Total Pageviews

Sunday 10 October 2010

7. എന്താണ് പ്രകൃതിജീവനം ?

പ്രകൃതിജീവനമെന്നത് വെറും ആഹാരകാര്യങ്ങല്ലിലോ ജീവിതരീതിയിലോ ഒതുക്കിനിര്‍ത്താവുന്ന ഒന്നല്ല. അതിന്റെ വ്യാപ്തി അനന്തമാണ് . ജീവിതവുമായി ബന്ധപ്പെടുന്ന സര്‍വ്വമേഖലയിലും അതിന് അസ്തിത്വമുണ്ട്. സൈദ്ധാന്തികപരമായും പ്രത്യയശാസ്ത്രപരമായും അതിന് അതിന്റേതായ വീക്ഷണമുണ്ട് .
പ്രകൃതിജീവനം ജീവിയുടെ സ്വാഭാവികതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിയുടെ സ്വാഭാവികതയാകട്ടെ അതിന്റെ സൌഖ്യമാര്‍ന്ന നിലനില്‍പ്പിന് ആവശ്യമാണുതാനും. ആദിമംനുഷ്യനെ സംബന്ധിച്ചിടത്തോളം അദ്ധ്വാനമെന്ന പദത്തിന് അല്പവ്യാപ്തിയേയുള്ളൂ. അവ്നെ സംബന്ധിച്ചിടത്തോളം ഇര തേടുന്നതിന് അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. അഥവാ ഭക്ഷണത്തിനുവേണ്ടി അദ്ധ്വാനിയ്ക്കേണ്ടിയിരുന്നു. ശത്രുക്കളില്‍നിന്ന് രക്ഷനേടുന്നതിനും അവയെ എതിര്‍ക്കാനും അവന് മെയ്യനക്കേണ്ടിയിരുന്നു. ഇത്തരത്തിലുള്ള ഒരു ജീവിതത്തില്‍ അവന്റെ സ്വാഭാവിക ഭക്ഷണരീതിയുടെ തത്ത്വശാസ്ത്രം ‘ ജീവിയ്ക്കുവാന്‍ വേണ്ടി ഭക്ഷിയ്ക്കുക ‘ എന്നുള്ളതായിത്തീരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . പക്ഷെ,ഈ തത്ത്വശാസ്ത്രം വര്‍ത്തമാനകാലത്തില്‍ പ്രയോഗിയ്ക്കുമ്പോള്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിയിരിയ്ക്കുന്നു.
ജീവിയ്ക്കുവാന്‍ വേണ്ടി അദ്ധ്വാനിയ്ക്കുക
ജീവിയ്ക്കുവാന്‍ വേണ്ടീ ഭക്ഷിയ്ക്കുക
ജീവിയ്ക്കുവാന്‍ വേണ്ടീ കൃഷിചെയ്യുക
ജീവിയ്ക്കുവാന്‍ വേണ്ടി പണം സമ്പാദിയ്ക്കുക......
എന്നിങ്ങനെയായിത്തീരുന്നു അവ.
ഈ ജീവിതരീതി സാദ്ധ്യമാകണമെങ്കില്‍ നമ്മുടെ രാജ്യത്തില്‍ മാത്രമല്ല ലോകത്തിലെതന്നെ ഭരണഘടനയില്‍ സമൂലമായ മാറ്റം വരുത്തേണ്ടിയിരിയ്ക്കുന്നു. ഇത്തരത്തിലുള്ള ജീവിതരീതിയില്‍ കഠിനാദ്ധ്വാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നോര്‍ക്കുക; അതിനാല്‍ത്തന്നെ ഈ ഘടനയില്‍ വിനോദങ്ങള്‍ക്ക് നിലനില്പില്ലതന്നെ .ഈ വസ്തുതകള്‍ ഉള്‍ക്കൊണ്ടുതന്നെയാണ് ‘അഡോള്‍ഫ് ജസ്റ്റ് ‘ പ്രകൃതിയിലേയ്ക്കു മടങ്ങുക (Return to Nature ) എന്ന ഗ്രന്ഥം എഴുതിയിട്ടുള്ളത് .
