സമകാലീന ലോകത്തില്‍ മാനസികപിരിമുറുക്കം (Mental Tension) അനുഭവപ്പെടാത്തവര്‍ ‘ഇല്ല’ എന്നുതന്നെ പറയാം.മാനസിക ടെന്‍ഷന്‍ വ്യക്തിയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുമെന്ന് മാത്രമല്ല,പല രോഗങ്ങളും വ്യക്തിയില്‍ വരുത്തിവെക്കുകയും ചെയ്യുന്നു.തലവേദന,ഗ്യാസ് ട്രബിള്‍,മലബന്ധം,അള്‍സര്‍,ഡയബറ്റിക്സ്,ആസ്മ,ബ്ലഡ് പ്രഷര്‍,ഹൃദ്രോഗം,ഇന്‍സോമനിയ(ഉറക്കമില്ലായ്മ)തുടങ്ങിയവയാണ്‘ ടെന്‍ഷന്‍ ‘ മൂലം മനുഷ്യനിലുണ്ടാകുന്ന പ്രധാന രോഗങ്ങള്‍. ചില രോഗികളാവട്ടെ,രോഗത്തിന്റെ മൂലകാരണമായ ടെന്‍ഷനെപ്പറ്റിയുള്ള വസ്തുതകള്‍ ഡോക്ടറില്‍ നിന്നും മറച്ചുവെക്കുന്നു.ഇതിന്റെ ഫലമായി രോഗം മാറാതിരിക്കുന്നുവെന്നുമാത്രമല്ല,നിരന്തരമായ ഔഷധസേവയുടെ ഭാഗമായി രോഗി പല മാരഗരോഗങ്ങള്‍ക്കും അടിമയായിത്തീരുന്നു.ഇത് രോഗിയുടെ ആയുസ്സ് കുറക്കുന്നതിനുകാരണമാക്കുന്നു.അതിനാല്‍ മാനസിക ടെന്‍ഷനെ ഗൌരവമായി വിലയിരുത്തേണ്ടതുണ്ട്.
ശരീരത്തിന്റെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യൂഹമാണ്.ഈ നാഡീവ്യൂഹവും(Nervous system) അന്തഃസ്രാവീഗ്രന്ഥികളുമാണ് (Endocrine glands) ശാരീരിക അവയവങ്ങളില്‍ ഏറ്റവും സാവധാനത്തില്‍ പക്വത പ്രാപിക്കുന്നത്.നാഡീവ്യൂഹത്തിലെ ഒരു വിഭാഗമായ സ്വായത്തനാഡീവ്യൂഹവും (Autonomic nervous system) അന്തഃസ്രാവീഗ്രന്ഥികളിലൊന്നായ അധിവൃക്കാ ഗ്രന്ഥികളുമാണ് (Adrenal Glands) മാനസിക ടെന്‍ഷനുമായി ബന്ധപ്പെട്ട ശാരീരിക ഘടകങ്ങള്‍.
ബോധമനസ്സില്‍ എത്താത്തതും ഇച്ചാപരമല്ലാത്തതുമായ ചില പ്രവര്‍ത്തനങ്ങള്‍ സ്വയം നിയന്ത്രിതമായ സ്വായത്തനാഡീവ്യൂഹത്തിന്റെ കീഴിലാണ്.സ്വായത്ത നാഡീവ്യൂഹത്തെ അനുകമ്പാ നാഡീവ്യൂഹമെന്നും (Sympathetic Nerves) പാരാനുകമ്പാ നാഡികളെന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു.ഇതില്‍ അനുകമ്പാനാഡികളാണ് ശരീരത്തെ ടെന്‍ഷന്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ സ്വാധീനിക്കുന്നത്.എന്നുവെച്ചാല്‍ ടെന്‍ഷന്‍ അനുഭവപ്പെടുന്ന ഘട്ടത്തില്‍ അനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുകയും അതുവഴി ടെന്‍ഷന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ അവസരത്തില്‍ പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം തുലോം തുച്ചമായിരിക്കും. അതായത് ടെന്‍ഷന് ശരീരം എത്രത്തോളം വിധേയമാകുന്നുവോ അതിന് ആനുപാതികമായി കുറവേ പാരാനുകമ്പാനാഡികള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.ശരീരം ശാന്തമായിരിക്കുന്ന അവസരത്തില്‍ പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരിക്കും.പരാനുകമ്പാ നാഡീവ്യൂഹം ഹൃദയമിടിപ്പ്,രക്തസമ്മര്‍ദ്ദം എന്നിവയുടെ വര്‍ദ്ധനവിനെ കുറച്ച് രക്തത്തെ ദഹനേന്ദ്രിയങ്ങളിലേക്ക് പ്രവഹിപ്പിക്കുന്നു.ചുരുക്കിപ്പറഞ്ഞാല്‍ ശരീരത്തിന്റെ ഉപാപചയപ്രവര്‍ത്തനം (Metabolism) ശരിയായ തോതില്‍ നിര്‍വഹിക്കപ്പെടുന്നത് പാരാനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമായിരിക്കുമ്പോഴാണ്.ഈ സന്ദര്‍ഭത്തില്‍ ശരീരത്തിനും മനസ്സിനും ശാന്തത കൈവരുന്നു.പല സര്‍ഗ്ഗവ്യാപാരങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ഈ ശാന്തതയില്‍ നിന്നാണ്.
