Total Pageviews

Sunday 10 October 2010

5. ‘വ്യതിയാനവും ക്ലിപ്തതയും ‘--പ്രകൃതിജീവനത്തില്‍

നമ്മുടെ പ്രപഞ്ചത്തില്‍ നടക്കുന്ന പലപ്രതിഭാസങ്ങളും ക്ലിപ്തതയോടെ നടക്കുന്നു. ഭൂമിയുടെ ഭ്രമണത്തിനും പരിക്രമണത്തിനും നിശ്ചിത സമയമുണ്ട് .ഭ്രമണത്തെ ആസ്പദമാക്കിഒയുള്ള സൂര്യോദയവും സൂര്യാസ്തമനവുമൊക്കെ ഒരു നിശ്ചിത അനുപാതത്തില്‍ നടക്കുന്നു. ഇത്തരത്തില്‍ ചിന്തിയ്ക്കുമ്പോള്‍ പ്രപഞ്ചത്തിലെ ഒട്ടുമിയ്ക്ക കാര്യങ്ങളും നിശ്ചിതമായ അളവിലോ ഘട്ടങ്ങളിലോ ആണ് നടക്കുന്നത് 


.സുഖിയ്ക്കുന്നതിനും ഒരു പരിധി ഉണ്ടെന്നോ? 

ഇന്ദ്രിയസുഖത്തിനും ക്ലിപ്തമായ അളവുണ്ട് . ഒരു നിശ്ചിത സമയംകൊണ്ട് ഒരു നിശ്ചിത അളവുമാത്രമേ നമ്മുടെ മനസ്സിന് ആസ്വദിയ്ക്കാന്‍ കഴിയൂ.ഓരോ ഇന്ദ്രിയ സുഖത്തിന്റെ ആസ്വാദനവ്യാപ്തിയും ക്ലിപ്തമാണ് .ഒരേ സമയം ഒന്നിലേറേ ഇന്ദ്രിയസുഖങ്ങള്‍ ആസ്വദിയ്ക്കാന്‍ പറ്റുകയില്ല എന്നല്ല ഇവിടെ പറഞ്ഞുവരുന്നത് .പക്ഷെ,അവയുടെ ആസ്വാദന ആകത്തുക മുന്‍പുപറഞ്ഞ നിശ്ചിത അളവിനെ കവച്ചുവെയ്ക്കില്ല എന്നാണ് .ഉദാഹരണമായി ,ഭക്ഷണം കഴിയ്ക്കുന്ന ഒരാള്‍ക്ക് നിശ്ചിത സമയത്തില്‍ ഭക്ഷണസുഖത്തിന്റെ അളവിന് ഒരു പരിമിതിയുണ്ട് .എന്നാല്‍ ഭക്ഷണത്തോടൊപ്പം സംഗീതവും ശ്രവിയ്ക്കുകയാണെന്നിരിയ്ക്കട്ടെ.അപ്പോള്‍ അയാള്‍ക്ക് പ്രത്യക്ഷത്തില്‍ ഈ രണ്ടു സുഖങ്ങളും അനുഭവയോഗ്യമാണെന്നിരിയ്ക്കലും; ഭക്ഷണവും സംഗീതവും ഉളവാക്കുന്ന സുഖത്തിന്റെ ആകത്തുക ഭക്ഷണം മാത്രം കഴിയ്ക്കുമ്പോഴുണ്ടാകുന്ന സുഖത്തിനേക്കാള്‍ കൂടൂകയില്ല എന്നതാണ് വാസ്തവം.ഇവിടെ ആസ്വാദ്യതയെ നമുക്ക് ഏകമാനമെന്ന് വ്യാഖ്യാനിയ്ക്കാം.
 ദാഹത്തിന്റെ അളവ് ഗ്ലാസും വിശപ്പിന്റെ അളവ് പ്ലേറ്റും ആ‍ണെന്നോ? 