പക്ഷെ, അത് സാദ്ധ്യമാണോ ?
പിന്നിട്ട വഴികളിലൂടെ വീണ്ടൂം സഞ്ചരിയ്ക്കാന്‍ പറ്റുമോ?
മനുസ്യന്റെ നിലനില്‍പ്പിനുമാത്രമല്ല ,ജീവവ്യവസ്ഥയുടെ നിലനില്പിനുപോലും ‘ പ്രകൃതിയിലേയ്ക്കുമടങ്ങുക ‘ അത്യാവശ്യമാണെന്ന് ഭാവിയില്‍ നമ്മളെല്ലാവരും മനസ്സിലാക്കുന്ന ഒരു ദിനം വരുമെന്നുറപ്പാണ്. നാം സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്ന ‘വികസനത്തിന്റെ പാത ‘ നശീകരനത്തിന്റെ പാതയായി നമുക്ക് അനുഭവപ്പെടും . കാള്‍ സാഗന്റെ ‘ചില പ്രവചനങ്ങള്‍ ‘ നാം പലവട്ടം അപഗ്രഥിയ്ക്കേണ്ട സമയം ആഗതമാകും .
ഫുക്കുവോക്കയുടെ ദര്‍ശനം
വൈദ്യശാസ്ത്രത്തില്‍ ആയുര്‍വ്വേദം ,അലോപ്പതി,നാച്ച്വറോപ്പതി (പ്രകൃതിചികിത്സ ) എന്നിങ്ങനെയുള്ള ചികിത്സാപദ്ധതികള്‍ ഉണ്ടല്ലോ .കൃഷിശാസ്ത്രത്തിലെ ചികിത്സാപദ്ധതികളേയും മേല്പറഞ്ഞവയോട് ഉപമിയ്ക്കവുന്നതാണ് .പ്രകൃതികൃഷിയെ പ്രകൃതിജീവനത്തോടും ആയുര്‍വ്വേദത്തെ ജൈവകൃഷിയോടും അലൊപ്പതിയെ രാസവളങ്ങള്‍ ,കീടനാശിനികള്‍ എന്നിവ ഉപയോഗിച്ചുള്ള കൃഷിരീതിയോടും നമുക്ക് താരതമ്യം ചെയ്യാം.കാരണം സസ്യങ്ങളുടേയും ജീവികള്‍ഊടേയും ചികിത്സാപദ്ധതിയിലെ ‘ഐക്യദര്‍ശനം ‘ നാം വിലയിരുത്തേണ്ടതാണ് എന്നതുതന്നെ . പ്രകൃതിജീവനതല്പരനായ ഒരാള്‍ ‘ രാസവള കൃഷി ‘ നിമിത്തമിണ്ടാകുന്ന സസ്യോല്പന്നം ഭക്ഷണമാക്കുന്നതിന്റെ പൊരുത്തക്കേട് മനസ്സിലാക്കേണ്ടതുതന്നെയല്ലേ. അതുപോലെത്തന്നെ,ആയുര്‍വ്വേദ ഡോക്ടര്‍ ആയുര്‍വ്വേദമരുന്നിന്റെ കൂടെ അലോപ്പതി മരുന്നുകള്‍ രോഗിയ്ക്ക് നല്‍കുന്നതിലെ പോള്ളത്തരത്തിലേയ്ക്കും വെളിച്ചം വീശേണ്ടതല്ലേ . ജൈവകൃഷിയേയും ‘രാസവള - കീടനാശിനികൃഷിയേയും ‘ സമന്വയിപ്പിച്ചുകൊണ്ടൂപോകുന്നവര്‍ക്ക് മുന്‍പറഞ്ഞ ആയുര്‍വ്വേദ -അലോപ്പതി സമന്വയത്തെ കുറ്റം പറയാനൊക്കുമോ ?
