Total Pageviews

Sunday 10 October 2010

6. ‘സമഗ്രത ‘ പ്രകൃതിജീവനത്തിന്റെ കാഴ്ചപ്പാടില്‍ ..

സൌഖ്യമാര്‍ന്ന ജീവിതമാണ് ഏതൊരു ജീവിയുടേയും ലക്ഷ്യം.
പക്ഷെ,പലപ്പോഴും പരിസ്ഥിതിയില്‍നിന്നും ലഭിച്ച അറിവിന്റെ അടിസ്ഥാനത്തില്‍ ഈ സൌഖ്യത്തിന്റെ വ്യാപ്തി തെറ്റായ മേഖലകളില്‍ എത്തിച്ചേരാറുണ്ട് .
സമകാലിക ഉപഭോഗസംസ്കാരം ഈ തെറ്റായ പ്രവണതകള്‍ക്ക് വേഗതകൂട്ടുകയും ചെയ്യുന്നു.

യഥാര്‍ത്ഥ സൌഖ്യം തന്നെയാണ് മനുഷ്യജീവന്റെ ലക്ഷ്യം .ഈ സൌഖ്യ- സാക്ഷാത്ക്കരണത്തിന് എന്തൊക്കെ ആവശ്യമാണ്‌ ? ഏതെല്ലാം ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിയ്ക്കുന്നത് ?

ഉദാഹരണമായി, ഒരു വ്യക്തിയുടെ കാര്യമെടുത്താല്‍, സൌഖ്യം പ്രദാനം ചെയ്യുന്ന വിഷയത്തില്‍ ആരോഗ്യത്തിന് വലിയൊരു സ്ഥാനമുണ്ട് . ആരോഗ്യം എന്നുവെച്ചാല്‍ ശാരീരികവും മാനസികവുമായ ആരോഗ്യം എന്ന് അര്‍ത്ഥമാക്കേണ്ടതാണ് .
അടുത്ത ഘടകം ആ വ്യക്തിയെ ഉള്‍ക്കൊള്ളുന്ന പരിസ്ഥിതിയാണ് .
വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പരിസ്ഥിതിയ്ക്ക് വലിയൊരു പങ്കുണ്ട് .
( മലിനീകരണ പ്രശ്നമുണ്ടാക്കുന്ന വ്യവസായശാലയ്ക്കരികെ ആരോഗ്യകരമായ മനുഷ്യജീവിതം അസാദ്ധ്യമെന്നോര്‍ക്കുക! )

സൌഖ്യമാര്‍ന്ന ജീവിതം പ്രധാനം ചെയ്യുന്നതില്‍ മൂന്നാമതായി വരുന്ന ഘടകം ‘ആത്മീയത’യാണ് . ‘ ആത്മീയത ‘ മതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ( മതവുമായി ബന്ധപ്പെടാതെ ആത്മീയത വളര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായാണ് അറിവ് . ) മതം മനുഷ്യസംസ്കാരത്തില്‍ വലിയൊരു പങ്ക് വഹിച്ചിട്ടുള്ളതായി ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

നാലാമത്തെ ഘടകം വ്യക്തി വസിയ്ക്കുന്ന സ്ഥലത്തെ ഭരണയന്ത്രമാണ് .ഇതും വേണ്ടരീതിയില്‍ വര്‍ത്തിക്കേണ്ടത് സൌഖ്യജീവിതത്തിന് ആവശ്യംതന്നെ .

ചുരുക്കിപ്പറഞ്ഞാല്‍ ;ആരോഗ്യം ,പരിസ്ഥിതി,ആത്മീയത, രാഷ്ട്രഭരണം എന്നിവ മനുഷ്യജീവിതത്തിന്റെ സൌഖ്യത്തെ ബാധിയ്ക്കുന്ന നാലുഘടകങ്ങളാണ് .

അതിനാല്‍ വ്യക്തിയുടെ സൌഖ്യമാര്‍ന്ന ജീവിതത്തിനുവേണ്ട എല്ലാ മേഖലകളിലും ഒരു പ്രകൃതിപരമായ സമീപനം ആവശ്യമാണ് .ഈ സമീപനം സമഗ്രവും തികച്ചും സ്വാഭാവികവും ആകേണ്ടതാണ് .ഇത്തരത്തിലുള്ള സമീപനം ‘ആപേക്ഷിക -ആനുപാതിഅക-സന്തുലിത ചിന്താഗതിയില്‍ക്കൂടിമാത്രമേ സാദ്ധ്യമാകുകയുള്ളൂ.

