍ ഗ്ലാസ് - കണ്ണടകള്‍ യാത്ര ചെയ്യുമ്പോള്‍

ഉപയോഗിയ്ക്കുന്നത് നന്നയിരിയ്ക്കും. ഇത് കണ്ണൂകളെ പൊടിപടലങ്ങളില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിയ്ക്കുന്നു.

യാത്രയ്ക്കു ശേഷം കണ്ണൂം മുഖവും തണുത്ത ജലത്തില്‍ കഴുകുന്നത് ഏറെ ഗുണത്തെ പ്രധാനം ചെയ്യുന്നു.

20. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടവകാശം വേണം !!! (ആക്ഷേപഹാസ്യം )



സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു വോട്ടവകാശമുണ്ടെങ്കില്‍; ഈ ആവശ്യം പ്രകടനപത്രികയില്‍ വെയ്ക്കുന്ന പാര്‍ട്ടി അധികാരത്തില്‍ വരുമെന്നുറപ്പാണ്. വോട്ടവകാശം വിദ്യാര്‍ത്ഥികള്‍ക്കില്ല എന്നുപറയുന്നതിന്റെ കാരണം അവര്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല എന്നാണത്രെ.പ്രായപൂര്‍ത്തിയായാല്‍ മാത്രമേ ശരിയായ തീരുമാനമെടുക്കാന്‍ കഴിയുള്ളുവെത്രെ.പ്രായപൂര്‍ത്തിയേയും വോട്ടവകാശത്തേയും തമ്മില്‍ ആരാണാവോ ബന്ധിപ്പിച്ചത്? കണ്ണുകാണാത്ത,ചെവികേള്‍ക്കാത്ത ,എണീറ്റു നടക്കാന്‍ പറ്റാത്ത വയസ്സന്മാരെ ‘ഓപ്പണ്‍ വോട്ട് ‘ ചെയ്യിക്കുന്നുണ്ട്.ഈ സ്ക്കൂള്‍ വിദ്യാര്‍ത്ഥികളെ വെച്ചുനോക്കുമ്പോള്‍ അവര്‍ അത്രകണ്ട് ‘മികച്ച‘താണോ ? അതും പോകട്ടെ ,പ്രായപൂര്‍ത്തി ആയി എന്നപേരില്‍ എത്രയെത്ര മന്ദബുദ്ധികള്‍ വോട്ടുചെയ്യുന്നുണ്ട്.അത് ന്യായമാണോ?എങ്കിലും ഒരു ഒത്തുതീര്‍പ്പുവേണ്ടേ. മധ്യകേരളത്തില്‍ ,നാളികേരം വില്‍ക്കുന്ന രീതിതന്നെ നടപ്പിലാക്കിയാലോ? മോശമായ നാളികേരം (പേട്,വാടല്‍ തുടങ്ങിയവ ) നാലെണ്ണത്തിനോ,മൂന്നെണ്ണത്തിനോ ഒരു നല്ല നാളികേരത്തിന്റെ വില കൊടുക്കുന്ന രീതിയുണ്ട് . അതുപോലെ രണ്ട് വിദ്യാര്‍ത്ഥിവോട്ടിന് ഒരു മുഴുവന്‍ വോട്ട് (ഒരു രക്ഷിതാവ് വോട്ട് ) എന്നിങ്ങനെ വേണമെങ്കില്‍ ആകാം.പണ്ട് സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും സാമ്പത്തികശേഷിയില്ലാത്തവര്‍ക്കും വോട്ടവകാശം ഇല്ലാത്ത രാജ്യങ്ങള്‍ ഉണ്ടായിരുന്നുവെത്രെ .അതൊക്കെ ‘അന്ത ക്കാലം ‘. കാലം പുരോഗമിച്ചപ്പോള്‍ വോട്ടര്‍മാരുടെ സവിശേഷതയിലും വ്യത്യാസമുണ്ടായി .അതുപോലെത്തന്നെ ഇനിയും രാഷ്ട്രതന്ത്രശാസ്ത്രത്തില്‍ പുരോഗതിയുണ്ടാകും.അതുകൊണ്ട് ഇപ്പോഴില്ലെങ്കിലും ഭാവിയിലെങ്കിലും കുട്ടികള്‍ക്ക് വോട്ടവകാശം കിട്ടുമെന്ന് ഉറപ്പിയ്ക്കാം. സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായി വരുന്നകാലം അത്ര അകലെയല്ല തന്നെ .പണ്ട് താഴ്ന്ന ജാതിക്കാരോടാണ് അയിത്തം ഉണ്ടായിരുന്നത് .കാലം അത് മാറ്റിയെടുത്തു. പക്ഷെ ,കുട്ടികളോടുള്ള , ചില മേഖലയിലെ അയിത്തം ഇപ്പോഴും മാറിയിട്ടില്ല.“ഒരു വിദ്യാഭ്യാസ രീതി,ഒരു മീഡിയം ,ഒരു ഗ്രേഡ് കുട്ടികള്‍ക്ക് “ എന്ന വചനവും ഭാവിയില്‍ എല്ലാ സ്ക്കൂള്‍ ചുമരുകളിലും എഴുതിവെയ്ക്കും.


വാല്‍ക്കഷണം



വോട്ടവകാശത്തിന്റെ കാര്യത്തില്‍ മാത്രമല്ല ; മറ്റുചില കാര്യങ്ങളിലും പ്രായപൂര്‍ത്തി നിബന്ധന എടുത്തുകളയണമന്നാണ് ഒരു വിദ്യാര്‍ത്ഥി സുഹൃത്തിന്റെ അഭിപ്രായം .ഇതിനുവേണ്ടി അദ്ദേഹം “ഓള്‍ഡ് ഈസ് ഗോള്‍ഡ് “ എന്ന പഴംചൊല്ലാണ് മുഖവിലയ്ക്കെടുത്തത്. പണ്ടുകാലത്തുണ്ടായിരുന്ന ബാല്യവിവാഹം പുഃനസ്ഥാപിയ്ക്കണമെന്നാണ് അദ്ദേഹം ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യപ്പെട്ടത് !. തല്‍ഫലമായി അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി പിന്തുണ ഏറെ വര്‍ദ്ധിച്ചത്ര!!!
.
 

19. എന്നാണ് നാം കാട്ടിലേയ്ക്ക് പോകുന്നത് ?

നാട്ടാനകളെ ‘പ്രകൃതിയിലേക്കുവിട്ടാല്‍ അവര്‍ക്കുണ്ടാകുന്ന പല അസുഖങ്ങളും
ഇല്ലാതാകുമെത്ര ! തൃശൂരില്‍ നടന്ന ‘ഗജപരിപാലന കളരി‘യിലാണ് ഇത്തരമൊരു അഭിപ്രായം പൊന്തിവന്നത്.
പക്ഷെ , ആനകളുടെ സ്വാഭാവിക പരിസ്ഥിതി നാട്ടില്‍ ലഭ്യമാണോ ?
തീര്‍ച്ചയായും ഇല്ല.
പിന്നെ എന്തുണ്ട് മാര്‍ഗ്ഗം ?
ആനകളെ കാട്ടിലേയ്ക്കുവിടുകതന്നെ !
നാട്ടാനകളെ വര്‍ഷത്തിലൊരിയ്ക്കല്‍ കാട്ടില്‍ കൊണ്ടുപോയി താമസിപ്പിയ്ക്കുകയും കാട്ടിലേക്കുമേയുവാന്‍ വിടുകയും
ചെയ്യുക എന്നത് ഏകദേശം അരനൂറ്റാണ്ടുമുമ്പുള്ള രീതിയായിരുന്നു.അതുകൊണ്ടുതന്നെ അന്ന് പറയത്തക്ക
അസുഖങ്ങളൊന്നും ആനകള്‍ക്കില്ലയിരുന്നു. ആനകള്‍ കാട്ടിലായിരുന്നപ്പോള്‍ വൈവിധ്യമുള്ള ഭക്ഷണം കഴിക്കുന്നു.
എന്നാല്‍ നാട്ടിലേയ്ക്കുകൊണ്ടുവരുമ്പോള്‍ പനമ്പട്ടപോലെയുള്ളവ മാത്രമാണ് തിന്നുവാന്‍ ലഭിക്കുന്നത്. അതായത്
ഒരേയിനം ഭക്ഷ്യവര്‍ഗ്ഗം തന്നെ തിന്നുവാന്‍ ലഭിക്കുന്നു എന്നര്‍ഥം . ഇത് ചിലയിനം പോഷകങ്ങളുടെ അപര്യാപ്തതയ്ക്ക്
ഇടയാക്കുന്നു.
എന്നാല്‍ നമുക്ക് ചിന്തിക്കാനുള്ളത് ഇതുമാത്രമല്ല. ഗജപരിപാലനക്കളരിയില്‍നിന്ന് ലഭിച്ച ഈ ഉപദേശം
ആനകളുടെ കാര്യത്തില്‍ മാത്രം മതിയോ ? മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്കും ബാധകമാക്കുന്നത് നല്ലതല്ലേ .നായ,ആട്
,പശു..തുടങ്ങിയതിനെയൊക്കെ കാട്ടില്‍കൊണ്ടുപോയില്ലെങ്കിലും ചുരുങ്ങിയ പക്ഷം വീട്ടുവളപ്പില്‍ ദിവസത്തില്‍
കുറച്ചുനേരമെങ്കിലും അഴിച്ചുവിടുന്നത് ഗുണം ചെയ്യുകയില്ലേ . നഗരവല്‍ക്കരണത്തിന്റെ ഫലമായി അഞ്ചുസെന്റില്‍
പാര്‍ക്കുന്നവര്‍ മുന്‍ പറഞ്ഞ വളര്‍ത്തുമൃഗങ്ങള്‍ക്ക് 24 മണിക്കൂര്‍ ‘കാരാഗൃഹവാസം‘ നല്‍കുന്നതിലെ
നിവൃത്തിയില്ലായ്മ മനസ്സിലാക്കാം .എന്നാല്‍ ഏറെ വിസ്താരമേറിയ വളപ്പുള്ളവരും ഈ രീതി അനുകരിക്കുന്നു.
ഫാഷനുകളെ ആരോഗ്യപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ ആരും വിലയിരുത്താറില്ലല്ലോ !
ഗജപരിപാലനകളരിയിലെ ഈ അഭിപ്രായം ആനയിലും മറ്റു വളര്‍ത്തുമൃഗങ്ങളിലും മാത്രം
ഒതുക്കിനിര്‍ത്തുന്നതെന്തിന് ?‘ഫാസ്റ്റ് ഫുഡിന്റെ ‘ പിടിയിലകപ്പെട്ട മനുഷ്യര്‍ക്കും ഇത് ബാധകമല്ലേ
.ഇനി,ഇതുപോലെ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഏതെങ്കിലുമൊരു യോഗത്തില്‍‘ വനത്തിലേക്കു മടങ്ങാനായി‘ ( Return
to the Forest ) ആഹ്വാനമുണ്ടായാലും അത്ഭുതപ്പെടല്ലേ !

18. ചൂരിദാറോ സാരിയോ ; ഏതാണ് വേണ്ടത് ?

ജനാധിപത്യസമൂഹത്തില്‍ ‘ചര്‍ച്ചകള്‍ ‘ നല്ലതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. (കാരണം ,ഇക്കാര്യത്തിന് വലിയ ദേഹാദ്ധ്വാനമൊന്നുംവേണ്ടല്ലോ ? ) .മലയാളത്തിലെ ഒരു പ്രമുഖ പ്രസിദ്ധീകരണം തുടങ്ങിവെച്ച ചര്‍ച്ചാവിഷയമാണ് തലവാചകമായി കൊടുത്തിരിക്കുന്നത് .സാരിക്കും ,ചൂരിദാറിനും അനുകൂലവും പ്രതികൂലവുമായി ഒട്ടേറെ മഹിളകള്‍ പ്രതികരിച്ചുവെത്രെ ! അദ്ധ്യാപികമാര്‍ സ്ക്കൂളില്‍ ചൂരിദാര്‍ ധരിച്ചുവന്നാല്‍ ഉണ്ടാകുന്ന സാംസ്കാരിക വിപത്തിനെക്കുറിച്ചും ചര്‍ച്ച നടന്നു ! അതില്‍ പ്രസക്തമായവ പ്രസിദ്ധീകരിക്കുകയും ചെയ്തു . സാരീഗ്രൂപ്പുകാരും ചൂരിദാര്‍ ഗ്രൂപ്പുകാരും അവരവരുടേതായ ന്യായവാദങ്ങള്‍ നിരത്തി .
പക്ഷേ ,മാറുമറക്കാതെ മുട്ടോളമെത്തുന്ന പരുത്തിവസ്ത്രം ധരിച്ച് അദ്ധ്വാനിക്കുന്നവരായിരുന്നു ഇരുപതാംനൂറ്റാണ്ടിലെ തങ്ങളുടെ ‘ തൊട്ടടുത്ത സീനിയേഴ്‌സ് ‘ എന്ന വസ്തുത ഒരു പ്രതികരണത്തിലും പൊന്തിവന്നില്ല. ശരീരത്തിന് വായുസമ്പര്‍ക്കം ലഭിക്കാനും സൂര്യപ്രകാശമേല്‍ക്കാനും ഇതുമൂലം കഴിഞ്ഞിരുന്നു.പ്രസ്തുത ചരിത്രവസ്തുതയെ അവഗണിച്ച് ചൂരിദാര്‍ നല്‍കുന്ന ചലനസ്വാതന്ത്ര്യത്തേയും സാരി നല്‍കുന്ന അസ്വാതന്ത്ര്യത്തേയും കുറിച്ച് വിശകലനം ചെയ്യാനാ‍ണ് ചില ഫെമിനിസ്റ്റുകള്‍ ശ്രമിച്ചത് .
വസ്ത്രധാരണം ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതും നാണം മറയ്ക്കാന്‍ ഉതകുന്നവയും ആയിരിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ , വസ്ത്രധാരണം അക്രമത്തേയും അനാരോഗ്യത്തേയും ക്ഷണിച്ചുവരുത്തിയാലോ ? ‘ സമകാലിക വസ്ത്രധാരണങ്ങളില്‍ ‘ പലതും ഇത്തരത്തിലുള്ളവയാണ് .മറ്റുള്ളവരുടെ കണ്ണുകള്‍ക്ക് സുഖം നല്‍കുന്നതിനേക്കാള്‍ സ്വന്തം ശരീരത്തിന് സുഖം നല്‍കുന്ന വസ്ത്രധാരണത്തിനാണ് നാം ശ്രദ്ധവെക്കേണ്ടത് . ഇത്തരത്തില്‍ വിശകലനം ചെയ്താല്‍ ‘ സാരിവേണോ ചൂരിദാര്‍ വേണോ ‘ എന്ന ചര്‍ച്ചക്കുപകരം ‘പോളിസ്റ്റര്‍ വേണോ പരുത്തിവേണോ ‘ എന്ന ചര്‍ച്ചയാണ് നടത്തേണ്ടത് എന്നുകാണം.മനുഷ്യശരീരത്തിന് സൌഖ്യം നല്‍കുന്ന തുണിത്തരം പരുത്തിയാണെന്ന കാര്യത്തില്‍ സംശയമില്ല. പട്ടുസാരി (കൃത്രിമപ്പട്ട് ) എന്ന പേരില്‍ അണിയുന്നവ ഒരു പെട്രോളിയം ഉല്പന്നമാണ് എന്ന് മനസ്സിലാക്കുക .ഇവ ശരീരോഷ്മാവിനെ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ സുഗമമായ ദഹനം അസാധ്യമാകുക നിമിത്തം ഒട്ടേറെ ദഹനപ്രശ്നങ്ങള്‍ വരുത്തിവെക്കുന്നു.
ഇതുപോലെത്തന്നെ ശരീരത്തെ ചുറ്റിമുറുക്കുന്ന വസ്ത്രങ്ങളും ആരോഗ്യത്തിന് ദോഷം തന്നെയാണ് . അടിവസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതുണ്ട് . ചില കമ്പനിക്കാര്‍ ഇറക്കുന്ന അടിവസ്ത്രങ്ങള്‍ ആകര്‍ഷകങ്ങളാണ്. പക്ഷെ ,അവയില്‍ നിറത്തിനായി ഉപയോഗിച്ചിട്ടുള്ള ചായങ്ങള്‍ ത്വക്കിന് ദോഷം വരുത്തുന്നവയാണ് . ഇതൊക്കെ വ്യക്തമാക്കുന്നത് ;ഫാഷനല്ല മറിച്ച് ആരോഗ്യസംരക്ഷണമാണ് വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മുന്‍‌തൂക്കം കൊടുക്കേണ്ടത് എന്നാണ്.