സമകാലികലോകത്തിലെ പ്രകൃതികൃഷിയുടെ ആചാര്യനായി വാഴ്ത്തപ്പെടുന്ന ആളാണ് ‘മസനോബു ഫുക്കുവോക്ക ‘ . അദ്ദേഹത്തിന്റെ " Do Nothing Farming " എന്ന വചനം ഏറെ പ്രസിദ്ധമാണ് ; ഏറെ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട് .ഈ വാക്കുകള്‍ക്ക് പണീയൊന്നുംവേണ്ടാത്ത കൃഷിപ്പണീ എന്നതിലുപരി തത്ത്വശാസ്ത്രപരമായും പ്രത്യയശാസ്ത്രപരമായും ഏറെ പ്രസക്തിയുണ്ട് . ഇതിന്റെ സാരം മനസ്സിലാക്കുന്ന ഒരാള്‍ സ്വയം ചോദിച്ചുപോകും-- “ സസ്യങ്ങള്‍ക്ക് വളപ്രയോഗം ആവശ്യമാണോ ? കാട്ടിലെ സസ്യങ്ങള്‍ക്ക് ആരാണ് വളപ്രയോഗം നടത്തുന്നത് ? “
ആദിമമനുഷ്യന്‍ കാട്ടിലല്ലേ താമസിച്ചിരുന്നത് .അന്ന് അവന്‍ കായ് കനികള്‍ ഭക്ഷിച്ചല്ലേ ജീവിച്ചിരുന്നത് .അതായത് അവന്റെ സ്വാഭാവിക ഭക്ഷണം കായ് കനികള്‍ ആയിരുന്നു.പിന്നീട് കൂട്ടം കൂട്ടങ്ങളായി- ഓരോ സ്ഥലങ്ങളില്‍ പാര്‍പ്പുതുടങ്ങി. പ്രകൃതിക്ഷോഭം ,പകര്‍ച്ചവ്യാധികള്‍ ,ഗോത്രത്തിനുള്ളിലെ കലാപം ,ഭക്ഷണത്തിന്റെ അപര്യാപ്തത എന്നിവയൊക്കെമൂലം ഗോത്രം മുഴുവനായോ അല്ലെങ്കില്‍ വിഭജിച്ചോ മറ്റുസ്ഥലങ്ങളിലേക്ക് കുടിയേറിപ്പാര്‍ത്തുതുടങ്ങി .ഗോത്രങ്ങളുടെ സുസ്ഥിരതയില്‍ ഭരണാധിപന്‍ ആവശ്യഘടകമായിത്തീര്‍ന്നു. ഭരണാധിപന് തന്റെ സ്ഥാനം നിലനിര്‍ത്തുന്നതിനായി കായികശക്തിയും മനുഷ്യാദ്ധ്വാനവും സംഭരിയ്ക്കേണ്ടതായി വന്നു. അങ്ങനെയുള്ള അവസ്ഥയില്‍ ‘പണം ‘ എന്ന വസ്തു ഉല്‍ഭവിച്ചു. അധികാരവും പണവും തമ്മിലുള്ള ബന്ധം അതോടെ പ്രസക്തമായി . മനുഷ്യന്റെ ശാരീരികവും മാനസികവുമായ അദ്ധ്വാനം സംഭരിച്ചുവെയ്ക്കാനും വിനിമയം ചെയ്യാനും പണത്തെ ഉപയോഗപ്പെടുത്തി.പണം ലഭ്യമാകുന്നതിനുവേണ്ടി മനുഷ്യന്‍ പല മേഖലകളും ഉപയോഗപ്പെടുത്തി . അതിലൊന്നായിരുന്നു കൃഷി. വര്‍ദ്ധിച്ച വിളവ് ലഭിയ്ക്കാന്‍ വേണ്ടി പലതും പരീക്ഷിയ്ക്കപ്പെട്ടു. അങ്ങനെയുള്ള നിഗമനങ്ങളാല്‍ ‘കൃഷിയിലെ ശാസ്ത്രീയത‘ രൂപപ്പെട്ടു.ഇങ്ങനെ രൂപപ്പെട്ട ശാസ്തീയതയില്‍ പല സ്വാഭാവികതകള്‍ക്കും സ്ഥാനമില്ലാതായി .