സാധാരണ ഗതിയില്‍ ,ശരീരത്തില്‍ അനുകമ്പാ നഡികളുടേയും പരാനുകമ്പാ നഡികളുടേയും പ്രവര്‍ത്തനം ഒരു പ്രത്യേക അനുപാതത്തില്‍ സന്തുലിതപ്പെട്ടായിരിക്കും നിര്‍വഹിക്കപ്പെടുന്നത്.പക്ഷെ ,ടെന്‍ഷനുണ്ടാകുന്ന അവസരത്തില്‍ ,അനുകമ്പാ നാഡികളുടെ പ്രവര്‍ത്തനം വേഗത്തിലാകുന്നതുവഴി ഈ ആനുപാതിക- സന്തുലിത പ്രവര്‍ത്തനത്തിന് ഭംഗം സംഭവിക്കുകയും ശരീരത്തില്‍ ടെന്‍ഷന്റെ ലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. വൃക്കയുടെ തൊട്ടുമുകളിലായി , മഞ്ഞകലര്‍ന്ന തവിട്ടുനിറത്തില്‍ കാണപ്പെടുന്ന അന്തഃസ്രാവീഗ്രന്ഥിയാണ് അധിവൃക്കാഗ്രന്ഥികള്‍ (Adrinal Glands) ഇതിന്റെ പുറം ഭാഗത്തുള്ള ആവരണത്തെ കോര്‍ട്ടെക്സ് (Cortex) എന്നും ഉള്‍ഭാഗത്തുള്ള ആവരണത്തെ മെഡുല്ല(Medulla) എന്നും പറയന്നു.അനുകമ്പാ നാഡികളുടെ നിയന്ത്രണത്തിലുള്ള ഭാഗമാണ് മെഡുല്ല.ഹൈപ്പോത്തലാമസ്സിന് മെഡുല്ലയെ ഉത്തേജിപ്പിക്കുവാന്‍ കഴിയും.മെഡുല്ലയില്‍ നിന്നും പുറപ്പെടുന്ന രണ്ട് ഹോര്‍മോണുകളാണ് അഡ്രിനാലിന്‍ (Adrinalin) നോര്‍- അഡ്രിനാലിന്‍ എന്നിവ.