17. പെരുകുന്ന ആത്മഹത്യകള്‍ ; വരളുന്ന മനുഷ്യത്വം!!!

കേരളത്തില്‍ ആത്മഹത്യാനിരക്ക് വര്‍ദ്ധിച്ചുവരികയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉപഭോഗസംസ്കാരം,സാമ്പത്തിക പ്രശ്നങ്ങള്‍ , പരാജയത്തെ നേരിടാനുള്ള കഴിവില്ലായ്മ ...തുടങ്ങിയ കാരണങ്ങളാണ് വിദഗ്‌ധര്‍ നിരത്തുന്നത് .
എന്നാല്‍ ,ഈ അവസരത്തില്‍ നാം മറ്റൊരു വസ്തുത വിലയിരുത്തേണ്ടതുണ്ട് .മൃഗങ്ങള്‍ ആത്മഹത്യ ചെയ്യുന്നില്ല ! ആത്മഹത്യ ചെയ്യുന്ന ഒരേ ഒരു ജീവി മനുഷ്യന്‍ തന്നെയാണ് . പ്രകൃതിയില്‍ നിന്ന് മനുഷ്യന്‍ അകലുമ്പോഴുണ്ടാകുന്ന അസ്വഭാവിക സവിശേഷതകളിലൊന്നായി ആത്മഹത്യയെ കണക്കാക്കാം .ജീവിത പ്രശ്നങ്ങളെ ജയമെന്നും പരാജയമെന്നും വേര്‍തിരിക്കാനുള്ള വ്യഗ്രത മനുഷ്യനെ വികാരവിവശനാക്കിത്തീര്‍ക്കുന്നു.വിജയത്തില്‍ അതിയായി ആഹ്ലാദിക്കുന്നതും പരാജയത്തില്‍ വിഭ്രാന്തി പ്രകടിപ്പിക്കുന്നതും ഒരേ നാണയത്തിന്റെ തന്നെ രണ്ടുവശങ്ങള്‍ മാത്രമെന്നോര്‍ക്കുക. വിജയത്തേയും പരാജയത്തേയും സമചിത്തതയോടെ നേരിടാനുള്ള കഴിവ് ഓരോ വ്യക്തിയും വളര്‍ത്തിയെടുക്കേണ്ടതാണ്. വിജയത്തിന്റെ ഉന്മാദലഹരി മസ്തിഷ്കത്തെ ബാധിക്കുമ്പോള്‍ നേരിടേണ്ടിവന്നിട്ടുള്ള പരാജയത്തെക്കുറിച്ച് ഓര്‍ക്കുക. പ്രസ്തുത വിജയംതന്നെ അസ്ഥിരമാണെന്ന തിരിച്ചറിവ് വിജയത്തിന്റെ ഉന്മാദലഹരിയെ ഇല്ലാതാക്കുന്നതിന് സഹായിക്കും. അതുപോലെത്തന്നെ പരാജയത്തില്‍ ദുഃഖിച്ച് നിഷ്‌ക്രിയനായിരിക്കാതെ പ്രസ്തുത അവസ്ഥയെ നേരിടെണ്ടതെങ്ങനെയെന്ന് ചിന്തിക്കുക .പരാജയകാരണങ്ങളെ കണ്ടെത്തുകയും ഭാവിയില്‍ അവ ഇല്ലായ്മ ചെയ്യുന്നതിനാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും വേണം . ഈ അവസരത്തില്‍ വികാരത്തിന്റെ മാര്‍ഗ്ഗമല്ല മറിച്ച് വിവേകത്തിന്റെ മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടത് .

16. മാനസിക ‘ടെന്‍ഷന്‍ ‘ ഉണ്ടാകുന്നതെങ്ങനെ?

സമകാലീന ലോകത്തില്‍ മാനസികപിരിമുറുക്കം (Mental Tension) അനുഭവപ്പെടാത്തവര്‍ ‘ഇല്ല’ എന്നുതന്നെ പറയാം.മാനസിക ടെന്‍ഷന്‍ വ്യക്തിയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുമെന്ന് മാത്രമല്ല,പല രോഗങ്ങളും വ്യക്തിയില്‍ വരുത്തിവെക്കുകയും ചെയ്യുന്നു.തലവേദന,ഗ്യാസ് ട്രബിള്‍,മലബന്ധം,അള്‍സര്‍,ഡയബറ്റിക്സ്,ആസ്മ,ബ്ലഡ് പ്രഷര്‍,ഹൃദ്രോഗം,ഇന്‍സോമനിയ(ഉറക്കമില്ലായ്മ)തുടങ്ങിയവയാണ്‘ ടെന്‍ഷന്‍ ‘ മൂലം മനുഷ്യനിലുണ്ടാകുന്ന പ്രധാന രോഗങ്ങള്‍. ചില രോഗികളാവട്ടെ,രോഗത്തിന്റെ മൂലകാരണമായ ടെന്‍ഷനെപ്പറ്റിയുള്ള വസ്തുതകള്‍ ഡോക്ടറില്‍ നിന്നും മറച്ചുവെക്കുന്നു.ഇതിന്റെ ഫലമായി രോഗം മാറാതിരിക്കുന്നുവെന്നുമാ‍ത്രമല്ല,നിരന്തരമായ ഔഷധസേവയുടെ ഭാഗമായി രോഗി പല മാരഗരോഗങ്ങള്‍ക്കും അടിമയായിത്തീരുന്നു.ഇത് രോഗിയുടെ ആയുസ്സ് കുറക്കുന്നതിനുകാരണമാക്കുന്നു.അതിനാല്‍ മാനസിക ടെന്‍ഷനെ ഗൌരവമായി വിലയിരുത്തേണ്ടതുണ്ട്.
ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യൂഹമാണ്.ഈ നാഡീവ്യൂഹവും(Nervous system) അന്തഃസ്രാവീഗ്രന്ഥികളുമാണ് (Endocrine glands) ശാരീരിക അവയവങ്ങളില്‍ ഏറ്റവും സാവധാനത്തില്‍ പക്വത പ്രാപിക്കുന്നത്.നാഡീവ്യൂഹത്തിലെ ഒരു വിഭാഗമായ സ്വായത്തനാഡീവ്യൂഹവും (Autonomic nervous system) അന്തഃസ്രാവീഗ്രന്ഥികളിലൊന്നായ അധിവൃക്കാ ഗ്രന്ഥികളുമാണ് (Adrenal Glands) മാനസിക ടെന്‍ഷനുമായി ബന്ധപ്പെട്ട ശാരീരിക ഘടകങ്ങള്‍.
ബോധമനസ്സില്‍ എത്താത്തതും ഇച്ചാപരമല്ലാത്തതുമായ ചില പ്രവര്‍ത്തനങ്ങള്‍ സ്വയം നിയന്ത്രിതമായ സ്വായത്തനാഡീവ്യൂഹത്തിന്റെ കീഴിലാണ്.സ്വായത്ത നാഡീവ്യൂഹത്തെ അനുകമ്പാ നാഡീവ്യൂഹമെന്നും (Sympathetic Nerves) പാരാനുകമ്പാ നാഡികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.ഇതില്‍ അനുകമ്പാനാഡികളാണ് ശരീരത്തെ ടെന്‍ഷന്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ സ്വാധീനിക്കുന്നത്.എന്നുവെച്ചാല്‍ ടെന്‍ഷന്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ അനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുകയും അതുവഴി ടെന്‍ഷന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം തുലോം തുച്ചമായിരിക്കും. അതായത് ടെന്‍ഷന് ശരീരം എത്രത്തോളം വിധേയമാകുന്നുവോ അതിന് ആനുപാതികമായി കുറവേ പാരാനുകമ്പാനാഡികള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.ശരീരം ശാന്തമായിരിക്കുന്ന അവസരത്തില്‍ പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരിക്കും.പരാനുകമ്പാ നാഡീവ്യൂഹം ഹൃദയമിടിപ്പ്,രക്തസമ്മര്‍ദ്ദം എന്നിവയുടെ വര്‍ദ്ധനവിനെ കുറച്ച് രക്തത്തെ ദഹനേന്ദ്രിയങ്ങളിലേക്ക് പ്രവഹിപ്പിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനം (Metabolism) ശരിയായ തോതില്‍ നിര്‍വഹിക്കപ്പെടുന്നത് പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരിക്കുമ്പോഴാണ്.ഈ സന്ദര്‍ഭത്തില്‍ ശരീരത്തിനും മനസ്സിനും ശാന്തത കൈവരുന്നു.പല സര്‍ഗ്ഗവ്യാപാരങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഈ ശാന്തതയില്‍ നിന്നാണ്.
സാധാരണ ഗതിയില്‍ ,ശരീരത്തില്‍ അനുകമ്പാ നഡികളുടേയും പരാനുകമ്പാ നഡികളുടേയും പ്രവര്‍ത്തനം ഒരു പ്രത്യേക അനുപാതത്തില്‍ സന്തുലിതപ്പെട്ടായിരിക്കും നിര്‍വഹിക്കപ്പെടുന്നത്.പക്ഷെ ,ടെന്‍ഷനുണ്ടാകുന്ന അവസരത്തില്‍ ,അനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം വേഗത്തിലാകുന്നതുവഴി ഈ ആനുപാതിക- സന്തുലിത പ്രവര്‍ത്തനത്തിന് ഭംഗം സംഭവിക്കുകയും ശരീരത്തില്‍ ടെന്‍ഷന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. വൃക്കയുടെ തൊട്ടുമുകളിലായി , മഞ്ഞകലര്‍ന്ന തവിട്ടുനിറത്തില്‍ കാണപ്പെടുന്ന അന്തഃസ്രാവീഗ്രന്ഥിയാണ് അധിവൃക്കാഗ്രന്ഥികള്‍ (Adrinal Glands) ഇതിന്റെ പുറം ഭാഗത്തുള്ള ആവരണത്തെ കോര്‍ട്ടെക്സ് (Cortex) എന്നും ഉള്‍ഭാഗത്തുള്ള ആവരണത്തെ മെഡുല്ല(Medulla) എന്നും പറയന്നു.അനുകമ്പാ നാഡികളുടെ നിയന്ത്രണത്തിലുള്ള ഭാഗമാണ് മെഡുല്ല.ഹൈപ്പോത്തലാമസ്സിന് മെഡുല്ലയെ ഉത്തേജിപ്പിക്കുവാന്‍ കഴിയും.മെഡുല്ലയില്‍ നിന്നും പുറപ്പെടുന്ന രണ്ട് ഹോര്‍മോണുകളാണ് അഡ്രിനാലിന്‍ (Adrinalin) നോര്‍- അഡ്രിനാലിന്‍ എന്നിവ.
ബാഹ്യലോകത്തുനിന്നും സ്വന്തം ശരീരത്തില്‍ നിന്നും ഉണ്ടാകുന്ന എല്ലാതരം സമ്മര്‍ദ്ദങ്ങളേയും ചെറുത്തുനില്‍ക്കുവാനുള്ള ശക്തി ഒരു ജീവിക്ക് പ്രദാനം ചെയ്യുന്നത് അഡ്രിനല്‍ ഗ്രന്ഥിയും അനുകമ്പാ നാഡീവ്യൂഹവും ചേര്‍ന്നാണ്. ‘ടെന്‍ഷന് ‘ ആസ്പദമായ സാഹചര്യം ഉണ്ടാകുന്ന അവസരത്തില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് അഡ്രിനലിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലേക്ക് പൊടുന്നനെ പ്രവഹിക്കുന്നു. അഡിനലിന്റെ പ്രവര്‍ത്തനഫലമായി കൃഷ്ണമണി വികസിച്ച് കാഴ്ച ശക്തിപ്പെടുന്നു.ഈ സമയത്ത് ദഹനേന്ദ്രിയ രക്തധമനികളുടേ വ്യാസം ചുരുങ്ങുകയും പ്ലീഹയുടെ വലുപ്പം കുറയുകയും തന്‍‌മൂലം ധാരാളം രക്തം ടിഷ്യൂകളിലേക്കും ഹൃദയത്തിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു.ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുന്നതുവഴി രക്തം പമ്പുചെയ്യുന്നതിന്റെ അളവു വര്‍ദ്ധിക്കുന്നു.ഈ രക്തം കാലിലേയും കയ്യിലേയും മാംസപേശികളിലേക്ക് ഇരമ്പിപ്പായുന്നു. അഡ്രിനലിന്‍ മാംസപേശികളിലേക്കുള്ള രക്തക്കുഴലുകളുടെ ഭിത്തിയിലെ പേശികള്‍ക്ക് അയവുവരുത്തുന്നു.തന്മൂലം മാംസപേശിയിലേക്ക് കൂടുതല്‍ രക്തം പ്രവഹിക്കുന്നു
ടെന്‍ഷന് ആസ്പദമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്ന അഡ്രിനലിന്‍ കരളിലെ ഗ്ലൈക്കോജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കിമാറ്റുന്നു.ഇത് രക്തത്തിലുള്ള ഷുഗറിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.അങ്ങനെ മാംസപേശികള്‍ക്ക് കൂടുതല്‍ രക്തവും ഊര്‍ജ്ജത്തിനാവശ്യമായ ഷുഗറും പ്രധാനം ചെയ്യപ്പെടുന്നു.ഇത് മാംസപേശികളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ ‘വ്യവസ്ഥ’ സൃഷ്ടിക്കുന്നു.അങ്ങനെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആക്രമിക്കാനോ അല്ലെങ്കില്‍ ഒളിച്ചോടി രക്ഷപ്പെടാനോ എന്ന പ്രതികരണത്തിന് (Flight or Fight Response) ജീവിയെ സജ്ജമാക്കുന്നു.ടെന്‍ഷന് ആസ്പദമായ സാഹചര്യം തരണംചെയ്തുകഴിഞ്ഞാല്‍ ,നോര്‍ അഡ്രിനലിന്‍ (Nor Adrinalin) രക്തപ്രവാഹത്തെ നിയന്ത്രിച്ച് സാധാരണ അവസ്ഥയിലേക്ക്കൊണ്ടുവരുന്നു.
മാനസിക ടെന്‍ഷന്‍ ജീവിയുടെ കൂടപ്പിറപ്പാണ്.ജീവിയെ അതുമായി ബന്ധപ്പെടുത്തുന്ന പ്രതികൂലസാഹചര്യത്തില്‍നിന്ന് രക്ഷിക്കുവാന്‍ പര്യാപ്തമാക്കുക എന്നതാണ് ടെന്‍ഷന്റെ ഉദ്ദേശ്യം.അതിനാല്‍തന്നെ ടെന്‍ഷന്‍ സ്വാഭാവികമാണെന്ന് വ്യക്തം.ഒരു വ്യക്തിയില്‍ ശാരീരികവളര്‍ച്ചക്ക് ആനുപാതികമായിട്ടാണ് ടെന്‍ഷനെ നേരിടുവാനുള്ളശേഷി വളര്‍ന്നുവരുന്നതെന്ന് പoനങ്ങള്‍ വ്യക്തമാക്കുന്നു.അതുപോലെത്തന്നെ പുതിയ സാഹചര്യങ്ങളും പ്രതിഭാസങ്ങളും വ്യക്തിയില്‍ ടെന്‍ഷന്‍ ഉളവാക്കുന്നവയാണ്.പക്ഷെ, അവ ആവര്‍ത്തനസ്വഭാവമുള്ളവയായതിനാല്‍ ‘ടെന്‍ഷന്‍’ കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്.