ഈ ശാസ്ത്രീയത പ്രയോഗത്തില്‍ വരുത്തിയതിന്റെ ഫലമായി വര്‍ദ്ധിച്ച് വിളവ് ലഭിയ്ക്കുകയും അതുവഴി പണം ലഭ്യമാകാനുള്ള സാഹചര്യം സൃഷ്ടിയ്ക്കപ്പെടുകയും ചെയ്തു.ഈ ശാസ്തീയതയുടെ നിഗമനങ്ങളിലോന്നാണ് ഒരേയിനം സസ്യങ്ങള്‍ ഒരേ സ്ഥലത്ത് കൃഷിചെയ്യുക എന്നത് . പക്ഷെ,ഒരേ സ്ഥലത്ത് ഒരേയിനം കൃഷി ഇറക്കുമ്പോള്‍ വിളവ് മോശമാകുന്നു. ഇത് പരിഹരിയ്ക്കാനായി അവര്‍ കൃഷിസ്ഥലങ്ങള്‍ വേറെ തേടി . ഒരു പുതിയ കൃഷിസ്ഥലം ഉണ്ടാക്കിയെടൂക്കുന്നതിന് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോള്‍ അവര്‍ മറ്റു വഴികള്‍ തേടിയിരിയ്ക്കും. അതില്‍നിന്നായിരിയ്ക്കും ‘ വളപ്രയോഗ സിദ്ധാന്തം ‘ ഉടലെടുത്തത് .
അതിനാല്‍ത്തന്നെ ,പ്രകൃതിജീവനത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തി ഇവിടെ എടുത്തുപറയേണ്ടതുണ്ട് . പ്രകൃതിജീവനം സൈദ്ധാന്തികതലത്തില്‍ അര്‍ഥമാക്കുന്ന സ്വാഭാവികത ആദിമമനുഷ്യന്റെ (ഗോത്രകാലത്തിനുമുമ്പേ ) അവസ്ഥയായിരുന്നല്ലോ. ഈ അവസ്ഥ ലോകത്തില്‍ ഇല്ലാതാകണമെങ്കില്‍ ‘പണം‘ എന്ന വസ്തു ഇല്ലാതാകണം. പണത്തിന്റെ നാശത്തിലൂടെ ‘ഇസ’ങ്ങളുടെ പ്രസക്തി ഇല്ലാതാകുന്നു. അധികാരത്തിന്റെ കേന്ദ്രീകരണം ഇല്ലാതാകുന്നു. ഗാന്ധിയന്‍ സൈദ്ധാന്തത്തില്‍ അധിഷ്ഠിതമായ അരാജകത്തമാണെങ്കില്‍ ‘നന്മ’എന്നത് സമൂഹത്തിന്റെ ആചാരമായി മാറിയിരിയ്ക്കും( സര്‍.ശ്രീ .ശങ്കരന്‍ നായരുടെ ‘ഗാന്ധിസവും അരാജകത്വവും ‘ എന്ന ഗ്രന്ഥം നല്‍കുന്ന സൂചനകള്‍ ഓര്‍ക്കുക ) പണത്തിന്റെ പ്രസക്തി നഷ്ടപ്പെടൂന്നതോടെ സമൂഹത്തിലെ അനീതികളും അതിമോഹങ്ങളും അപ്രത്യക്ഷമാകുന്നു. ഇവിടെ ‘ട്രോഡ്‌സ്കി’യുടെ വചനങ്ങള്‍ക്ക് പ്രസക്തിയുണ്ട് .‘വിപ്ലവം ജയിയ്ക്കണമെങ്കില്‍ അത് എല്ലായിടത്തുംവരണമെന്ന് ‘ ട്രോഡ്‌സ്കി പറഞ്ഞു. അതുപോലെ‘ മുന്‍പുവിവരിച്ച അവസ്ഥ ‘ലോകത്തില്‍ എല്ലായിടത്തും വന്നാലേ ‘നന്മ നിറഞ്ഞ അരാജകത്വം’ സാധ്യമാകൂ. ചരിത്രത്തിലും ഇതിന് തെളിവുകളുണ്ട്. ‘കലിംഗവു‘മായ യുദ്ധത്തിലെ അവസ്ഥ ദര്‍ശിച്ച അശോകന്‍ മനം നൊന്ത് അഹിംസാപ്രവാചകനായ കാര്യം എല്ലാവര്‍ക്കുമറിയാമല്ലോ. തുടര്‍ന്ന് അദ്ദേഹം അഹിംസയിലധിഷ്ടിതമായാണ് ഭരണചക്രം തിരിച്ചത് .ഇത് സാദ്ധ്യമാക്കിയതില്‍ രണ്ടുകാര്യങ്ങളുണ്ട് .ഒന്നാമതായി യുദ്ധത്തിന്റെ ഫലമായി ഉണ്ടായ പണത്തിന്റെ നാശം തക്കതായ സാഹചര്യം ഒരുക്കിക്കോടുത്തു.രണ്ടാമതായി ,അശോകന്‍ നടപ്പിലാക്കിയ അഹിംസാസിദ്ധാന്തത്തിന്റെ പ്രതിഫലനങ്ങള്‍ അയല്‍‌രാജ്യങ്ങളും ഏറ്റുവാങ്ങി.