മനുഷ്യസമൂഹത്തിന്റെ സമഗ്രഘടനയില്‍നിന്ന് ആത്മീയതയെ ഒഴിച്ചുനിറുത്തുവാനാവില്ല എന്ന് ചരിത്രം പറയുന്നു. ഇതിനുവേണ്ടി ഒറ്റപ്പെട്ട സംഭവങ്ങളല്ല ഉദാഹരണമായി എടുക്കേണ്ടത് .മറിച്ച് ,മനുഷ്യ സഞ്ചയത്തിന്റെ കാര്യത്തില്‍ എന്തുപറയുന്നുവോ അതാണ് എടുക്കേണ്ടത് .നിരീശ്വരവാദം ശൈശവം മുതല്‍ക്കേ അടിച്ചേല്‍പ്പിയ്ക്കപ്പെട്ട ജനവിഭാഗം വളര്‍ന്നുവലുതായപ്പോള്‍ വിപരീതദിശയില്‍ നീങ്ങുന്നതായാണ് കാണുവാന്‍ കഴിഞ്ഞത് .

അതിനാല്‍ മനുഷ്യസംസ്കാരത്തിലെ മതത്തിന്റെ സ്ഥാനം ചിന്താവിഷയമാക്കേണ്ടതുണ്ട്. ആത്മീയ പ്രഭാവത്തിലൂടെ സമൂഹത്തിന് സമാധാനം നല്‍കുവാന്‍ മതത്തിനല്ലാതെ മറ്റൊന്നിനും ഇതേവരെ കഴിഞ്ഞീട്ടില്ല. ‘ആത്മീയത’ സത്യമോ മിഥ്യയോ ആയിക്കൊള്ളട്ടേ ; അതിന് സമൂഹത്തില്‍ ധനാല്‍മകവികാരങ്ങള്‍ പ്രധാനം ചെയ്യാന്‍ കഴിയുന്നു എന്ന സത്യം നാം ഉള്‍ക്കൊള്ളേണ്ടതാണ് .അതിനാല്‍ ഏതുമതമായാലും അവയൊക്കെ അംഗീകരിയ്ക്കുന്ന ശക്തിയെ പരിഗണിയ്ക്കുക എന്നത് ബുദ്ധിപരമായ സമീപനമാണ് .വ്യത്യസ്ത ഭാവങ്ങളും വീക്ഷണങ്ങളും ഇതിന് തടസ്സമായി വന്നേക്കാം. പക്ഷെ ,ഈ ശക്തിയെ പ്രപഞ്ചശക്തിയായും അതിനെ പ്രകൃതിയായും കണക്കാക്കുന്ന ഒരു മാറ്റം അവതരിപ്പിച്ചാല്‍ ഈ വ്യത്യാസങ്ങള്‍ പാടെ ഇല്ലാതാകും . എന്നുവെച്ച് ‘ഹെഗലിന്റെ യാന്തിക ഭൌതികവാദത്തെ പൂണ്ണമായി അംഗീകരിയ്ക്കുകയാണെന്ന് തെറ്റിദ്ധരിയ്ക്കരുത് .(മാര്‍ക്സിന്റേയും ഹെഗലിന്റേയും ചിന്താഗതികള്‍ തമ്മിലുള്ള വ്യത്യാസം ഇവിടെ സ്മരണീയം!!!)

നമുക്ക് ധാരാളം ദര്‍ശനങ്ങളും സിദ്ധാന്തങ്ങളുമെക്കെയുണ്ട് .ഇവയ്ക്ക് രാഷ്ട്രഭരണത്തിലുള്ള പങ്ക് നിസ്സീമമാണ് .ഭരണം നന്നായാല്‍ ആ രാജ്യത്തിലെ ജനതയുടെ സൌഖ്യനിലവാരം ഉയരുമെന്നതില്‍ സംശയമില്ല. പലതരത്തിലുള്ള ‘ഇസങ്ങള്‍’ ഇന്ന് നിലവിലുണ്ട് .ജനാധിപത്യം,സോഷ്യലിസം,കമ്മ്യൂണിസം,ക്യപ്പിറ്റലിസം,കിങ്‌ഷിപ്,ബ്യൂറോക്രസി,പട്ടാളമേധാവിത്തം, മതമേധാവിത്തം.......എന്നിങ്ങനെ പോകുന്നു അവ.ഇവയിലോരോന്നിനും അനേകം വകതിരിവുകളുണ്ട്. പക്ഷെ,ജനാധിപത്യരീതി അംഗീകരിയ്ക്കുന്ന ഇടങ്ങളിലാണ് വ്യത്യസ്തത ഏറ്റവും കൂടുതല്‍ എന്ന കാര്യം ശ്രദ്ധേയമാണ് .