15. മാനസിക മലിനീകരണം ഒഴിവാക്കുന്നതെങ്ങനെ ?

ശരീരത്തിലുണ്ടാകുന്ന അഴുക്കുകളാ‍ണ് രോഗഹേതുവെന്ന് പ്രകൃതിജീവനശാസ്ത്രം ഉറപ്പിച്ചുപറയുന്നു.ഇതിനുവേണ്ടി ശരിയായ ജീവിതചര്യയെക്കുറിച്ചും ആരോഗ്യശീലങ്ങളെക്കുറിച്ചും പ്രസ്തുത ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്.ശരിയായ ജീവിതചര്യയെക്കുറിച്ച് പ്രസ്താവിക്കുമ്പോള്‍ ,അത് ശരീരത്തെ മാത്രം ആസ്പദമാക്കിയിട്ടുള്ളതല്ല മറിച്ച് മനസ്സിനേയുംകൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എന്ന്  മനസ്സിലാക്കേണ്ടതുണ്ട്.
വാക്കുകള്‍കൊണ്ട് മനസ്സില്‍ വികാരം സൃഷ്ടിക്കുവാന്‍ കഴിയും.തെറ്റായ വാക്കുകളുടെ ഉപയോഗം മനുഷ്യമനസ്സില്‍ മലിനീകരണം സൃഷ്ടിക്കുന്നു.തെറ്റായ ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെയാണ് തെറ്റായ വാക്കുകളുടെ ശ്രവണവും . തെറ്റായ ജീവിതചര്യക്കുതുല്യമാണ് തെറ്റായ ആശയങ്ങളുടെ പിന്നാലെ പോകലും. അതുകൊണ്ടുതന്നെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി മനസ്സിലേക്ക് തെറ്റായ ആശയങ്ങളും വാക്കുകളും കടന്നുവരാതെ നോക്കേണ്ടതുണ്ട്. വ്യക്തികള്‍ മാത്രമല്ല ,മാദ്ധ്യമങ്ങളും മാനസികമലിനീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നു.പ്രകൃതിയില്‍ പലതരം ഭക്ഷ്യവസ്തുക്കളുണ്ട്. അവയെല്ലാം ജീവികള്‍ ഭക്ഷിക്കുന്നില്ലല്ലോ .തങ്ങളുടെ ശരീരത്തിനുയോജിച്ച ഭക്ഷ്യവസ്തുക്കള്‍ ഏതെന്നുതിരിച്ചറിയാനുള്ള സ്വാഭാവികശേഷി അവക്കുണ്ട്. ഇത്തരം ശേഷി ഓരോ മനുഷ്യനും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഈ നിയമം ദഹനേന്ദ്രിയത്തിനുമാത്രമല്ല,മറ്റ് ഇന്ദ്രിയങ്ങള്‍ക്കും ബാധകമാണ്. മനുഷ്യമനസ്സിനും ഒരു സ്വാഭാവികശേഷിയുണ്ട് .തനിക്കുവേണ്ട അറിവുകളെ അത് നേടുകതന്നെ ചെയ്യും. പക്ഷെ ,ആ സ്വാഭാവികത നശിപ്പിക്കാതെ നിലനിര്‍ത്തണമെന്നു മാത്രം!
മാധ്യമങ്ങള്‍ മനസ്സിന് നല്ലതും ചീത്തയും നല്‍കുന്നു.പക്ഷെ, തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തിക്കുണ്ട് . മലിനീകരിക്കപ്പെട്ട മനസ്സുകള്‍ എല്ലായിടത്തുമുണ്ട് . ഇവരെ നമ്മുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും കുടുംബാംഗങ്ങളില്‍പ്പോലും കണ്ടെന്നിരിക്കും. എങ്കിലും ഇവിടെ ആദ്യം വേണ്ടത് തിരിച്ചറിയുവനുള്ള കഴിവാണ്.
ഉപവാസസമയത്ത് പലരും ദഹനേന്ദ്രിയത്തിനു വിശ്രമം നല്‍കുന്ന കാര്യം മാത്രമേ ശ്രദ്ധിക്കാറുള്ളൂ. ടി.വി. കാണുക,വായിക്കുക,മറ്റുള്ളവരുമായി സംഭാഷണത്തിലേര്‍പ്പെടുക എന്നിവക്കൊന്നും മുടക്കം വരുത്താറില്ല. അതായത് , മാനസികവിശ്രമത്തിന് പ്രധാന്യം കൊടുക്കാറില്ല എന്നര്‍ഥം .എന്നാല്‍ ഓര്‍ക്കുക; മാനസിക മലിനീകരണം ഒഴിവാക്കുന്നതില്‍ മാനസികവിശ്രമം മുഖ്യപങ്കുവഹിക്കുന്നു.

14. ഊഷ്മാവും രോഗവും തമ്മിലുള്ള ബന്ധമെന്ത്?

തെറ്റായ ജീവിതചര്യയാണ് രോഗമെന്നത് പ്രകൃതിജീവനത്തിന്റെ അടിസ്ഥാനതത്ത്വമാണല്ലോ.ശരിയായ ജീവിതചര്യ നിര്‍ണ്ണയിക്കുന്നതില്‍ “ ഋതുക്കള്‍ “ മുഖ്യപങ്കുവഹിക്കുന്നകാര്യം പലപ്പോഴും വിസ്മരിക്കപ്പെടാറാണ് പതിവ്. ചുരുക്കിപ്പറഞ്ഞാല്‍ പരിസ്ഥിതിയിലെ“ ഊഷ്മാവ് “ ജീവല്‍ പ്രവര്‍ത്തനങ്ങളെ ഗണ്യമായി ബാധിക്കുന്നു എന്നര്‍ഥം.
ഊഷാവിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പലപ്പോഴും രോഗങ്ങള്‍ക്കിടയാക്കാറുണ്ട്. കാലാവസ്ഥാമാറ്റങ്ങള്‍ക്കനുസരിച്ച് ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് വ്യതിയാനം സംഭവിക്കുന്നു.തണുത്ത കാലാവസ്ഥയില്‍ ശരിയായ വ്യായാമമോ ,അദ്ധ്വാനമോ ശരീരത്തിനുനല്‍കി ദഹനത്തിന്റെ മന്ദത മാറ്റിയെടുക്കാം.അത്യന്തം തണുത്തകാലാവസ്ഥയിലും നല്ലവണ്ണം ചൂടുള്ള കാലാവസ്ഥയിലുമൊക്കെ ശരീരത്തിനു പ്രതിരോധശേഷി നേടാനുള്ള പ്രവര്‍ത്തനങ്ങള്‍ മനുഷ്യന്‍ നടത്തേണ്ടതുണ്ട്.ചില കാലാവസ്ഥയില്‍ പകല്‍ സമയത്ത് നല്ല ചൂടും രാത്രിയില്‍ നല്ല തണുപ്പും ഉണ്ടാകാറുണ്ട്.അത്തരം അവസ്ഥയില്‍ ഊഷ്മാവിനനുസരിച്ചുള്ള ഭക്ഷണക്രമീകരണം നടത്തണം .അതായത് പകല്‍ സമയത്ത് ജലാംശമുള്ളഭക്ഷണത്തിനു മുന്‍‌തൂക്കം കൊടുക്കണമെന്നും , രാത്രി ദഹിക്കുവാന്‍ പ്രയാസമുള്ള ഭക്ഷണംഒഴിവാക്കണമെന്നുമാണ് അര്‍ഥമാക്കേണ്ടത്.
തണുപ്പുള്ള കാലാവസ്ഥയുടെ ആരംഭത്തില്‍തന്നെ പനി,ചുമ,മറ്റു കഫജന്യരോഗങ്ങള്‍ എന്നിവ പലരേയും പിടിപെടാറുണ്ടല്ലോ.ഇവയുടെയെല്ലാം പ്രധാനകാരണം ദഹനക്കുറവാണെന്നു മനസ്സിലാക്കുക.ഈ സമയത്തിലെ ദഹനക്കുറവിനു പ്രധാനമായി രണ്ടു കാരണങ്ങളാണ് പറയുന്നത്.ഒന്നാമതായി ,ശരീരത്തിലെ ദഹനേന്ദ്രിയങ്ങളുടെ മന്ദത (ഇത് തണുപ്പുമൂലമാണ് ഉണ്ടാകുന്നത്) .രണ്ടാമതായി ശാരീരികാദ്ധ്വാനത്തിന്റെ കുറവ് .തണുത്ത കാലാവസ്ഥയില്‍ ഏതൊരു ജീവിക്കും നിഷ്‌ക്രിയമായിരിക്കാനുള്ള ഒരു ജൈവികമായ പ്രവണതയുണ്ട്. ഇതാണ് തണുത്ത കാലാവസ്ഥയില്‍ പലരും മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കുന്നതിന്റെ കാരണം.എന്നുവെച്ചാല്‍ ശാരീരികാദ്ധ്വാനവും വ്യായാമവുമൊക്കെ ഒഴിവാക്കപ്പെടുന്നു.(നിത്യവും വ്യായാമം ചെയ്യാന്‍ മടി അനുഭവപ്പെടാറുണ്ട് എന്ന വസ്തുത ഇവിടെ സ്മരണീയം)
വേറെ ചിലര്‍ തണുപ്പുകാലത്ത് രോഗം വരുത്തിവെക്കുന്നത് അവരുടെ തന്നെ ആര്‍ത്തികൊണ്ടാണ്.തണുപ്പുകാലത്ത് ദഹനേന്ദ്രിയങ്ങളുടെ മന്ദത നിമിത്തം വിശപ്പ് കുറയുമെങ്കിലും “ആര്‍ത്തി” കുറയണമെന്നില്ല.കാരണം ആര്‍ത്തി വ്യക്തിയുടെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.ചിലരെ സംബന്ധിച്ച് നിത്യവും കഴിക്കുന്ന ഭക്ഷണത്തില്‍‘ അല്പം കുറഞ്ഞാല്‍ ‘തന്റെ ശരീരത്തിന് അസുഖം പിടിപെടും എന്നാണവരുടെ ചിന്ത . അതിനാലവര്‍ രസനേന്ദ്രിയങ്ങളെ ഉത്തേജിപ്പിക്കാനുള്ള ചേരുവകള്‍ ഉള്‍പ്പെടുത്തി അമിതഭക്ഷണത്തിന് വിധേയമാകുന്നു.ഇത്തരത്തിലുള്ള അമിത ഭക്ഷണം ഇക്കൂട്ടരില്‍ അസുഖം വരുത്തിവെക്കുന്നു.
ഊഷ്മാവും ജീവല്‍ പ്രവര്‍ത്തനങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ നാം തലപുകഞ്ഞൊന്നും ആലോചിക്കണമെന്നില്ല.നാം പ്രകൃതിയെ നിരീക്ഷിക്കുക,പഠിക്കുക. ഇത്രതന്നെ ! തണുപ്പുകാലത്ത് സസ്യങ്ങള്‍ ഇല പൊഴിക്കുന്നതുകാണുക.മറ്റു ജീവികളുടെ ജീവിതചര്യ വിലയിരുത്തുക.പകല്‍ കുറവുള്ള മാസങ്ങളെ വിലയിരുത്തുക. സൂര്യന്റെ “അയനങ്ങള്‍” വിശദമായി പഠിക്കുക. അങ്ങനെ കാലാവസ്ഥാമാറ്റങ്ങള്‍ വഴിയുണ്ടാകുന്ന ഊഷ്മ വ്യത്യാസങ്ങളെ മനസ്സിലാക്കുക.ഇവയെ മുന്‍‌കൂട്ടിക്കണ്ടുകൊണ്ടുള്ള “ഭക്ഷണ-വ്യായാമരീതികള്‍” അവലംബിക്കുക.

13. എന്താണ് സുഖം?