മണ്ണും സസ്യപോഷണവും
മണ്ണില്‍നിന്ന് സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്യുകവഴി സസ്യങ്ങള്‍ക്കാവശ്യമായ മൂലകങ്ങളുടെ കുറവ് മണ്ണില്‍ അനുഭവപ്പെടുമോ ? അതല്ലെങ്കില്‍ വൈക്കോല്‍ നീക്കം ചെയ്യപ്പെടാതെ ധാന്യം മാത്രമെടുത്താല്‍ ആ കുറവ് പ്രസക്തമാണോ? അതുപോലെത്തന്നെ നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ ഭാഗം മാത്രമെടുത്താലും മണ്ണിലെ മൂപകങ്ങള്‍ക്ക് കുറവുണ്ടാകുമോ? കുറവുണ്ടാകുമെന്നാണ് ശാസ്തീയ കൃഷിരീതി അവകാശപ്പെടുംന്നത് .ഇതിനുവേണ്ടി നാളികേരത്തിലെ ഭക്ഷ്യയോഗ്യമായ പദാര്‍ത്ഥത്തിന്റെ രാസവിശ്ലേഷണഫലങ്ങളും (ഒരു നിശ്ചിത പിണ്ഡത്തിന്റെ ഓരോ മൂലകത്തിന്റേയും അനുപാതമടക്കം ) മണ്ണ് പരിശോധനാഫലങ്ങളും അവര്‍ നല്‍കുന്നു.ഇവയെ തമ്മില്‍ ബന്ധപ്പെടുത്തി ഒരു ഫോര്‍മുലയും നിര്‍മ്മിച്ചിരിയ്ക്കുന്നു.പക്ഷെ ,ഒരു കാര്യം നാം മറക്കുന്നു.പരീക്ഷണശാലയിലെ മണ്ണും കൃഷിയിടത്തിലെ മണ്ണും വ്യത്യസ്തമാണെന്നതാണ് അത് . പരീക്ഷണശാലയില്‍ സൂക്ഷിച്ചിരിയ്ക്കുന്ന മണ്ണില്‍ വ്യത്യാസങ്ങള്‍ വളരേക്കുറച്ചേ സംഭവിയ്ക്കുന്നുള്ളൂ. പക്ഷെ,കൃഷിസ്ഥലത്തെ മണ്ണില്‍ അങ്ങനെയല്ല. അവിടെ പലകാര്യങ്ങളും സംഭവിയ്ക്കുന്നു. കാറ്റ്,മഴ,മഞ്ഞ്,സൂക്ഷ്മജീവികള്‍ ,സസ്യങ്ങള്‍,പക്ഷികള്‍,പ്രാണികള്‍,ജന്തുക്കള്‍,മണ്ണൊലിപ്പ്,എന്നിവയുടെയൊക്കെ ഫലമായി കൃഷിയിടത്തിലെ മണ്ണില്‍ മാറ്റങ്ങള്‍ നിത്യേന ഉണ്ടായിക്കൊണ്ടിരിയ്ക്കുന്നു.അതായത് ഒരോ വര്‍ഷവും പുതുമഴയ്ക്കുശേഷം മണ്ണില്‍ മൂലകങ്ങളുടെ ഒരു പ്രത്യേക സന്തുലിതാവസ്ഥ ദൃശ്യമാകുന്നു. ഇങ്ങനെയുള്ള അവസ്ഥയില്‍ സസ്യോല്പന്നങ്ങള്‍ നീക്കം ചെയ്തതിന്റെ ഫലമായി ഉണ്ടാകുമെന്ന് കരുതപ്പെടുന്ന മൂലകങ്ങളുടെ കുറവ് പരിഹരിയ്ക്കപ്പെടില്ലേ. എന്നാല്‍ ചില കൃഷിസ്ഥലങ്ങള്‍ ,ഈ മൂലകങ്ങളുടെ കുറവ് പ്രകൃതിയാല്‍ത്തന്നെ പരിഹരിയ്ക്കാവുന്ന തരത്തിലുള്ളവയായിരിക്കില്ല എന്ന വസ്തുത പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളില്‍ മുകളില്‍പ്പറഞ്ഞ ഘടകങ്ങളുടെ ( മഴ,കാറ്റ്,വെള്ളപ്പാച്ചില്‍.... ) ലഭ്യതയെ എളുപ്പത്തില്‍ കിട്ടത്തക്കവണ്ണമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതാണ് .ചില കൃഷിയിടങ്ങളാവട്ടെ ,ഇവയുടെ ലഭ്യതയെ തടയുന്നത് മനുഷ്യന്റെതന്നെ പ്രവൃത്തികളുമായ്യിരിയ്ക്കും എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ശാസ്ത്രീയജീവനം
ശാസ്തീയജീവനം ലോകത്തിന് ഒരിയ്ക്കലും സ്ഥിരമായ ഒരു ഫോര്‍മുല നല്‍കിയിട്ടില്ല. ശാസ്ത്രീയതയാല്‍ നിര്‍മ്മിയ്ക്കപ്പെടുന്ന ഫോര്‍മുലകള്‍ കാലവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.കാലത്തെ ബന്ധപ്പെടുത്തിമാത്രമേ ഈ സമവാക്യത്തിലെ ‘ശരി-തെറ്റ് ‘ നിര്‍ണ്ണയിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ. അതിനാല്‍ത്തന്നെ ശാസ്ത്രീയത എപ്പോഴും വ്യതിയാനത്തിന് (Variyation) അധീനപ്പെട്ടുകൊണ്ടിരിയ്ക്കുന്നു.ഈ വ്യതിയാനത്തിന്റെ നിരക്കുപോലും (Rate) നമ്മുടെ ശാസ്ത്രഞ്ഞന്മാര്‍ക്ക് നിര്‍ണ്ണയിയ്ക്കാന്‍ കഴിയുന്നില്ല എന്നതിനോട് നമുക്ക് സഹതപിയ്ക്കാന്‍ മാത്രമേ കഴിയൂ . അനിര്‍വ്വചനീയങ്ങളെ നിര്‍ണ്ണയിയ്ക്കാനുള്ള ശ്രമങ്ങളും ക്രമമില്ലാത്തവയിലെ ക്രമത്തെ കണ്ടെത്തുവാനുള്ള ശ്രമങ്ങളും (ഉദാ- കയോസ് ) വിജയിയ്ക്കുമെന്നും വിജയിച്ചെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ നമുക്ക് പ്രത്യാശകള്‍ നല്‍കുന്നുവെന്നുമാത്രം
ത്രിമാനദര്‍ശനം മാത്രമേ മനുഷ്യേന്ദ്രിയത്തിന് സാദ്ധ്യമാകുകയുള്ളൂ, ത്രിമാനത്തിന് അപ്പുറത്ത് ഏതാനും ചിലമാനങ്ങള്‍ (Dimentions ) കൂടിവന്നാല്‍ മനുഷ്യമസ്തിഷ്കത്തിന് വിശകലനം അസാദ്ധ്യമാകുന്നു.ഇവിടെ വിശകലനം അസാദ്ധ്യമാണെന്നുപറഞ്ഞത് വിഘടനാത്മക വിശകലനത്തെക്കുറിച്ചല്ല (Fractional Analysis) ; ത്രിമാനദര്‍ശനത്തിന് അപ്പുറത്തുള്ള ‘മാന‘ങ്ങളെ ചേര്‍ത്തുള്ള സമഗ്രതയെക്കുറിച്ചുമാത്രമാണ് .