ഒരു നിശ്ചിത സാഹചര്യത്തില്‍ മനുഷ്യശരീരത്തിനുവേണ്ട ജലത്തിന്റേയും ഭക്ഷണത്തിന്റേയും അളവ് ക്ലിപ്തമാണ് .പക്ഷെ ഇന്നത്തെ സാമൂഹിക പാശ്ചാത്തലം മൂലം ഇതിന്റെ അളവ് നാം തെറ്റിയ്ക്കുന്നു. പലരുടേയും കാര്യത്തില്‍ ശരീരത്തിനുവേണ്ട ഭക്ഷണപാനീയങ്ങളുടെ അളവ് വിളമ്പുന്ന പാത്രങ്ങളെയാണ് ആശ്രയിച്ചിരിയ്ക്കുന്നത് . ജലത്തിന്റെ കാര്യത്തില്‍ ഈ പ്രസ്താവന ഏറ്റവും ശരിയാണ് .ദാഹിയ്ക്കുമ്പോള്‍ കുടിയ്ക്കുന്ന ജലത്തിന്റെ അളവ് പാത്രത്തിന്റെ വ്യാപ്തിയുമായി ഒരു ‘കണ്ടീഷനിംഗ് ‘ (Conditioning) ചെയ്തിരിയ്ക്കുന്നു.(ദാഹവും കുടിയ്ക്കാനുപയോഗിയ്ക്കുന്ന പാത്രത്തിന്റെ വ്യാപ്തിയും തമ്മിലുള്ള ബന്ധത്തിന്റെ അര്‍ത്ഥശൂന്യത ഒന്നാലോചിച്ചുനോക്കൂ ! ) വിരുന്നുകളും മറ്റുസന്ദര്‍ഭങ്ങളും വഴി ലഭിയ്ക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ നാം ഒരിയ്ക്കലും ഒഴിവാക്കുന്നില്ല. തല്‍ഫലമായി,ചിലപ്പോള്‍,ശരീരത്തില്‍ ‘അധികഭക്ഷണപാനീയങ്ങളുടെ ‘ സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. അതിനാല്‍ ആരോഗ്യസംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധാലുവായ മനുഷ്യന്‍ ശരീരത്തിന്റെ ഈ ‘ക്ലിപ്തത‘ അംഗീകരിച്ചേ മതിയാകൂ. സുഖവും ദുഃഖവും ഒന്നാണെന്നോ? 

സുഖവും ദുഃഖവും,ഉയര്‍ച്ചയും താഴ്ച്ചയും പോലെ ആപേക്ഷികങ്ങള്‍ ആണെന്നാണല്ലോ ശ്രീ രജനീഷ് പറയുന്നത് . ഈ സിദ്ധാന്തത്തിന് തെളിവായി അദ്ദേഹം പ്രകാശം,താപം എന്നീ ഊര്‍ജ്ജരൂപങ്ങളുടെ കാര്യം സവിസ്തരം പ്രതിപാദിയ്ക്കുന്നു. പ്രകാശത്തിന്റെ കുറവിനെയാണ് ഇരുട്ട് എന്നുപറയുന്നത് . അതുപോലെത്തന്നെ താപത്തിന്റെ കുറവിനെയാണ് തണുപ്പ് എന്നുപറയുന്നത് .എന്നീട്ടദ്ദേഹം ചോദിയ്ക്കുന്നു,”ഇവിടെ രണ്ടുകാര്യങ്ങളുണ്ടോ ? ഒന്നല്ലേ ഉള്ളൂ. “ അങ്ങനെ അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെ അദ്ധ്വൈതസിദ്ധാന്തത്തിന് പുതിയമാനങ്ങള്‍ നല്‍കുന്നു. അതായത് വിരുദ്ധമായ കാര്യങ്ങള്‍ നാം രണ്ടാണെന്ന് നാം സങ്കല്പിക്കുന്നുണ്ടെങ്കിലും അവയുടെ വൈരുദ്ധ്യത്തെ വ്യതിയാനമായി (Variable ) എടുത്താല്‍ ; അത് ഒന്നാണെന്ന ഗണിതശാസ്ത്രസിദ്ധാന്തം ഇവിടെ സ്ഥാപിച്ചിരിയ്ക്കുന്നു. ദൈവത്തിന് പിശാചിനെ നിയന്ത്രിയ്ക്കാനാകുമോ? 

ഈ സിദ്ധാന്തം ഏതുവൈരുദ്ധ്യത്തിലും ഉപയോഗിയ്ക്കാം.ശ്രീ ജിദ്ദു കൃഷ്ണമൂര്‍ത്തി ‘നന്മ--തിന്മകളെ ഇത് ഉപയോഗിച്ചാണ് വ്യാഖ്യാനിച്ചിരിക്കുന്നത്.പക്ഷെ,ആ വ്യാഖ്യാനം നമ്മുടെ സംസ്കാരത്തിന്റേയും ആദര്‍ശത്തിന്റേയും പരിധി വിട്ടുപോയി എന്നുമാത്രം.നന്മയുടെ തലവനായി ദൈവത്തേയും തിന്മയുടെ തലവനായി പിശാചിനേയും സ്ഥാപിച്ചതിന്റെ യുക്തിയെ അദ്ദേഹം പരിഹസിയ്ക്കുന്നു.സമൂഹത്തിന്റെ ധാര്‍മ്മികത നിലനിര്‍ത്താനായി ഇത്തരം വിഭജനം(വിഭാഗീയത )ശരിയാണോ എന്ന് അദ്ദേഹം ചോദിയ്ക്കുന്നു. ദൈവത്തിനും പിശാചിനും ഇടയ്ക്കുള്ള അന്തരം അവരിടെ പ്രവൃത്തികളാണ് .നാം സങ്കല്പിയ്ക്കുന്ന അനന്തമായ ശക്തികള്‍ (Power) ദൈവത്തിനുണ്ടെങ്കില്‍ ,പിശാചിന്റെ ചിന്തകള്‍ക്ക് മാറ്റം വരുത്തി അവനില്‍ നന്മയുടെ പരിമളം സ്ഥാപിച്ചുകൂടെ ! അങ്ങനെ വന്നാല്‍,എല്ലാം ദൈവമായാല്‍, ദൈവത്തിന്റെ അവസ്ഥയെന്ത് ? അപ്പോള്‍ ദൈവത്തിന് സ്ഥാനമുണ്ടാ? അങ്ങനെ അദ്ദേഹം പിശാചില്ലാതെ ദൈവത്തിന് സ്ഥാനമില്ല എന്ന് സ്ഥാപിയ്ക്കുന്നു

.
 സ്നേഹവും വെറുപ്പും ഒന്നാണെന്നോ?

ഇക്കാര്യം തന്നെയാണ് വെറുപ്പ്,സ്നേഹം എന്നീ വിരുദ്ധവികാരങ്ങളില്‍ രജനീഷ് ദര്‍ശിച്ചീട്ടുള്ളത് .സ്നേഹവും വെറുപ്പും ഒന്നാണെന്നും; അതില്‍ ഒരു പ്രത്യേക വസ്തുവിന്റെ ഏറ്റക്കുറച്ചിലാണ് അതിനെ വ്യത്യസ്തമാക്കിയിരിക്കുന്നതെന്നും രജനീഷ് സമര്‍ത്ഥിയ്ക്കുന്നു. ഇവിടെ ജിദ്ദുവിന്റെ ‘യുക്തിശൈലി ‘പ്രയോഗിച്ചാല്‍ --എല്ലാം സ്നേഹമയമായാല്‍ --സ്നേഹത്തിന് പ്രസക്തിയുണ്ടോ? അങ്ങനെ വരുമ്പോള്‍ സമൂഹമനസ്സുകളില്‍ വെറുപ്പില്ലാതാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എത്ര പ്രസക്തിയുണ്ട് ? ചിന്തിച്ചാല്‍ ,അഴിമതിയ്ക്കെതിരെ പ്രസംഗിയ്ക്കുന്ന അഴിമതിക്കാരനായ രാഷ്ട്രീയക്കാരനെപ്പോലെയല്ലേ തോന്നുക !
ഇത്രയൊക്കെപ്പറഞ്ഞത് ‘ക്ലിപ്തത ‘ പല തലങ്ങളിലും നിര്‍ണ്ണയിയ്ക്കാനാകുമെന്ന് സ്ഥാപിയ്ക്കാനാണ് .കാരണം നമ്മുടെ സാങ്കേതികവിദ്യയ്ക്ക് അളക്കാന്‍ പറ്റാത്ത ഒന്നും ‘ക്ലിപ്തമല്ല’ എന്ന വാദഗതി ശരിയല്ലെന്ന് തെളിയിക്കാനാണ് .

മുന്‍പുപറഞ്ഞ ഉദാഹരണങ്ങളില്‍ വ്യതിയാനമാണ് വിരുദ്ധത സൃഷ്ടിച്ചതെന്നുകാണാം.പക്ഷെ,വ്യതിയാനങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്താല്‍ അവയ്ക്കും ഒരു ക്ലിപ്തതയുണ്ട് എന്നുകാണാം. കുറഞ്ഞ പരിധിയും(Minimum) കൂടിയ പരിധിയും (Maximum) അവയ്ക്കുണ്ട് . അതിനാല്‍ ഈ വ്യതിയാനവും നിശ്ചിത പരിധിയ്ക്കുള്ളിലാണ് അഥവാ നിശ്ചിതമാണ` .

ക്ലിപ്തതയുടെ വൈരുദ്ധ്യമാണ് വ്യതിയാനമെന്ന് പറയാമെങ്കിലും,വ്യതിയാനവും ക്ലിപ്തപ്പെട്ടിരിയ്ക്കുന്നു.പക്ഷെ,ഇവിടെ വ്യതിയാനത്തിന്റെ ക്ലിപ്തതയും നിശ്ചയിക്കപ്പെടേണ്ടതുണ്ട് . വ്യതിയാനത്തിന്റെ വ്യാപ്തി ,നിരക്ക് എന്നിവ സാഹചര്യങ്ങളെ അടിസ്ഥാനമാകി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു എന്നേ ഇതില്‍ നിന്ന് അര്‍ത്ഥമാക്കേണ്ടതുള്ളൂ.

No comments:

Post a Comment