എന്താണു സുഖം? സുഖം നേടാനയി മനുഷ്യന്‍ എന്തുമാത്രംകഷ്ടപ്പെടുന്നു.യുവാക്ക‌ള്‍ക്കിടയില്‍ ജീവിതം സുഖിക്കാനുള്ളതാണെന്ന് എന്നൊരു സിദ്ധാന്തം തന്നെരൂപപ്പെട്ടിട്ടുണ്ട്.സുഖത്തിന് പണം ആവശ്യമാണത്രെ !! ആ പണം സ്വരൂപിക്കാനായി മനുഷ്യന്‍ എന്തുമാത്രംനീചപ്രവര്‍ത്തികള്‍ ചെയ്യുന്നു.മറ്റു മനുഷ്യരെ ഉപദ്രവിച്ചുണ്ടാക്കുന്ന പണം പോലെത്തന്നെനിന്ദ്യമാണ് സ്വന്തം ശരീരത്തെ കഷ്ടപ്പെടുത്തിയുണ്ടാക്കുന്ന പണവും!! അതായത് ധാര്‍മ്മികത അകത്തും പുറത്തും വേണമെന്നാണ് ഇതിന്റെ അര്‍ഥം.
സുഖം ലഭിക്കാന്‍ അനവധി മാര്‍ഗ്ഗങ്ങള്‍ മനുഷ്യന്‍ അവലംബിക്കുന്നു.വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ ,വാഹനങ്ങള്‍,ഗൃഹോപകരണങ്ങള്‍,എന്നിവ ചിലര്‍ക്ക് സുഖം പ്രധാനം ചെയ്യുന്നു.മനോഹരമായ മണിമാളിക,ഉയര്‍ന്ന ബാങ്ക് ബാലന്‍സ്.......എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖം നല്‍കുന്നു.
ഭക്ഷണം ,മദ്യം,മയക്കുമരുന്ന്,മദിരാക്ഷി എന്നിവ വേറൊരു കൂട്ടര്‍ക്ക് സുഖംനല്‍കുന്നു. സിനിമ,യാത്ര,ഭക്തി,പുണ്യസ്ഥല സന്ദര്‍ശനം എന്നിവയും സുഖം നല്‍കുന്നവയത്രെ!!
മറ്റുള്ളവരെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരും കുറവല്ല.
എന്നാല്‍ യഥാര്‍ഥത്തില്‍ ഒരു മനുഷ്യജീവിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെയാണോ സുഖിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍?
സുഖവും ദുഖവും അവനവനില്‍ തന്നെയാന്ന്‌ സ്ഥിതിചെയ്യുന്നത്‌.അവനവന്റെ മനസ്സ് കൈകാര്യംചെയ്യുന്നതിനനുസരിച്ച് സുഖവും ദുഃഖവും അനുഭവപ്പെടുന്നു.അതിന് ഒരു തരത്തിലുമുള്ള പണവും
ചെലവാക്കേണ്ടതില്ല.അന്യരേയും സ്വന്തം ശരീരത്തേയും ചൂഷണം ചെയ്യേണ്ടതില്ല.അത്തരമൊരു കഴിവുണ്ടെന്നും
അത് വളര്‍ത്തിയെടുക്കണമെന്നും തീരുമാനിച്ചാല്‍ മതി.ഏതൊരവസ്ഥയിലും സുഖം കണ്ടെത്താനുള്ള മനുഷ്യന്റെ
കഴിവാണ് വളര്‍ത്തിയെടുക്കേണ്ടത്‌.
പ്രകൃതി നമുക്ക് ഒട്ടേറെ സുഖസൌകര്യങ്ങള്‍ പണച്ചെലവില്ലാതെ ഒരുക്കിത്തരുന്നുണ്ട്.ദിനാരംഭത്തിന് നവോന്മേഷം പകരുന്ന പ്രഭാതങ്ങളും ആശ്വാസം പകരുന്ന സന്ധ്യകളും ആരേയും മയക്കുന്ന നക്ഷത്രാലങ്കാരിതമായ ആകാശവും വെണ്‍നിലാവുമൊക്കെ സുന്ദരങ്ങളല്ലേ? അവ നമുക്ക് ആഹ്ലാദം
തരുന്നവയല്ലേ.അവ ഒരു വ്യക്തിക്ക് സ്വന്തമായി ഒരുക്കണമെങ്കില്‍ എത്ര കോടി പണം ചെലവഴിക്കണം.ഇത് ഒരു
മാര്‍ഗO മാത്രമാണ്.ഈ വഴിയിലൂടെ സഞ്ചരിക്കയാണെങ്കില്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ നമുക്ക് കണ്ടെത്താന്‍
കഴിയും.ഇങ്ങനെ,നമ്മുടെ പ്രകൃതി തരുന്ന സന്തോഷത്തെ സ്വീകരിയ്ക്കാനും ആസ്വദിയ്ക്കാനുമുള്ള മാനസീകാവസ്ഥ
വളര്‍ത്തിയെടുത്താല്‍,പിന്നെയെന്തിന് സുഖം തേടി നാം കാഷ്ടപ്പെടണം ?

12. ' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ശിശു' മുതല്‍ 'ഗര്‍ഭപാത്രം' വാടകയ്ക്കുവരെ...

കേരളത്തില്‍ ' ടെസ്റ്റ് ടെസ്റ്റ് ട്യൂബ് ‘ ശിശുക്കളുടെ ജനനം പല ജില്ലകളിലും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് സമകാലിക പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.ആധുനിക വൈദ്യശാസ്ത്രത്തിന് ഇത് അഭിമാനാര്‍ഹമായ നേട്ടമാണ് .പക്ഷെ ,പ്രകൃതിജീവനശാസ്ത്രത്തിന് ഇത് ഏറെ ദുഃഖകരമായ വസ്തുതയാണ് . ഇതുപോലെത്തന്നെ ഏറെ ദുഃഖിപ്പിക്കുന്ന ഒന്നാണ് ; കേരളത്തിലെ ഒരു പ്രമുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ ഗര്‍ഭപാത്രം വാടകയ്ക്ക് ആവശ്യമുണ്ട് ‘എന്ന പരസ്യം ! അവയവങ്ങളെ മാത്രമല്ല, മനുഷ്യബന്ധങ്ങളെത്തന്നെ വില്പനച്ചരക്കാക്കുന്ന വൈദ്യശാസ്ത്ര- സാങ്കേതികവിദ്യയുടെ വളര്‍ച്ചയെയാണ് ഇവിടെ വിലയിരുത്തേണ്ടത്. കൌമാരവും യുവത്വവുമാണ് ഉപഭോഗസംസ്കാരത്തെ അന്ധമായി വിശ്വസിക്കുന്നത് . ജീവിതം സുഖിക്കാനുള്ളതാണെന്നും അതിനുള്ള അവസരം ഈ കാലഘട്ടമാണെന്നും അവര്‍ വിശ്വസിക്കുന്നു. അങ്ങനെ അവര്‍ ഉപഭോഗസംസ്കാരം നല്‍കുന്ന വികലമായ ഇന്ദ്രിയ സുഖത്തിനുപിന്നാലെ പായുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ് ഈ സുഖമെന്ന് അവര്‍ അറിയുന്നില്ല. തെറ്റായ ജീവിതശീലങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന ഈ സംസ്കാരം അവസാനം ജൈവശരീരത്തെ കേടുവരുത്തുന്നു.
ഏതൊരു ജീവിയിലും പ്രകൃതി നിയോഗിയ്ക്കപ്പെട്ടിട്ടുള്ള ജീവിതലക്ഷ്യം പ്രത്യുല്പാദനം നടത്തി വംശം നിലനിര്‍ത്തുക എന്നുള്ളതാണല്ലോ . എന്നാല്‍ മനുഷ്യ വംശത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍( ‘ ഈ സമകാലീന യാഥാര്‍ഥ്യം ‘ ) ഈ നിയോഗത്തെ തടസ്സപ്പെടുത്തുന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുന്നു.വന്ധ്യതാ ക്ലിനിക്കുകള്‍ പെരുകുകയും അവിടേയ്ക്ക് എത്തിച്ചേരുന്ന യുവമിഥുനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു.തെറ്റായ ജീവിത ശീലങ്ങള്‍ മാറ്റാതെ മരുന്നുകളിലും ഓപ്പറേഷനുകളിലും ടെസ്റ്റ് ട്യൂബ് ശിശുക്കളിലും അവസാനം ‘ഗര്‍ഭപാത്രം വാടകയ്ക്ക് ‘ ആവശ്യമാണ് എന്ന നിലയില്‍ വരെ അവര്‍ എത്തിച്ചേരുന്നു.
ഈ നഗ്നയാഥാര്‍ത്ഥ്യം നാം അവഗണിയ്ക്കുന്നത് തെറ്റാണ്.നമുക്ക് നമുടെ ജനതയെ പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരണം .ഇതിനുവേണ്ടി ബോധവല്‍ക്കരണശ്രമങ്ങളും സര്‍ക്കാരിന്റെ ചില നിയന്ത്രണങ്ങളും ആവശ്യമാണ്.ഇക്കാര്യം പ്രാവര്‍ത്തികമായാല്‍ മാത്രമേ ആരോഗ്യവും ബുദ്ധിയുമുള്ള ഒരു യുവതലമുറയെ നമുക്ക് ഭാവിയിലെങ്കിലും പ്രതീക്ഷിക്കാനൊക്കൂ .അതിന് സമയം ഇനിയും വൈകിയിട്ടില്ല. ഓര്‍ക്കുക; എലിയും പൂച്ചയും ഒക്കെ ഇപ്പോഴും പ്രസവിക്കുന്നുണ്ട്.

11. അതിഥി സല്‍ക്കാരം ആപല്‍ക്കരമോ ? (ഹാസ്യം)

സൌഹൃദ സന്ദര്‍ശനങ്ങളും സല്‍ക്കാരങ്ങളും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ
ഭാഗമാണല്ലോ . എങ്കിലും സമകാലിക ജീവിതത്തില്‍ ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിവെക്കുന്നു എന്നത്
ഒരു യാഥാര്‍ത്ഥ്യമാണ് ! ഊഷ്മളമേറിയ പല വിരുന്നുസല്‍ക്കാരങ്ങളും ആപത്താണ് എന്ന വസ്തുത അതിഥിയും
ആഥിഥേയനും മനസ്സിലാക്കിയാല്‍ നന്ന് .വിഭവസമൃദ്ധമായ വിരുന്നില്‍ പങ്കെടുക്കുകവഴി നാം അമിതമായി
ആഹാരം കഴിക്കുന്നു. ഇത് ദഹനത്തെ തകരാറിലാക്കുന്നു. അതുകൊണ്ടുതന്നെ പിറ്റേന്ന് ദഹനസംബന്ധമായ
പലപ്രശ്നങ്ങളേയും നമുക്ക് അഭിമുഖീകരിക്കേണ്ടിവരുന്നു. ആതിഥിസല്‍ക്കാരത്തില്‍ വിഭവങ്ങളുടെ എണ്ണം കൂടുക
എന്നുവെച്ചാല്‍ വിരുദ്ധാഹാരങ്ങളുടെ എണ്ണം കൂടുകയാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. വിരുദ്ധ ഭക്ഷ്യവസ്തുക്കള്‍
കഴിക്കുകവഴി നമ്മുടെ ശരീരം വിഷസങ്കലനത്തിനു വിധേയമാകുന്നു .
ചിലപ്പോള്‍ ,നാം അല്പം മുമ്പ് വയര്‍ നിറയെ ആഹാരം കഴിച്ചിരിയ്ക്കാം
.പക്ഷെ,ആഥിഥേയനാണെങ്കിലോ ഒട്ടേറെ വിഭവങ്ങള്‍ തയ്യാറാ‍ക്കി മേശപ്പുറത്തുവെച്ചിട്ടുമുണ്ട് .അതുകൊണ്ട്
ആതിഥേയനെ തൃപ്തിപ്പെടുത്താനായി അമിതഭക്ഷണം കഴിയ്ക്കാന്‍ നാം തയ്യാറാകുന്നു. മറ്റൊന്ന് ; ചായ ,
കാപ്പി,ശീതളപാനീയങ്ങള്‍ എന്നിവയുടെ അമിത ഉപയോഗം അതിഥി സല്‍ക്കാരം വരുത്തിവെയ്ക്കുന്നു എന്നതാണ്
.സാധാരണയായി , ഒരു ദിവസത്തില്‍ കഴിയ്ക്കാറുള്ള തവണ ചായ അഥവാ കാപ്പി നാം കഴിച്ചിട്ടുണ്ടായിരിയ്ക്കും .
പക്ഷെ,ആഥിഥേയന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനുമുമ്പില്‍ ഈ വക പാനീയങ്ങള്‍ നാം വീണ്ടൂം
കഴിക്കേണ്ടിവരുന്നു. ചായ , കാപ്പി മുതലായവയുടെ അമിത ഉപയോഗം
ഉറക്കക്കുറവ്,മലബന്ധം,വിശപ്പില്ലായ്മ,തലവേദന എന്നിവയിലേയ്ക്ക് നയിയ്ക്കാം. പാനീയങ്ങള്‍ അമിതമായി
ഉപയോഗിയ്ക്കുകവഴി ദഹനക്കുറവും കിഡ്‌നിക്ക് അമിതജോലിഭാരവും ഉണ്ടാകുന്നു.
ചിലയിടങ്ങളില്‍ അതിഥിസല്‍ക്കാരത്തിന്റെ ഭാഗമായി ,പ്രധാന ആഹാരത്തിനുമുമ്പ് ,മധുരമുള്ള
എന്തെങ്കിലും പാനീയം നല്‍കുക പതിവുണ്ട് . ഇത് അതിഥിയുടെ വിശപ്പ് കുറയ്ക്കാനേ ഉപകരിക്കൂ എന്ന വസ്തുത എത്ര
ആതിഥേയര്‍ മനസ്സിലാക്കിയിട്ടുണ്ട് ? ചില അതിഥി സല്‍ക്കാരങ്ങളില്‍ മദ്യം പ്രധാന നായകനാ‍യിട്ടുണ്ടാകും !
ഇത്തരം സല്‍ക്കാരങ്ങല്‍ ആരോഗ്യത്തെ മാത്രമല്ല കുടുംബത്തേയും തകര്‍ക്കുന്നു. പല വിഭവസമൃദ്ധമായ
സല്‍ക്കാരങ്ങളിലും ഭക്ഷണം വളരേ നേരത്തെതന്നെ തയ്യാറാക്കിവെയ്ക്കുക പതിവാണ് . ‘പാകം ചെയ്ത് ഒട്ടേറെ
മണിക്കൂറുകള്‍ കഴിഞ്ഞുള്ള ഭക്ഷണം ‘ ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയേണ്ടതില്ലല്ലോ .
അതുപോലെത്തന്നെ അതിഥി സല്‍ക്കാരങ്ങളില്‍ (ഹോട്ടലുകളിലും ) ‘മേശപ്പുറത്തെ വൃത്തി ‘ പാകം ചെയ്യുന്ന
വേളയിലുണ്ടായിരിക്കുമെന്ന് നാം ഉറപ്പിയ്ക്കരുത് .
പലരും കുട്ടികളുള്ള വീട്ടിലേയ്ക്ക് സൌഹൃദ സന്ദര്‍ശനം നടത്തുമ്പോള്‍ മിഠായി ,മധുരപലഹാരങ്ങള്‍
എന്നിവ കൊണ്ടുപോകാറുണ്ട് . പല മിഠായികളിലും മധുരപലഹാരങ്ങളിലും നിറത്തിനായി ചേര്‍ക്കുന്ന
രാസവസ്തുക്കള്‍ ആരോഗ്യത്തിന് ദോഷകരമാണ്. മാത്രമല്ല, മുന്‍പറഞ്ഞ ആഹാരപദാര്‍ഥങ്ങളില്‍ മായം
ചേര്‍ക്കാനുള്ള സാദ്ധ്യതയും കൂടുതലാണ് .അതുകൊണ്ടുതന്നെ ഇവ ആഹരിയ്ക്കുകവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം
തകരാറിലാകുന്നു. ദന്തസംബന്ധമായ രോഗങ്ങള്‍ക്ക് വിധേയരാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം വളരേ
കൂടുതലാണെന്നാണ് ഈയിടെ നടത്തിയ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത് . ഇതിന് പ്രധാനകാരണമായിപ്പറയുന്നത്
‘മധുര’മെന്ന വില്ലനെയാണ് .
അവസാനമായി പറയുവാന്‍ പോകുന്നത് ,വൃദ്ധജനങ്ങള്‍ നടത്തുന്ന
സൌഹൃദസന്ദര്‍ശനങ്ങളെക്കുറിച്ചാണ്. “വയസ്സായി (റിട്ടയറായി ) , ഒഴിവുസമയം ഒട്ടേറെ ,.നേരം പോകാനായി
അതിഥിയുടെ റോള്‍ അണിഞ്ഞുകളയാം “- എന്നിങ്ങനെ ചിന്തിയ്ക്കുന്നവരും മുന്‍പറഞ്ഞ കൂട്ടത്തിലുണ്ടാകും . ഇവരില്‍
ഭൂരിഭാഗത്തിനും എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടായിരിക്കുമെന്നത് ഒരു വസ്തുതയാണ് . ഹൃദ്രോഗം ,പ്രമേഹം ,ബ്ലഡ്‌
പ്രഷര്‍ എന്നീരോഗങ്ങളാണ് ഇവരില്‍ പ്രധാനമായി കണ്ടുവരാറുള്ളത് . ഈ അസുഖങ്ങളുടെ വര്‍ദ്ധനവ്
ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മധുരം,കൊഴുപ്പ്,ഉപ്പ് എന്നിവയെ ആശ്രയിച്ചിരിയ്ക്കുന്നു എന്ന വസ്തുത നമുക്ക് അറിയാമല്ലോ .
അതുകൊണ്ടൂതന്നെ അതിഥിസല്‍ക്കാരത്തിലെ വിഭവങ്ങള്‍ ഇവരുടെ ദിനചര്യയിലെ ആഹാരരീതികള്‍
തെറ്റിയ്ക്കുകയും രോഗം വര്‍ദ്ധിയ്ക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നു.
ഇനി പറയൂ ; അതിഥി സല്‍ക്കാരങ്ങള്‍ അപകടങ്ങളാണോ ? സ്നേഹത്തോടെ സമ്മാനിയ്ക്കുന്ന ഈ
അപകടങ്ങള്‍ ഒഴിവാക്കാന്‍ കഴിയും; അതിഥിയ്ക്കും ആതിഥേയനും ശരിയായ ആരോഗ്യചിന്ത കൈവശമായാല്‍
മാത്രം!!