സമകാലികലോകത്തിലെ ഉപഭോഗസംസ്കാരത്തിലധിഷ്ഠിതമായ സമൂഹത്തില്‍ സ്വാഭാവിക ജീവിതശൈലിയെ നശിപ്പിയ്ക്കാനാണ് ശാസ്ത്രീയത പലപ്പോഴും ഉപയോഗപ്പെടുത്തുന്നത് .ഇന്ദ്രിയങ്ങളുടെ ഉപയോഗത്തേയും ദുരുപയോഗത്തേയും വേര്‍തിരിച്ചറിയുന്നതില്‍ ‘മനുഷ്യന്‍ ‘ പരാചയപ്പെടുന്നു.വിശപ്പും ആര്‍ത്തിയും തമ്മിലുള്ള വ്യത്യാസം അവന് മനസ്സിലാക്കാന്‍ സാധിയ്ക്കുന്നില്ല. ജീവിയുടെ നിലനില്പിനാവശ്യമായ ഒരു ഉള്‍വിളിയുടെ ഫലമായാണ് വിശപ്പുണ്ടാകുന്നത്. എന്നാല്‍ ‘ആര്‍ത്തി’യാകട്ടെ രസനേന്ദ്രിയങ്ങളുടെ തെറ്റായ കണ്ടീഷനിംഗിന്റെ ഫലമായിട്ടുള്ളതാണ് . (വയറുനിറഞ്ഞീട്ടും ഒരു രസത്തിനുവേണ്ടിയെന്നുപറഞ്ഞ് ചിലര്‍ വിശിഷ്ഠഭോജ്യം കഴിയ്ക്കുന്ന കാര്യം ഓര്‍ക്കുക.) സമകാലിക സമൂഹത്തില്‍ ഈ തെറ്റായ ശീലങ്ങള്‍ രസനേന്ദ്രിയത്തിനുമാത്രമല്ല കൈവന്നീട്ടുള്ളത് .ശ്രവണേന്ദ്രിയത്തിനും ദൃശ്യേന്ദ്രിയത്തിനുമൊക്കെ കൈവന്നിട്ടുണ്ട് . ലൈംഗികകാര്യങ്ങളിലും (സ്പര്‍ശനേന്ദ്രിയത്തിനും ) ഈ ദുരുപയോഗം ഏറെ നടക്കുന്നു. അതിന് ലോകോത്തര ഉദാഹരണങ്ങളാണ് ‘ഡയാനയും ബില്‍ ക്ലിന്റനുമൊക്കെ .