ബാഹ്യലോകത്തുനിന്നും സ്വന്തം ശരീരത്തില്‍ നിന്നും ഉണ്ടാകുന്ന എല്ലാതരം സമ്മര്‍ദ്ദങ്ങളേയും ചെറുത്തുനില്‍ക്കുവാനുള്ള ശക്തി ഒരു ജീവിക്ക് പ്രദാനം ചെയ്യുന്നത് അഡ്രിനല്‍ ഗ്രന്ഥിയും അനുകമ്പാ നാഡീവ്യൂഹവും ചേര്‍ന്നാണ്. ‘ടെന്‍ഷന് ‘ ആസ്പദമായ സാഹചര്യം ഉണ്ടാകുന്ന അവസരത്തില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് അഡ്രിനലിന്‍ എന്ന ഹോര്‍മോണ്‍ രക്തത്തിലേക്ക് പൊടുന്നനെ പ്രവഹിക്കുന്നു. അഡിനലിന്റെ പ്രവര്‍ത്തനഫലമായി കൃഷ്ണമണി വികസിച്ച് കാഴ്ച ശക്തിപ്പെടുന്നു.ഈ സമയത്ത് ദഹനേന്ദ്രിയ രക്തധമനികളുടേ വ്യാസം ചുരുങ്ങുകയും പ്ലീഹയുടെ വലുപ്പം കുറയുകയും തന്‍മൂലം ധാരാളം രക്തം ടിഷ്യൂകളിലേക്കും ഹൃദയത്തിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു.ഹൃദയത്തിന്റെ പ്രവര്‍ത്തനം കൂടുന്നതുവഴി രക്തം പമ്പുചെയ്യുന്നതിന്റെ അളവു വര്‍ദ്ധിക്കുന്നു.ഈ രക്തം കാലിലേയും കയ്യിലേയും മാംസപേശികളിലേക്ക് ഇരമ്പിപ്പായുന്നു. അഡ്രിനലിന്‍ മാംസപേശികളിലേക്കുള്ള രക്തക്കുഴലുകളുടെ ഭിത്തിയിലെ പേശികള്‍ക്ക് അയവുവരുത്തുന്നു.തന്മൂലം മാംസപേശിയിലേക്ക് കൂടുതല്‍ രക്തം പ്രവഹിക്കുന്നു
ടെന്‍ഷന് ആസ്പദമായ സാഹചര്യം സൃഷ്ടിക്കപ്പെടുന്ന അഡ്രിനലിന്‍ കരളിലെ ഗ്ലൈക്കോജനെ വിഘടിപ്പിച്ച് ഗ്ലൂക്കോസാക്കിമാറ്റുന്നു.ഇത് രക്തത്തിലുള്ള ഷുഗറിന്റെ സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുന്നു.അങ്ങനെ മാംസപേശികള്‍ക്ക് കൂടുതല്‍ രക്തവും ഊര്‍ജ്ജത്തിനാവശ്യമായ ഷുഗറും പ്രധാനം ചെയ്യപ്പെടുന്നു.ഇത് മാംസപേശികളുടെ പ്രവര്‍ത്തനത്തിന് ഏറ്റവും പറ്റിയ ‘വ്യവസ്ഥ’ സൃഷ്ടിക്കുന്നു.അങ്ങനെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ ആക്രമിക്കാനോ അല്ലെങ്കില്‍ ഒളിച്ചോടി രക്ഷപ്പെടാനോ എന്ന പ്രതികരണത്തിന് (Flight or Fight Response) ജീവിയെ സജ്ജമാക്കുന്നു.ടെന്‍ഷന് ആസ്പദമായ സാഹചര്യം തരണംചെയ്തുകഴിഞ്ഞാല്‍ ,നോര്‍ അഡ്രിനലിന്‍ (Nor Adrinalin) രക്തപ്രവാഹത്തെ നിയന്ത്രിച്ച് സാധാരണ അവസ്ഥയിലേക്ക്കൊണ്ടുവരുന്നു.
മാനസിക ടെന്‍ഷന്‍ ജീവിയുടെ കൂടപ്പിറപ്പാണ്.ജീവിയെ അതുമായി ബന്ധപ്പെടുത്തുന്ന പ്രതികൂലസാഹചര്യത്തില്‍നിന്ന് രക്ഷിക്കുവാന്‍ പര്യാപ്തമാക്കുക എന്നതാണ് ടെന്‍ഷന്റെ ഉദ്ദേശ്യം.അതിനാല്‍തന്നെ ടെന്‍ഷന്‍ സ്വാഭാവികമാണെന്ന് വ്യക്തം.ഒരു വ്യക്തിയില്‍ ശാരീരികവളര്‍ച്ചക്ക് ആനുപാതികമായിട്ടാണ് ടെന്‍ഷനെ നേരിടുവാനുള്ളശേഷി വളര്‍ന്നുവരുന്നതെന്ന് പoനങ്ങള്‍ വ്യക്തമാക്കുന്നു.അതുപോലെത്തന്നെ പുതിയ സാഹചര്യങ്ങളും പ്രതിഭാസങ്ങളും വ്യക്തിയില്‍ ടെന്‍ഷന്‍ ഉളവാക്കുന്നവയാണ്.പക്ഷെ, അവ ആവര്‍ത്തനസ്വഭാവമുള്ളവയായതിനാല്‍ ‘ടെന്‍ഷന്‍’ കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്.
No comments:
Post a Comment