10. ‘ കായികരംഗം’ ഗാന്ധിസത്തിന്റെ വീക്ഷണത്തില്‍

കായികരംഗത്തിന് ലോകരാഷ്ട്രങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നതായാണ്
കണ്ടുവരുന്നത്.പ്രാധാന്യംനല്കുക എന്നുവെച്ചാല്‍ ,ഈ രംഗത്തേക്ക് ഒട്ടേറെ പണം നീക്കിവെക്കുന്നു എന്ന്
അര്‍ഥമാക്കേണ്ടതുണ്ട്.രാഷ്ട്രത്തിന്റെ പുരോഗതിക്കടിസ്ഥാനം ‘ആരോഗ്യമുള്ള ജനതയാണ് ‘ എന്നത് ഒരു
യാഥാര്‍ഥ്യമാണല്ലോ. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതില്‍ കായികരംഗം മുഖ്യപങ്കുവഹിക്കുന്നു എന്ന
വിശ്വാസമാണോ,ഭരണാധികാരികളുടെ കായികരംഗതാല്പര്യത്തിനു കാരണം? ഏതായാലും കായികരംഗത്തെ
മത്സര‌ഇനങ്ങളുടെ വിജയനിലവാരത്തിന് ഒരു പരിധി നിശ്ചയിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ടെന്ന്
സമകാലീനപ്രവണതകള്‍ സൂചിപ്പിക്കുന്നു.മത്സര‌ഇനങ്ങളില്‍ വിജയിക്കുന്നതിനുവേണ്ടി ഏതുതരത്തിലുള്ള
മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാനും ഒരു കൂട്ടര്‍ തയ്യാറാകുന്നു. എതിരാളികളെ മത്സരരംഗത്തെത്തിക്കാതെ
തഴയുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുമുതല്‍ ‘ഭാവിയില്‍ മാരകമായ ഫലങ്ങള്‍ ഉളവാക്കാവുന്ന
ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം വരെ ‘ കാര്യങ്ങള്‍‘ എത്തിനില്‍ക്കുന്നു.എന്തിനുവേണ്ടിയാണ് ഈ
ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത്? മത്സരരംഗത്ത് ഒന്നാംസ്ഥാനവും റെക്കോഡുകളും സ്ഥാപിക്കുന്നതുവഴിയുള്ള
പ്രശസ്തി ,പണം തുടങ്ങിയ നേട്ടങ്ങളാണ് കായികതാരങ്ങളെ തത്ത്വദീക്ഷയില്ലാത്ത മാര്‍ഗ്ഗത്തിലേക്കുനയിക്കുന്നത്. കായികരംഗത്ത് ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം ഏറിവരുന്നു എന്ന്
പലപഠനങ്ങളും വ്യക്തമാക്കുന്നു.ഈ പ്രവണത ഇല്ലാതാക്കുന്നതിന് പല ശൈലികളും
ആവിഷ്കരിക്കേണ്ടതുണ്ട്.മത്സരത്തിനുശേഷമുള്ള ശാരീരിക പരിശോധനകളെ കബളിപ്പിക്കുന്ന തരത്തിലുള്ള
ഔഷധങ്ങള്‍വരെ ഇപ്പോള്‍ നിലവിലുണ്ട് .അതിനാല്‍ ശാരീരികശേഷികള്‍ക്കുപകരം ഉത്തേജകങ്ങള്‍തമ്മിലുള്ള
മത്സരമാണോ ഇവിടെ നടക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥ ഉടലെടുത്തിരിക്കുന്നു.
അമിതമായ ശാരീരികശക്തി ഉത്തേജക ഔഷധങ്ങള്‍ പ്രധാനം ചെയ്യുന്നുവെത്രെ!
ഇവയുടെ ഉപയോഗമൂലം ‘ഹോര്‍മോണുകളുടെ ‘ ഉല്പാദനത്തിലെ സന്തുലിതാവസ്ഥക്ക് ഭംഗം സംഭവിക്കുന്നു.തന്മൂലം
അമിത ശാരീരികവളര്‍ച്ചയും അതുവഴി അമിത ശാരീരികശക്തിയും കൈവരുന്നു. പക്ഷെ ,ഈ ഔഷധങ്ങള്‍
മസ്തിഷ്ക- ശാരീരികബന്ധത്തെ കാര്യമായി ബാധിക്കുന്നു. ശാരീരിക ചലനങ്ങളും ഉപാപചയപ്രവര്‍ത്തനങ്ങളും
നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്. മുന്‍പറഞ്ഞതരത്തിലുള്ള ശാരീരിക വളര്‍ച്ച മസ്തിഷ്കകോശങ്ങള്‍ക്ക്
ശരീരത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ക്ക് വികലത വരുത്തുന്നു.അതിനാല്‍ ഉത്തേജക ഔഷധം
ഉപയോഗിക്കുന്നവര്‍ക്ക് ‘വികാരനിയന്ത്രണം ‘ അസാദ്ധ്യമായിത്തീരുന്നു. അമേരിക്കയിലെ ചില സ്പോഴ്‌സ് താരങ്ങള്‍
ക്രിമിനല്‍ നടപടിക്ക് വിധേയരായിട്ടുള്ള കാര്യം നമുക്ക് അറിവുള്ളതാണല്ലോ .‘ മൈക്ക് ടൈസന്റെ ‘ ‘ചെവികടിക്കല്‍
‘ പ്രശ്നമൊക്കെ ഇതിന് തെളിവാണ്.
ബോക്സിംഗ് രംഗത്തെ അതികായനായിരുന്ന ‘മുഹമ്മദലിയുടെ ‘
വാര്‍ദ്ധക്യകാലത്തെ അവസ്ഥ കായികരംഗത്തുപ്രവര്‍ത്തിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഉതകുന്നതാണ്
.പാര്‍ക്കിന്‍സണ്‍സ് (Parkinson`s-വിറവാതം ) രോഗമാണ് മുഹമ്മദലിക്കുപിടിപെട്ടത് .കരുത്തനായിരുന്ന ഒരു
മനുഷ്യന്‍ ,വാര്‍ദ്ധക്യത്തിലെത്താതെ തന്നെ, എണീറ്റുനടക്കാന്‍പോലും ക്ലേശിക്കുന്ന കാഴ്ച സ്പോഴ്‌സ് പ്രേമികളുടെ
കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിലെ കഠിനമായ വ്യായാമമുറകളും മാനസിക
സമ്മര്‍ദ്ദവുമാണ് കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ഇതുപോലെത്തന്നെയുള്ള മറ്റൊരു ദയനീയ കഥയാണ് ‘മിഹിര്‍സെന്നിന്റേയും‘.ഇഗ്ലീഷ്
ചാനല്‍ ആദ്യമായി നീന്തിക്കടന്ന(1958-ല്‍) ഇന്ത്യക്കാരനാണ് മിഹിര്‍സെന്‍.1966-ല്‍ മറ്റു നാലു കടലിടുക്കുകളും
നീന്തിക്കടന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.1959-ല്‍ ‘പത്മശ്രീയും’ 1967-ല്‍ പത്മഭൂഷണും ലഭിച്ചു.1997 ജൂണ്‍
12-ന് (66 വയസ്സ്) അന്തരിച്ച ഈ മഹനീയ വ്യക്തിയുടെ അവസാനകാലഘട്ടം ദയനീയമായിരുന്നു.’അല്‍‌ഷമേഴ്‌സ്
‘ രോഗത്തിന്റെ (Al-zheimer`s disease) പിടിയിലകപ്പെട്ടതുമൂലം മസ്തിഷ്കത്തിലെ കോശങ്ങള്‍ നശിച്ച് ‘ശയ്യയില്‍ ‘
ഒട്ടേറെ വര്‍ഷങ്ങള്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു.പണവും പ്രശസ്തിയുമൊക്കെ നഷ്ടപ്പെട്ട അദ്ദേഹത്തെ
തിരിഞ്ഞുനോക്കാന്‍ ഭാര്യയൊഴികെ(?) ആരും ഉണ്ടായിരുന്നില്ലെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതും;
ഒരായുസ്സിന്റെ ജീവ ചൈതന്യത്തെ ചെറിയ സമയത്തേക്കുമാത്രം ഉപയോഗിച്ചതിന്റെ
ഉദാഹരണമാണ്.പതിനഞ്ചിനും മുപ്പതിനും ഇടക്കുള്ള കാലഘട്ടത്തിലെ കഠിനവും വേഗതകൂടിയ്തുമായ
വ്യായാമമുറകളെ സമകാലീന കായികരംഗം പ്രത്സാഹിപ്പിക്കുന്നു.ഇത് മസ്തിഷ്ക-ശരീര ബന്ധത്തിന് കോട്ടം
തട്ടിക്കുമെന്ന് മനഃശാസ്ത്രഞ്ജര്‍ പറയുന്നു.കാര്യങ്ങള്‍ എന്തുതന്നെയായാലും ,ഹിംസാല്‍മക-അതിതീവ്ര
വ്യായാമത്തിലേര്‍പ്പെടുന്നവര്‍ക്ക് അമ്പതുവയസ്സ് എത്തുമ്പോഴേക്കും രോഗങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നതാണ്
കണ്ടുവരുന്നത്.
മുഹമ്മദലിയിലും മിഹിര്‍സെന്നിലും മാത്രം ഇത്തരം കഥകള്‍
ഒതുങ്ങിനില്‍ക്കുന്നില്ല.സഹതാപാര്‍ഹമായ ഒട്ടേറെ പേരുടെ കഥകള്‍ വെളിച്ചത്തുവരുന്നില്ല
എന്നുമാത്രം.എന്തെന്നാല്‍ കായികരംഗം വിജയികളെ തോളിലേറ്റിനടക്കുവാന്‍ മാത്രമേ ഇഷ്ടപ്പെടുന്നുള്ളു.
മുന്‍പറഞ്ഞ വിവരണങ്ങളില്‍നിന്ന് ; ഒന്നാം സ്ഥാനം,റെക്കോഡുകള്‍ എന്നിവയാണ്
കായികതാരങ്ങളെ പല അധാര്‍മ്മികശൈലികളും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നുകാണുന്നു.അതിനാല്‍
ഒന്നാംസ്ഥാനം,റെക്കോഡുകള്‍ എന്നിവ വേണ്ടെന്നുവെക്കുകയല്ലെ നല്ലത്. പകരമായി,മത്സര ഇനങളില്‍
വിജയനിര്‍ണ്ണയത്തിന് മനുഷ്യസാദ്ധ്യമായ ഒരു പരിധി നിശ്ചയിക്കുക.അതിനപ്പുറമുള്ളതെല്ലാം ഒന്നാം
സ്ഥാനമെന്നോ രണ്ടാംസ്ഥാനമെന്നോ തരംതിരിക്കാതെ ഒന്നാംഗ്രേഡായി കണക്കാക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന
പരിധി ‘ അഹിംസാല്‍മകത’ എന്ന തത്ത്വത്തെ ആശ്രയിച്ചായിരിക്കണം എന്നകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശാരീരികാദ്ധ്വാനത്തിന് പ്രസക്തിയില്ല എന്ന നിലയില്‍ ചിന്തിപ്പിക്കത്തക്കവിധമാണ് സമകാലീന
സംസ്കാരം മുന്നേറുന്നത് .ശാരീരികാദ്ധ്വാനമെന്നത് ഒരു പ്രത്യേക ജനവിഭാഗത്തെക്കൊണ്ട് നിര്‍ബന്ധിത
സാഹചര്യങ്ങളില്‍ ചെയ്യിപ്പിക്കുന്ന പ്രവൃത്തിയായി മാറിക്കൊണ്ടിരിക്കുന്നു.ഈ ജനവിഭാഗം ബുദ്ധിപരമായി ഏറെ
താഴ്ന്ന നിലയില്‍തന്നെയാണ്.ഇവരില്‍ പലരും കൈകാര്യംചെയ്യുന്ന ജോലികളും അതിന്റെ പരിസരവും
ആരോഗ്യത്തിനു ഹാനിവരുത്തുന്നവയാണ്.പക്ഷെ ,ഇതിന് ഇരയാകുന്ന ജനവിഭാഗം ‘മാരകങ്ങളായ’ ഈ
അവസ്ഥയെക്കുറിച്ച് അജ്ഞരാകയാല്‍ പ്രതികരിക്കുന്നുമില്ല. അതിനാല്‍തന്നെ , അധികൃതരുടെ ശ്രദ്ധ അങ്ങോട്ട്
പതിയുന്നുമില്ല.
അദ്ധ്വാനത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.നമ്മുടെ
വിദ്യാഭ്യാസപദ്ധതിയും അത്തരത്തില്‍ രൂപീകരിക്കപ്പെട്ടവയാണ്. “സര്‍വ്വതോന്മുഖമായ വികാസമാണ് 
വിദ്യാഭ്യാസം” എന്നൊക്കെയുള്ള നിര്‍വചനങ്ങള്‍ ‘ഏട്ടില്‍’ മാത്രം ഒതുങ്ങുന്നു.അദ്ധ്വാനത്തിന്റെ മൂല്യത്തെ
ആസ്പദമാക്കിയുള്ള പാഠഭാഗങ്ങള്‍പോലും അവയുടെ ശരിയായ അവബോധം കുട്ടികളില്‍ ജനിപ്പിക്കത്തക്കവണ്ണം
അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നും സംശയമണ്. കുടുംബവും ‘വൈറ്റ് കോളര്‍ ‘ ജോലിയോടുള്ള
ആസക്തി പുലര്‍ത്തുന്ന വിധത്തിലുള്ള വ്യക്തിത്വം കെട്ടിപ്പെടുക്കുന്നതില്‍ കുട്ടികള്‍ക്ക് പ്രേരണയാകുന്നു.
മുന്‍പറഞ്ഞ കാരണങ്ങളെക്കൊണ്ടുതന്നെ നാട്ടില്‍ വ്യായാമശാലകള്‍ പെരുകുന്നു. അവിടേയും
കച്ചവടത്തിന്റെ മുഖം പ്രകടമാകുന്നു. വ്യായാമശാലകളുടെ പേരുകളിലും ഇനത്തിലും സൌകര്യങ്ങളിലുമൊക്കെ
‘ഉടമസ്ഥര്‍ ‘ നൂതന സൃഷ്ടികള്‍ നടത്തുന്നു.വ്യായാമശാലകളുടെ ഉടമസ്ഥര്‍ പണം കൊയ്യുകയും ചെയ്യുന്നു.
“ദരിദ്രനായാലും ധനികനായാലും ഏതെങ്കിലും തരത്തിലുഅള്ള വ്യായാമം കൂടിയേ തീരൂ .എന്നാലത്
ഉല്പാദനത്തിന്റെ അഥവാ ആഹാരത്തിനുവേണ്ടിയുള്ള തൊഴിലിന്റെ രൂപം പൂണ്ടാലെന്ത്? കൃഷിക്കാരോട് ശ്വസന
വ്യായാമം ചെയ്യണമെന്നോ മാംസപേശികള്‍ ചലിപ്പിക്കണമെന്നോ ആരും ആവശ്യപ്പെടുന്നില്ല. “-- ഗാന്ധിജിയുടെ
ഈ വാചകങ്ങള്‍ക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട് .സമകാലീനസമൂഹം ശാരീരികാദ്ധ്വാനത്തിന്റെ മഹിമ
മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശാരീരികാദ്ധ്വാനം ശരീരത്തിന് ആവശ്യം തന്നെയാണ്. അതിനാല്‍
പണക്കാരനായാലും പാവപ്പെട്ടവനായാലും ശാരീരികാദ്ധ്വാനത്തിന്റെ മഹത്വം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്
,ശാരീരികാദ്ധ്വാനത്തെ ‘ തരംതാണതായിക്കാണുന്ന ചിന്താഗതി ‘ഇല്ലാതാക്കുന്നതിന് ഉപകരിക്കും. ധനികര്‍
ശാരീരികാദ്ധ്വാനം ചെയ്യാതെ വ്യായാമമെന്ന പേരില്‍ ശാരീരിക ചലനങ്ങളില്‍ ഏര്‍പ്പെടുന്നു.പക്ഷെ, ഈ
വ്യായാമത്തിനുവേണ്ടിവരുന്ന ഊര്‍ജ്ജം ,പണം, സമയം എന്നിവ കുടുബത്തിലെ കൃഷിപ്പണിയിലോ മറ്റോ
ഉപയോഗിക്കുകയാണെങ്കില്‍ ഏറെ ഗുണമുണ്ടാകുമെന്നാണ് ഗാന്ധിജി സൂചിപ്പിക്കുന്നത് .
മുതലാളിത്ത രാജ്യങ്ങളില്‍ യന്ത്രവല്‍കൃത വ്യവസ്ഥക്ക് ആക്കം കൂടുന്നു. അതിനാല്‍ അവിടെ
ശാരീരികദ്ധ്വാനത്തിന്റെ ആവശ്യകത വളരെ കുറവേ വരുന്നുള്ളൂ.(യന്ത്രവല്‍കൃതവ്യവസ്ഥയില്‍
സങ്കേതികാദ്ധ്വാനത്തിന്റെ ആവശ്യകത കൂടിയിരിക്കും. ) എങ്കിലും ആരോഗ്യപരിപാലനത്തിനുവേണ്ടി ജനങ്ങള്‍
വ്യായാമം എന്ന പദ്ധതി സ്വീകരിക്കുന്നു. അങ്ങനെയാകുമ്പോള്‍ ഈ യന്ത്രവല്‍കൃതവ്യവസ്ഥ ചെറിയതോതില്‍
പാഴ്വേലയാകുന്നില്ലേ.? മാത്രമല്ല ,ഈ വ്യവസ്ഥ പരിസ്ഥിതിയെ മലിനപ്പെടുത്തുകയും ചെയ്യുന്നു.ഇങ്ങനെയുള്ള
വിലയിരുത്തലില്‍ ; വ്യായാമത്തിലധിഷ്ടിതമായ സമൂഹത്തിന്റെ മാത്സര്യബുദ്ധിക്കും വിനോദത്തിനുമുള്ള ഒരു
വേദിയായി കായികരംഗം അധഃപതിച്ചതില്‍ അത്ഭുതമില്ല.പണക്കൊഴുപ്പിനാല്‍ നടത്തുന്ന ഇത്തരം ‘കുസൃതികള്‍’
ഇലക്ടോണിക് മദ്ധ്യമത്തിലൂടെ നുകര്‍ന്ന് ഭാരതത്തിലെ യുവതലമുറ വഴിതെറ്റണോ ? നമുക്ക്
ശാരീരികാദ്ധ്വാനത്തിന്റെ മഹത്ത്വം മനസ്സിലാക്കിജീവിച്ചുകൂടെ ?