ഒരു കാര്യം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ‘ശാസ്ത്രീയത ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്നു എന്നറിയപ്പെടുന്ന രാജ്യങ്ങളില്‍തന്നെയാണ് അതിന്റെ ദുരുപയോഗവും ഏറെ നടക്കുന്നത് . കാരണം,ഒരു സാധാരണ മനുഷ്യന് ‘ശാസ്ത്രീയതയുടെ ശരിയായ നടത്തിപ്പ് ( Management) അസാദ്ധ്യമാണ് എന്നതുതന്നെ .അതിനാല്‍ത്തന്നെ അവന്റെ ആഹാരശൈലിയിലും ജീവിതരീതിയിലുമൊക്കെ അവന്‍ ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു.മനുഷ്യന്റെ ഭക്ഷണകാര്യത്തില്‍ വെജിറ്റേറിയന്‍ ,നോണ്‍- വെജിറ്റേറിയന്‍ എന്നീ തരം തിരിവുകള്‍ ഉള്ളതാണല്ലോ.ഇപ്പോള്‍ മനുഷ്യസമൂഹം വേറൊരുതരംതിരിവിനുകൂടി പാത്രീഭവിച്ചിരിയ്ക്കുന്നു.അതാണ് രാസഭുക്കുകള്‍ എന്ന വിഭാഗം .നാം കഴിയ്ക്കുന്ന ഭക്ഷണത്തിലെ രാസവസ്തുക്കളുടെ അളവും ഔഷധങ്ങളായി ഉപയോഗിയ്ക്കുന്നവയിലെ രാസവസ്തുക്കളുടെ അളവും വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു എന്ന കാര്യം ഹാസ്യാത്മകമായി സൂചിപ്പിയ്ക്കാനാണത്രെ രാസഭുക്കെന്ന പദപ്രയോഗം തന്നെ.
ഒരു സാ‍ധാരണ കൃഷിക്കാരന്റെ കാര്യത്തിലും ‘ശാസ്തീയതയുടെ ‘ ഉപയോഗം ഒട്ടേറെ തെറ്റുകള്‍ വരുത്തിവെയ്ക്കുന്നു. ശാസ്ത്രീയമായ വളപ്രയോഗവും കീടനാശിനിപ്രയോഗവും അവന് നടപ്പിലാക്കാന്‍ സാധിയ്ക്കുന്നില്ല.എന്നാല്‍ ഇക്കാര്യത്തില്‍ വിദഗ്‌ദ്ധന്മാരുടെ അഭിപ്രായം തേടിയാല്‍പ്പോരേ എന്ന് ചിലര്‍ പറഞ്ഞേക്കാം.പക്ഷെ,ഒന്നില്‍ക്കൂടുതല്‍ വിദഗ്‌ദ്ധന്മാരെ കണ്ടാല്‍ ലഭിയ്ക്കുന്ന ഉപദേശങ്ങളില്‍ ‘വ്യത്യാസങ്ങള്‍’ ഏറെ പ്രകടമാകുന്നു. ഇതൊക്കെ സൂചിപ്പിയ്ക്കുന്നത് സൈദ്ധാന്തികതലത്തിലെ വിജയം കൊണ്ടുമാത്രം ശാസ്ത്രത്തിന്റെ മഹത്വം നാം കൊട്ടിഘോഷിയ്ക്കാന്‍ പാടില്ല എന്നതാണ് .പ്രായോഗികതലത്തില്‍ അതിന്റെ പിഴവും ദുരുപയോഗവും മുന്‍‌കൂട്ടിക്കണ്ട് അതിനുവേണ്ട പരിഹാരങ്ങള്‍ സൈദ്ധാന്തികതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ശാസ്ത്രത്തെയാണ് നാം പിന്താങ്ങേണ്ടത് .അങ്ങനെ രൂപപ്പെടുന്ന ശുദ്ധമായ ശാസ്ത്രത്തില്‍ ‘സ്വാഭാവികതയ്ക്ക് ‘ അര്‍ഹമായ സ്ഥാനം ലഭിയ്ക്കുന്നു. അതിനാല്‍ത്തന്നെ ആ ശാസ്ത്രം നിത്യസത്യമായിത്തീരുകയും ചെയ്യുന്നു.

No comments:

Post a Comment