9. എന്താണ് തെറ്റായ ജീവിതരീതി ?

പ്രകൃതിജീവനശാസ്ത്രത്തെ മരുന്നില്ലാത്ത വൈദ്യശാസ്ത്രമായാണല്ലോ വിവക്ഷിക്കുന്നത് ? രോഗത്തെ ഇല്ലായ്മ ചെയ്യാന്‍ രോഗകാരണത്തെ ഇല്ലായ്മ ചെയ്താല്‍ മതി എന്ന യുക്തിപരമായ അടിത്തറയും പ്രസ്തുതശാസ്ത്രം നല്‍കുന്നു.രോഗകാരണമായി ചൂണ്ടിക്കാണിക്കുന്നത് ‘തെറ്റായ ജീവിതചര്യയെന്ന ‘ അതിവിശാലമായ ‘കാരണ’ത്തെയാണ് .
ഒരു സധാരണക്കാരന് മുകളില്‍ വിവരിച്ച തത്ത്വശാസ്ത്രം ദഹിയ്ക്കുകയില്ല. അവനെ സംബന്ധിച്ചിടത്തോളം രോഗത്തെ എങ്ങനെയെങ്കിലും ഇല്ലായ്മ ചെയ്യണമെന്നുമാത്രമേയുള്ളു. ഈ പ്രശ്നം ; ഭരണകൂടത്തിന്റെ പിന്‍ബലമില്ലാതെ പ്രകൃതിജീവനം വ്യാപിപ്പിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍നില്‍ക്കുന്ന ഏറ്റവും വലിയ പ്രതിബന്ധമാണ്.
തെറ്റായ ജീവിതചര്യ ഏതോക്കെയെന്നു മനസ്സിലാക്കാന്‍ ഒരു വ്യക്തി ചുരുങ്ങിയത് ഏഴുദിവസത്തെയെങ്കിലും ജീവിതചര്യ അടങ്ങുന്ന ഡയറിക്കുറിപ്പ് എഴുതേണ്ടതാണ്.
പ്രസ്തുതഡയറിക്കുറിപ്പില്‍ ഉണരുന്ന സമയം ,കഴിച്ച ഭക്ഷണപാനീയങ്ങള്‍ ,അവയുടെ അളവ് , ഭക്ഷണസമയം,ഭക്ഷണരീതി,ശാരീരിക - മാനസിക അദ്ധ്വാനങ്ങള്‍ ,യാത്ര ,വിനോദങ്ങള്‍ ,വിസര്‍ജ്ജനം ,കുളി, ഉറക്കം, ഇരിയ്ക്കല്‍ ,നടക്കല്‍,നില്‍ക്കല്‍, സംസാരം, സംസാരവിഷയം ,വികാരങ്ങള്‍ ,വ്യക്തികള്‍ ,പരിസരം ,കാലാവസ്ഥ.......തുടങ്ങിയവയെക്കുറിച്ച് വ്യക്തമായി വിവരിക്കേണ്ടതാണ്.എന്നാല്‍ മാത്രമേ തെറ്റായ ജീവിതചര്യ ഏതൊക്കെയെന്ന് മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ.
സാധാരണയായി തെറ്റായ ജീവിതചര്യയില്‍ പ്രധാനമായി ഭക്ഷണം ,ലഹരി, ഉറക്കം,വ്യായാമം എന്നീഘടകങ്ങളാണ് എടുക്കാറുള്ളത് . മുന്‍പറഞ്ഞരീതിയില്‍ ,ഏഴുദിവസത്തെ ജീവിതചര്യ വിശകലനം ചെയ്യുമ്പോള്‍ മറ്റുപലതും പുറത്തുവരുന്നതുകാണാം.അവയെ ഒഴിവാക്കി ശരിയായ ജീവിതചര്യതന്നെ പുലര്‍ത്തേണ്ടതുണ്ട് .ഇവിടെ ഒരു വസ്തുത ഓര്‍ക്കേണ്ടതാണ് .’ ഒരു തെറ്റായ ജീവിതശീലം ഒഴിവാക്കുമ്പോള്‍ മറ്റൊരു ജീവിതശീലത്തിന് അടിമപ്പെടാതിരിക്കുക‘ എന്നതാണ് അത്.കാരണം ഒരു ശീലം ഒഴിവാക്കിയതുനിമിത്തമുള്ള അസ്വസ്ഥത ഇല്ലായ്മ ചെയ്യാന്‍ വ്യക്തി മറ്റൊന്നിലേയ്ക്ക് അഭയം തേടുക പതിവാണത്രെ ;പ്രത്യേകിച്ച് പ്രസ്തുത തെറ്റായ ജീവിതശീലത്തിന് ആസ്പദമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ! അതുകൊണ്ടുതന്നെ ജീവിതചര്യയെ വിശകലനം ചെയ്യുമ്പോള്‍ തെറ്റായ ജീവിതശീലം ഉണ്ടാക്കിയത് ഒരു പ്രത്യേക സാഹചര്യം നല്‍കിയ ‘ അനിവാര്യത‘യാണെന്ന് മനസ്സിലാക്കേണ്ടതുണ്ട് . അതിനാല്‍ ശീലത്തേക്കാ‍ളും സാഹചര്യത്തേക്കാളുമുപരി പ്രസ്തുത അനിവാര്യതയെ ഗൌരവമായി കണക്കിലെടുക്കണം . അല്ലെങ്കില്‍ വ്യക്തിയുടെ ശരിയായ ജീവിതചര്യയിലേക്കുള്ള പരിവര്‍ത്തനം ഉപരിപ്ലവമോ അല്ലെങ്കില്‍ താല്കാലികമോ ആയിത്തീരും.



8. കയ്യക്ഷരം നന്നാക്കുന്നതെങ്ങനെ?

ആശയപ്രകടനത്തിന് ഉപയോഗിക്കുന്ന മാദ്ധ്യമങ്ങളിലൊന്നാണ് എഴുത്ത് .പക്ഷെ , ആ എഴുത്തില്‍ കയ്യക്ഷരം മോശമായാലോ ? ആകെ പ്രശ്നം തന്നെ ! പല ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരും
വൃത്തിയില്ലാത്ത കയ്യക്ഷരത്തിന് ഉടമകളെന്നത് ഖേദകരമായ വസ്തുതയാണ്. വിദ്യാര്‍ഥികളെ
സംബന്ധിച്ചാണെങ്കില്‍ പരീക്ഷക്ക് ഉറപ്പായും ലഭിക്കേണ്ട മാര്‍ക്ക് ചിലപ്പോള്‍ ഈ ഇനത്തില്‍
നഷ്ടപ്പെട്ടുപോകുന്നു.പരീക്ഷാര്‍ഥിയുടെ കയ്യക്ഷരം ഉത്തരക്കടലാസ് നോക്കുന്ന അദ്ധ്യാപകന്റെ മനോനിലയെ
ബാധിക്കുമെന്നത് തര്‍ക്കമെറ്റ സംഗതിയാണ് ചൊട്ടയിലെ ശീലം ചുടലവരെയെന്നപോലെത്തന്നെയാണ് കയ്യക്ഷരത്തിന്റേയും
സ്ഥിതി. ഇത് കുട്ടികളില്‍ വളരേ ചെറുപ്പത്തില്‍ ശ്രദ്ധിക്കേണ്ട സംഗതിയാണ്. അപാകതകളെ അപ്പപ്പോള്‍ തന്നെ
ശരിയാക്കുകയും വേണം .എഴുത്ത് എഴുതിത്തന്നേയാണ് നന്നാക്കേണ്ടത് .കയ്യക്ഷരത്തെ സംബന്ധിച്ച
മനഃശാസ്ത്രപഠനങ്ങള്‍ വ്യക്തമാക്കുന്നത് ,ഇവ ചില സുപ്രധാനഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു
എന്നതാണ്.വ്യക്തിയുടെ മനോനില,പ്രായം,എഴുതാനിരിക്കുന്നപൊസിഷന്‍ ,പേനയുടെ വണ്ണം, മുനയില്‍നിന്ന
കൈവിരല്‍ എത്ര അകലത്തില്‍ പിടിക്കുന്നു ,അഗ്രഭാഗത്തിന്റെ വണ്ണം,എഴുത്തിന്റെ വേഗത,കൈവിരല്‍ കൊണ്ടുള്ള
വ്യായാമങ്ങള്‍ ,കൈ കൊണ്ടുള്ള അദ്ധ്വാനം എന്നിവയാണ് അവ .ഇതില്‍ ,വിദ്യാര്‍ഥികളുടെ കാര്യത്തില്‍ വണ്ണം
കുറഞ്ഞ പേന ഉപയോഗിക്കുന്നതാണ് നല്ല്ലത് .ചില കുട്ടികള്‍ക്ക് വേഗതയില്‍ എഴുതുവാന്‍
പ്രയാസമുണ്ടായിരിക്കും.അവര്‍ അക്ഷരങ്ങളുടെ വലുപ്പം അല്പമൊന്നുകുറച്ചാല്‍ മതി . മനഃശാസ്ത്രഞ്ജര്‍ കയ്യക്ഷരം
വികൃതമായ ഒരു കൂട്ടം കുട്ടികളെ നിരീക്ഷണത്തിന് വിധേയമാക്കി.ഈ കുട്ടികളുടെ കയ്യക്ഷരം മോശമാകുന്നതിനു
കാരണം അവരുടെ തന്നെ കായികാദ്ധ്വാനമാണത്രെ ! കായികാദ്ധ്വാനത്തിനുവേണ്ടി ഒരു വിധം വണ്ണമുള്ള
ഉപകരണങ്ങള്‍ അവര്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നുണ്ടായിരുന്നുവെത്രെ ! അതുകൊണ്ടുതന്നെ പേനപോലെ
വണ്ണം കുറഞ്ഞ വസ്തുവില്‍ പിടിച്ച് എഴുതുമ്പോള്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വിരലുകള്‍ കൊണ്ടുള്ള ചില
പ്രത്യേകവ്യായാമങ്ങള്‍ നല്‍കി കയ്യക്ഷരം നന്നാക്കാനുള്ള രീതികള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഉടലെടുത്തിട്ടുണ്ട് .
ഭംഗിയുള്ള കയ്യക്ഷരത്തിന്റെ പ്രധാന സവിശേഷത അത് വായനക്കാരന്റെ
പാരായണവേഗത വര്‍ദ്ധിപ്പിക്കുന്നു എന്നതാണ്.അല്ലാതെ മറ്റുതരത്തിലുള്ള കലാപരമായ മാറ്റങ്ങള്‍ അക്ഷരങ്ങളില്‍
വരുത്തിയാല്‍ ഭംഗിയുള്ളതാവില്ല എന്നു മനസ്സിലാക്കേണ്ടതുണ്ട് .

7. എന്താണ് പ്രകൃതിജീവനം ?

പ്രകൃതിജീവനമെന്നത് വെറും ആഹാരകാര്യങ്ങല്ലിലോ ജീവിതരീതിയിലോ ഒതുക്കിനിര്‍ത്താവുന്ന ഒന്നല്ല. അതിന്റെ വ്യാപ്തി അനന്തമാണ് . ജീവിതവുമായി ബന്ധപ്പെടുന്ന സര്‍വ്വമേഖലയിലും അതിന് അസ്തിത്വമുണ്ട്. സൈദ്ധാന്തികപരമായും പ്രത്യയശാസ്ത്രപരമായും അതിന് അതിന്റേതായ വീക്ഷണമുണ്ട് .
പ്രകൃതിജീവനം ജീവിയുടെ സ്വാഭാവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിയുടെ സ്വാഭാവികതയാകട്ടെ അതിന്റെ സൌഖ്യമാര്‍ന്ന നിലനില്‍പ്പിന് ആവശ്യമാണുതാനും. ആദിമംനുഷ്യനെ സംബന്ധിച്ചിടത്തോളം അദ്ധ്വാനമെന്ന പദത്തിന് അല്പവ്യാപ്തിയേയുള്ളൂ. അവ്നെ സംബന്ധിച്ചിടത്തോളം ഇര തേടുന്നതിന് അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. അഥവാ ഭക്ഷണത്തിനുവേണ്ടി അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനും അവയെ എതിര്‍ക്കാനും അവന് മെയ്യനക്കേണ്ടിയിരുന്നു. ഇത്തരത്തിലുള്ള ഒരു ജീവിതത്തില്‍ അവന്റെ സ്വാഭാവിക ഭക്ഷണരീതിയുടെ തത്ത്വശാസ്ത്രം ‘ ജീവിയ്ക്കുവാന്‍ വേണ്ടി ഭക്ഷിയ്ക്കുക ‘ എന്നുള്ളതായിത്തീരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . പക്ഷെ,ഈ തത്ത്വശാസ്ത്രം വര്‍ത്തമാനകാലത്തില്‍ പ്രയോഗിയ്ക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിയ്ക്കുന്നു.
ജീവിയ്ക്കുവാന്‍ വേണ്ടി അദ്ധ്വാനിയ്ക്കുക
ജീവിയ്ക്കുവാന്‍ വേണ്ടീ ഭക്ഷിയ്ക്കുക
ജീവിയ്ക്കുവാന്‍ വേണ്ടീ കൃഷിചെയ്യുക
ജീവിയ്ക്കുവാന്‍ വേണ്ടി പണം സമ്പാദിയ്ക്കുക......
എന്നിങ്ങനെയായിത്തീരുന്നു അവ.
ഈ ജീവിതരീതി സാദ്ധ്യമാകണമെങ്കില്‍ നമ്മുടെ രാജ്യത്തില്‍ മാത്രമല്ല ലോകത്തിലെതന്നെ ഭരണഘടനയില്‍ സമൂലമായ മാറ്റം വരുത്തേണ്ടിയിരിയ്ക്കുന്നു. ഇത്തരത്തിലുള്ള ജീവിതരീതിയില്‍ കഠിനാദ്ധ്വാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നോര്‍ക്കുക; അതിനാല്‍ത്തന്നെ ഈ ഘടനയില്‍ വിനോദങ്ങള്‍ക്ക് നിലനില്പില്ലതന്നെ .ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് ‘അഡോള്‍ഫ് ജസ്റ്റ് ‘ പ്രകൃതിയിലേയ്ക്കു മടങ്ങുക (Return to Nature ) എന്ന ഗ്രന്ഥം എഴുതിയിട്ടുള്ളത് .
പക്ഷെ, അത് സാദ്ധ്യമാണോ ?
പിന്നിട്ട വഴികളിലൂടെ വീണ്ടൂം സഞ്ചരിയ്ക്കാന്‍ പറ്റുമോ?
മനുസ്യന്റെ നിലനില്‍പ്പിനുമാത്രമല്ല ,ജീവവ്യവസ്ഥയുടെ നിലനില്പിനുപോലും ‘ പ്രകൃതിയിലേയ്ക്കുമടങ്ങുക ‘ അത്യാവശ്യമാണെന്ന് ഭാവിയില്‍ നമ്മളെല്ലാവരും മനസ്സിലാക്കുന്ന ഒരു ദിനം വരുമെന്നുറപ്പാണ്. നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്ന ‘വികസനത്തിന്റെ പാത ‘ നശീകരനത്തിന്റെ പാതയായി നമുക്ക് അനുഭവപ്പെടും . കാള്‍ സാഗന്റെ ‘ചില പ്രവചനങ്ങള്‍ ‘ നാം പലവട്ടം അപഗ്രഥിയ്ക്കേണ്ട സമയം ആഗതമാകും .
ഫുക്കുവോക്കയുടെ ദര്‍ശനം
വൈദ്യശാസ്ത്രത്തില്‍ ആയുര്‍വ്വേദം ,അലോപ്പതി,നാച്ച്വറോപ്പതി (പ്രകൃതിചികിത്സ ) എന്നിങ്ങനെയുള്ള ചികിത്സാപദ്ധതികള്‍ ഉണ്ടല്ലോ .കൃഷിശാസ്ത്രത്തിലെ ചികിത്സാപദ്ധതികളേയും മേല്പറഞ്ഞവയോട് ഉപമിയ്ക്കവുന്നതാണ് .പ്രകൃതികൃഷിയെ പ്രകൃതിജീവനത്തോടും ആയുര്‍വ്വേദത്തെ ജൈവകൃഷിയോടും അലൊപ്പതിയെ രാസവളങ്ങള്‍ ,കീടനാശിനികള്‍ എന്നിവ ഉപയോഗിച്ചുള്ള കൃഷിരീതിയോടും നമുക്ക് താരതമ്യം ചെയ്യാം.കാരണം സസ്യങ്ങളുടേയും ജീവികള്‍ഊടേയും ചികിത്സാപദ്ധതിയിലെ ‘ഐക്യദര്‍ശനം ‘ നാം വിലയിരുത്തേണ്ടതാണ് എന്നതുതന്നെ . പ്രകൃതിജീവനതല്പരനായ ഒരാള്‍ ‘ രാസവള കൃഷി ‘ നിമിത്തമിണ്ടാകുന്ന സസ്യോല്പന്നം ഭക്ഷണമാക്കുന്നതിന്റെ പൊരുത്തക്കേട് മനസ്സിലാക്കേണ്ടതുതന്നെയല്ലേ. അതുപോലെത്തന്നെ,ആയുര്‍വ്വേദ ഡോക്ടര്‍ ആയുര്‍വ്വേദമരുന്നിന്റെ കൂടെ അലോപ്പതി മരുന്നുകള്‍ രോഗിയ്ക്ക് നല്‍കുന്നതിലെ പോള്ളത്തരത്തിലേയ്ക്കും വെളിച്ചം വീശേണ്ടതല്ലേ . ജൈവകൃഷിയേയും ‘രാസവള - കീടനാശിനികൃഷിയേയും ‘ സമന്വയിപ്പിച്ചുകൊണ്ടൂപോകുന്നവര്‍ക്ക് മുന്‍പറഞ്ഞ ആയുര്‍വ്വേദ -അലോപ്പതി സമന്വയത്തെ കുറ്റം പറയാനൊക്കുമോ ?
സമകാലികലോകത്തിലെ പ്രകൃതികൃഷിയുടെ ആചാര്യനായി വാഴ്ത്തപ്പെടുന്ന ആളാണ് ‘മസനോബു ഫുക്കുവോക്ക ‘ . അദ്ദേഹത്തിന്റെ " Do Nothing Farming " എന്ന വചനം ഏറെ പ്രസിദ്ധമാണ് ; ഏറെ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട് .ഈ വാക്കുകള്‍ക്ക് പണീയൊന്നുംവേണ്ടാത്ത കൃഷിപ്പണീ എന്നതിലുപരി തത്ത്വശാസ്ത്രപരമായും പ്രത്യയശാസ്ത്രപരമായും ഏറെ പ്രസക്തിയുണ്ട് . ഇതിന്റെ സാരം മനസ്സിലാക്കുന്ന ഒരാള്‍ സ്വയം ചോദിച്ചുപോകും-- “ സസ്യങ്ങള്‍ക്ക് വളപ്രയോഗം ആവശ്യമാണോ ? കാട്ടിലെ സസ്യങ്ങള്‍ക്ക് ആരാണ് വളപ്രയോഗം നടത്തുന്നത് ? “
ആദിമമനുഷ്യന്‍ കാട്ടിലല്ലേ താമസിച്ചിരുന്നത് .അന്ന് അവന്‍ കായ് കനികള്‍ ഭക്ഷിച്ചല്ലേ ജീവിച്ചിരുന്നത് .അതായത് അവന്റെ സ്വാഭാവിക ഭക്ഷണം കായ് കനികള്‍ ആയിരുന്നു.പിന്നീട് കൂട്ടം കൂട്ടങ്ങളായി- ഓരോ സ്ഥലങ്ങളില്‍ പാര്‍പ്പുതുടങ്ങി. പ്രകൃതിക്ഷോഭം ,പകര്‍ച്ചവ്യാധികള്‍ ,ഗോത്രത്തിനുള്ളിലെ കലാപം ,ഭക്ഷണത്തിന്റെ അപര്യാപ്തത എന്നിവയൊക്കെമൂലം ഗോത്രം മുഴുവനായോ അല്ലെങ്കില്‍ വിഭജിച്ചോ മറ്റുസ്ഥലങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തുതുടങ്ങി .ഗോത്രങ്ങളുടെ സുസ്ഥിരതയില്‍ ഭരണാധിപന്‍ ആവശ്യഘടകമായിത്തീര്‍ന്നു. ഭരണാധിപന് തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനായി കായികശക്തിയും മനുഷ്യാദ്ധ്വാനവും സംഭരിയ്ക്കേണ്ടതായി വന്നു. അങ്ങനെയുള്ള അവസ്ഥയില്‍ ‘പണം ‘ എന്ന വസ്തു ഉല്‍ഭവിച്ചു. അധികാരവും പണവും തമ്മിലുള്ള ബന്ധം അതോടെ പ്രസക്തമായി . മനുഷ്യന്റെ ശാരീരികവും മാനസികവുമായ അദ്ധ്വാനം സംഭരിച്ചുവെയ്ക്കാനും വിനിമയം ചെയ്യാനും പണത്തെ ഉപയോഗപ്പെടുത്തി.പണം ലഭ്യമാകുന്നതിനുവേണ്ടി മനുഷ്യന്‍ പല മേഖലകളും ഉപയോഗപ്പെടുത്തി . അതിലൊന്നായിരുന്നു കൃഷി. വര്‍ദ്ധിച്ച വിളവ് ലഭിയ്ക്കാന്‍ വേണ്ടി പലതും പരീക്ഷിയ്ക്കപ്പെട്ടു. അങ്ങനെയുള്ള നിഗമനങ്ങളാല്‍ ‘കൃഷിയിലെ ശാസ്ത്രീയത‘ രൂപപ്പെട്ടു.ഇങ്ങനെ രൂപപ്പെട്ട ശാസ്തീയതയില്‍ പല സ്വാഭാവികതകള്‍ക്കും സ്ഥാനമില്ലാതായി .ഈ ശാസ്ത്രീയത പ്രയോഗത്തില്‍ വരുത്തിയതിന്റെ ഫലമായി വര്‍ദ്ധിച്ച് വിളവ് ലഭിയ്ക്കുകയും അതുവഴി പണം ലഭ്യമാകാനുള്ള സാഹചര്യം സൃഷ്ടിയ്ക്കപ്പെടുകയും ചെയ്തു.ഈ ശാസ്തീയതയുടെ നിഗമനങ്ങളിലോന്നാണ് ഒരേയിനം സസ്യങ്ങള്‍ ഒരേ സ്ഥലത്ത് കൃഷിചെയ്യുക എന്നത് . പക്ഷെ,ഒരേ സ്ഥലത്ത് ഒരേയിനം കൃഷി ഇറക്കുമ്പോള്‍ വിളവ് മോശമാകുന്നു. ഇത് പരിഹരിയ്ക്കാനായി അവര്‍ കൃഷിസ്ഥലങ്ങള്‍ വേറെ തേടി . ഒരു പുതിയ കൃഷിസ്ഥലം ഉണ്ടാക്കിയെടൂക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അവര്‍ മറ്റു വഴികള്‍ തേടിയിരിയ്ക്കും. അതില്‍നിന്നായിരിയ്ക്കും ‘ വളപ്രയോഗ സിദ്ധാന്തം ‘ ഉടലെടുത്തത് .
അതിനാല്‍ത്തന്നെ ,പ്രകൃതിജീവനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഇവിടെ എടുത്തുപറയേണ്ടതുണ്ട് . പ്രകൃതിജീവനം സൈദ്ധാന്തികതലത്തില്‍ അര്‍ഥമാക്കുന്ന സ്വാഭാവികത ആദിമമനുഷ്യന്റെ (ഗോത്രകാലത്തിനുമുമ്പേ ) അവസ്ഥയായിരുന്നല്ലോ. ഈ അവസ്ഥ ലോകത്തില്‍ ഇല്ലാതാകണമെങ്കില്‍ ‘പണം‘ എന്ന വസ്തു ഇല്ലാതാകണം. പണത്തിന്റെ നാശത്തിലൂടെ ‘ഇസ’ങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നു. അധികാരത്തിന്റെ കേന്ദ്രീകരണം ഇല്ലാതാകുന്നു. ഗാന്ധിയന്‍ സൈദ്ധാന്തത്തില്‍ അധിഷ്ഠിതമായ അരാജകത്തമാണെങ്കില്‍ ‘നന്മ’എന്നത് സമൂഹത്തിന്റെ ആചാരമായി മാറിയിരിയ്ക്കും( സര്‍.ശ്രീ .ശങ്കരന്‍ നായരുടെ ‘ഗാന്ധിസവും അരാജകത്വവും ‘ എന്ന ഗ്രന്ഥം നല്‍കുന്ന സൂചനകള്‍ ഓര്‍ക്കുക ) പണത്തിന്റെ പ്രസക്തി നഷ്ടപ്പെടൂന്നതോടെ സമൂഹത്തിലെ അനീതികളും അതിമോഹങ്ങളും അപ്രത്യക്ഷമാകുന്നു. ഇവിടെ ‘ട്രോഡ്‌സ്കി’യുടെ വചനങ്ങള്‍ക്ക് പ്രസക്തിയുണ്ട് .‘വിപ്ലവം ജയിയ്ക്കണമെങ്കില്‍ അത് എല്ലായിടത്തുംവരണമെന്ന് ‘ ട്രോഡ്‌സ്കി പറഞ്ഞു. അതുപോലെ‘ മുന്‍പുവിവരിച്ച അവസ്ഥ ‘ലോകത്തില്‍ എല്ലായിടത്തും വന്നാലേ ‘നന്മ നിറഞ്ഞ അരാജകത്വം’ സാധ്യമാകൂ. ചരിത്രത്തിലും ഇതിന് തെളിവുകളുണ്ട്. ‘കലിംഗവു‘മായ യുദ്ധത്തിലെ അവസ്ഥ ദര്‍ശിച്ച അശോകന്‍ മനം നൊന്ത് അഹിംസാപ്രവാചകനായ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. തുടര്‍ന്ന് അദ്ദേഹം അഹിംസയിലധിഷ്ടിതമായാണ് ഭരണചക്രം തിരിച്ചത് .ഇത് സാദ്ധ്യമാക്കിയതില്‍ രണ്ടുകാര്യങ്ങളുണ്ട് .ഒന്നാമതായി യുദ്ധത്തിന്റെ ഫലമായി ഉണ്ടായ പണത്തിന്റെ നാശം തക്കതായ സാഹചര്യം ഒരുക്കിക്കോടുത്തു.രണ്ടാമതായി ,അശോകന്‍ നടപ്പിലാക്കിയ അഹിംസാസിദ്ധാന്തത്തിന്റെ പ്രതിഫലനങ്ങള്‍ അയല്‍‌രാജ്യങ്ങളും ഏറ്റുവാങ്ങി.
മണ്ണും സസ്യപോഷണവും
മണ്ണില്‍നിന്ന് സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്യുകവഴി സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങളുടെ കുറവ് മണ്ണില്‍ അനുഭവപ്പെടുമോ ? അതല്ലെങ്കില്‍ വൈക്കോല്‍ നീക്കം ചെയ്യപ്പെടാതെ ധാന്യം മാത്രമെടുത്താല്‍ ആ കുറവ് പ്രസക്തമാണോ? അതുപോലെത്തന്നെ നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ ഭാഗം മാത്രമെടുത്താലും മണ്ണിലെ മൂപകങ്ങള്‍ക്ക് കുറവുണ്ടാകുമോ? കുറവുണ്ടാകുമെന്നാണ് ശാസ്തീയ കൃഷിരീതി അവകാശപ്പെടുംന്നത് .ഇതിനുവേണ്ടി നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ പദാര്‍ത്ഥത്തിന്റെ രാസവിശ്ലേഷണഫലങ്ങളും (ഒരു നിശ്ചിത പിണ്ഡത്തിന്റെ ഓരോ മൂലകത്തിന്റേയും അനുപാതമടക്കം ) മണ്ണ് പരിശോധനാഫലങ്ങളും അവര്‍ നല്‍കുന്നു.ഇവയെ തമ്മില്‍ ബന്ധപ്പെടുത്തി ഒരു ഫോര്‍മുലയും നിര്‍മ്മിച്ചിരിയ്ക്കുന്നു.പക്ഷെ ,ഒരു കാര്യം നാം മറക്കുന്നു.പരീക്ഷണശാലയിലെ മണ്ണും കൃഷിയിടത്തിലെ മണ്ണും വ്യത്യസ്തമാണെന്നതാണ് അത് . പരീക്ഷണശാലയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മണ്ണില്‍ വ്യത്യാസങ്ങള്‍ വളരേക്കുറച്ചേ സംഭവിയ്ക്കുന്നുള്ളൂ. പക്ഷെ,കൃഷിസ്ഥലത്തെ മണ്ണില്‍ അങ്ങനെയല്ല. അവിടെ പലകാര്യങ്ങളും സംഭവിയ്ക്കുന്നു. കാറ്റ്,മഴ,മഞ്ഞ്,സൂക്ഷ്മജീവികള്‍ ,സസ്യങ്ങള്‍,പക്ഷികള്‍,പ്രാണികള്‍,ജന്തുക്കള്‍,മണ്ണൊലിപ്പ്,എന്നിവയുടെയൊക്കെ ഫലമായി കൃഷിയിടത്തിലെ മണ്ണില്‍ മാറ്റങ്ങള്‍ നിത്യേന ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു.അതായത് ഒരോ വര്‍ഷവും പുതുമഴയ്ക്കുശേഷം മണ്ണില്‍ മൂലകങ്ങളുടെ ഒരു പ്രത്യേക സന്തുലിതാവസ്ഥ ദൃശ്യമാകുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്തതിന്റെ ഫലമായി ഉണ്ടാകുമെന്ന് കരുതപ്പെടുന്ന മൂലകങ്ങളുടെ കുറവ് പരിഹരിയ്ക്കപ്പെടില്ലേ. എന്നാല്‍ ചില കൃഷിസ്ഥലങ്ങള്‍ ,ഈ മൂലകങ്ങളുടെ കുറവ് പ്രകൃതിയാല്‍ത്തന്നെ പരിഹരിയ്ക്കാവുന്ന തരത്തിലുള്ളവയായിരിക്കില്ല എന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ മുകളില്‍പ്പറഞ്ഞ ഘടകങ്ങളുടെ ( മഴ,കാറ്റ്,വെള്ളപ്പാച്ചില്‍.... ) ലഭ്യതയെ എളുപ്പത്തില്‍ കിട്ടത്തക്കവണ്ണമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ് .ചില കൃഷിയിടങ്ങളാവട്ടെ ,ഇവയുടെ ലഭ്യതയെ തടയുന്നത് മനുഷ്യന്റെതന്നെ പ്രവൃത്തികളുമായ്യിരിയ്ക്കും എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ശാസ്ത്രീയജീവനം
ശാസ്തീയജീവനം ലോകത്തിന് ഒരിയ്ക്കലും സ്ഥിരമായ ഒരു ഫോര്‍മുല നല്‍കിയിട്ടില്ല. ശാസ്ത്രീയതയാല്‍ നിര്‍മ്മിയ്ക്കപ്പെടുന്ന ഫോര്‍മുലകള്‍ കാലവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.കാലത്തെ ബന്ധപ്പെടുത്തിമാത്രമേ ഈ സമവാക്യത്തിലെ ‘ശരി-തെറ്റ് ‘ നിര്‍ണ്ണയിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. അതിനാല്‍ത്തന്നെ ശാസ്ത്രീയത എപ്പോഴും വ്യതിയാനത്തിന് (Variyation) അധീനപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.ഈ വ്യതിയാനത്തിന്റെ നിരക്കുപോലും (Rate) നമ്മുടെ ശാസ്ത്രഞ്ഞന്മാര്‍ക്ക് നിര്‍ണ്ണയിയ്ക്കാന്‍ കഴിയുന്നില്ല എന്നതിനോട് നമുക്ക് സഹതപിയ്ക്കാന്‍ മാത്രമേ കഴിയൂ . അനിര്‍വ്വചനീയങ്ങളെ നിര്‍ണ്ണയിയ്ക്കാനുള്ള ശ്രമങ്ങളും ക്രമമില്ലാത്തവയിലെ ക്രമത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങളും (ഉദാ- കയോസ് ) വിജയിയ്ക്കുമെന്നും വിജയിച്ചെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ നമുക്ക് പ്രത്യാശകള്‍ നല്‍കുന്നുവെന്നുമാത്രം
ത്രിമാനദര്‍ശനം മാത്രമേ മനുഷ്യേന്ദ്രിയത്തിന് സാദ്ധ്യമാകുകയുള്ളൂ, ത്രിമാനത്തിന് അപ്പുറത്ത് ഏതാനും ചിലമാനങ്ങള്‍ (Dimentions ) കൂടിവന്നാല്‍ മനുഷ്യമസ്തിഷ്കത്തിന് വിശകലനം അസാദ്ധ്യമാകുന്നു.ഇവിടെ വിശകലനം അസാദ്ധ്യമാണെന്നുപറഞ്ഞത് വിഘടനാത്മക വിശകലനത്തെക്കുറിച്ചല്ല (Fractional Analysis) ; ത്രിമാനദര്‍ശനത്തിന് അപ്പുറത്തുള്ള ‘മാന‘ങ്ങളെ ചേര്‍ത്തുള്ള സമഗ്രതയെക്കുറിച്ചുമാത്രമാണ് .
സമകാലികലോകത്തിലെ ഉപഭോഗസംസ്കാരത്തിലധിഷ്ഠിതമായ സമൂഹത്തില്‍ സ്വാഭാവിക ജീവിതശൈലിയെ നശിപ്പിയ്ക്കാനാണ് ശാസ്ത്രീയത പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് .ഇന്ദ്രിയങ്ങളുടെ ഉപയോഗത്തേയും ദുരുപയോഗത്തേയും വേര്‍തിരിച്ചറിയുന്നതില്‍ ‘മനുഷ്യന്‍ ‘ പരാചയപ്പെടുന്നു.വിശപ്പും ആര്‍ത്തിയും തമ്മിലുള്ള വ്യത്യാസം അവന് മനസ്സിലാക്കാന്‍ സാധിയ്ക്കുന്നില്ല. ജീവിയുടെ നിലനില്പിനാവശ്യമായ ഒരു ഉള്‍വിളിയുടെ ഫലമായാണ് വിശപ്പുണ്ടാകുന്നത്. എന്നാല്‍ ‘ആര്‍ത്തി’യാകട്ടെ രസനേന്ദ്രിയങ്ങളുടെ തെറ്റായ കണ്ടീഷനിംഗിന്റെ ഫലമായിട്ടുള്ളതാണ് . (വയറുനിറഞ്ഞീട്ടും ഒരു രസത്തിനുവേണ്ടിയെന്നുപറഞ്ഞ് ചിലര്‍ വിശിഷ്ഠഭോജ്യം കഴിയ്ക്കുന്ന കാര്യം ഓര്‍ക്കുക.) സമകാലിക സമൂഹത്തില്‍ ഈ തെറ്റായ ശീലങ്ങള്‍ രസനേന്ദ്രിയത്തിനുമാത്രമല്ല കൈവന്നീട്ടുള്ളത് .ശ്രവണേന്ദ്രിയത്തിനും ദൃശ്യേന്ദ്രിയത്തിനുമൊക്കെ കൈവന്നിട്ടുണ്ട് . ലൈംഗികകാര്യങ്ങളിലും (സ്പര്‍ശനേന്ദ്രിയത്തിനും ) ഈ ദുരുപയോഗം ഏറെ നടക്കുന്നു. അതിന് ലോകോത്തര ഉദാഹരണങ്ങളാണ് ‘ഡയാനയും ബില്‍ ക്ലിന്റനുമൊക്കെ .
ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ‘ശാസ്ത്രീയത ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നു എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍തന്നെയാണ് അതിന്റെ ദുരുപയോഗവും ഏറെ നടക്കുന്നത് . കാരണം,ഒരു സാധാരണ മനുഷ്യന് ‘ശാസ്ത്രീയതയുടെ ശരിയായ നടത്തിപ്പ് ( Management) അസാദ്ധ്യമാണ് എന്നതുതന്നെ .അതിനാല്‍ത്തന്നെ അവന്റെ ആഹാരശൈലിയിലും ജീവിതരീതിയിലുമൊക്കെ അവന്‍ ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു.മനുഷ്യന്റെ ഭക്ഷണകാര്യത്തില്‍ വെജിറ്റേറിയന്‍ ,നോണ്‍- വെജിറ്റേറിയന്‍ എന്നീ തരം തിരിവുകള്‍ ഉള്ളതാണല്ലോ.ഇപ്പോള്‍ മനുഷ്യസമൂഹം വേറൊരുതരംതിരിവിനുകൂടി പാത്രീഭവിച്ചിരിയ്ക്കുന്നു.അതാണ് രാസഭുക്കുകള്‍ എന്ന വിഭാഗം .നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ രാസവസ്തുക്കളുടെ അളവും ഔഷധങ്ങളായി ഉപയോഗിയ്ക്കുന്നവയിലെ രാസവസ്തുക്കളുടെ അളവും വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന കാര്യം ഹാസ്യാത്മകമായി സൂചിപ്പിയ്ക്കാനാണത്രെ രാസഭുക്കെന്ന പദപ്രയോഗം തന്നെ.
ഒരു സാ‍ധാരണ കൃഷിക്കാരന്റെ കാര്യത്തിലും ‘ശാസ്തീയതയുടെ ‘ ഉപയോഗം ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു. ശാസ്ത്രീയമായ വളപ്രയോഗവും കീടനാശിനിപ്രയോഗവും അവന് നടപ്പിലാക്കാന്‍ സാധിയ്ക്കുന്നില്ല.എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം തേടിയാല്‍പ്പോരേ എന്ന് ചിലര്‍ പറഞ്ഞേക്കാം.പക്ഷെ,ഒന്നില്‍ക്കൂടുതല്‍ വിദഗ്‌ദ്ധന്മാരെ കണ്ടാല്‍ ലഭിയ്ക്കുന്ന ഉപദേശങ്ങളില്‍ ‘വ്യത്യാസങ്ങള്‍’ ഏറെ പ്രകടമാകുന്നു. ഇതൊക്കെ സൂചിപ്പിയ്ക്കുന്നത് സൈദ്ധാന്തികതലത്തിലെ വിജയം കൊണ്ടുമാത്രം ശാസ്ത്രത്തിന്റെ മഹത്വം നാം കൊട്ടിഘോഷിയ്ക്കാന്‍ പാടില്ല എന്നതാണ് .പ്രായോഗികതലത്തില്‍ അതിന്റെ പിഴവും ദുരുപയോഗവും മുന്‍‌കൂട്ടിക്കണ്ട് അതിനുവേണ്ട പരിഹാരങ്ങള്‍ സൈദ്ധാന്തികതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശാസ്ത്രത്തെയാണ് നാം പിന്താങ്ങേണ്ടത് .അങ്ങനെ രൂപപ്പെടുന്ന ശുദ്ധമായ ശാസ്ത്രത്തില്‍ ‘സ്വാഭാവികതയ്ക്ക് ‘ അര്‍ഹമായ സ്ഥാനം ലഭിയ്ക്കുന്നു. അതിനാല്‍ത്തന്നെ ആ ശാസ്ത്രം നിത്യസത്യമായിത്തീരുകയും ചെയ്യുന്നു.