‘ പ്രായോഗികത ‘ സൈദ്ധാന്തികതലത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിവെയ്ക്കുന്നു. രാഷ്ട്രതന്ത്രത്തിന്റെ കാര്യത്തിലും ഇത് സത്യം തന്നെ .ഒരു സിദ്ധാന്തവും നൂറുശതമാനവും അതേരൂപത്തില്‍ നടപ്പിലാക്കുവാന്‍ സാധിയ്ക്കുകയില്ല. ഏതു സിദ്ധാന്തത്തിലും ചൂഷണത്തിനും അനീതിയ്ക്കുമുള്ള അവസരമാണ് ഇതിനുകാരണം . അങ്ങനെ ഈ അവസരങ്ങള്‍ വ്യതിയാനഹേതുക്കളായി ഭവിയ്ക്കുകയും ചെയ്യുന്നു.

ഉദാഹരണമായിപ്പറഞ്ഞാല്‍ ,സോവിയറ്റ് യൂണിയനില്‍ ലെനിന്‍ ബോള്‍ഷെവിസം (പിന്നീട് കമ്മ്യൂണിസം ) നടപ്പിലാക്കി കുറേ നാള്‍ കഴിഞ്ഞപ്പോള്‍ തന്റെ ഭരണത്തെ ത്വാത്വികമായി ഒന്നു വിലയിരുത്തി. അപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയത്രെ! കാരണം ,പ്രായോഗികതലത്തില്‍ ഭരണരംഗത്ത് ഉദ്യോഗസ്ഥഭരണത്തിന് (ബ്യൂറോക്രസിയ്ക്ക് ) മുന്‍‌തൂക്കമുണ്ടായിരുന്നുവെത്ര!
---അപ്പോള്‍ നാം രാഷ്ട്രഭരണത്തിലെ പ്രായോഗികതലത്തിലുള്ള വ്യത്യാസങ്ങളെ പരിഗണിയ്ക്കണമോ ?

--യുദ്ധം ചെയ്യണമോ ?


---- പ്രപഞ്ചത്തെ മുഴുവന്‍ നശിപ്പിയ്ക്കുന്ന ‘ന്യൂക്ലിയര്‍ ആയുധങ്ങള്‍ ‘നിര്‍മ്മിക്കണമോ?

----- ‘ഓസോണ്‍ സുഷിരങ്ങള്‍‘ നിര്‍മ്മിയ്ക്കുന്ന വ്യവസായ വ്യൂഹങ്ങള്‍ കെട്ടിപ്പൊക്കണമോ ?

ഈ ചോദ്യങ്ങള്‍ ഇവിടെ ഉന്നയിച്ചിരിയ്ക്കുന്നത് ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആപത്തിനെ ഒന്നു സൂചിപ്പിയ്ക്കാന്‍ മാത്രമാണ് .പ്രകൃതിസ്നേഹികള്‍ തങ്ങളുടെ ജീവല്‍‌സമ്പന്നമായ ഭക്ഷണകാര്യത്തിലും വീട്ടുവളപ്പിലെ കൃഷിയിലും വസിയ്ക്കുന്ന ഭൂപ്രദേശത്തെ പരിസ്ഥിതിയിലും മാത്രം ചിന്ത വ്യാപിപ്പിച്ചാല്‍ മതിയോ ? ഇത്തരത്തിലുള്ള സങ്കുചിത ചിന്ത ഉപേക്ഷിച്ച് വിശാലതയിലേയ്ക്ക് വനുകൂടെ . രാഷ്ട്രങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ഉണ്ടാകുന്ന ന്യൂക്ലിയര്‍ യുദ്ധങ്ങളും ജൈവ-ആയുധങ്ങളുടെ ഉപയോഗവും (ഉദാ: വൈറല്‍ ബോംബ് ) മുന്‍‌കൂട്ടിക്കണ്ടുകൂടേ . പഴയ ആയുധങ്ങളുടെ വില്പനക്കമ്പോളത്തില്‍ ന്യൂക്ലിയര്‍ ആയുധങ്ങളും ഉള്‍പ്പെടുന്നു എന്ന പത്രറിപ്പോര്‍ട്ടുകള്‍ നമ്മെ ഇരുത്തിച്ചിന്തിപ്പിയ്ക്കുന്നവയാണ് .അതിനാല്‍ പ്രകൃതിസ്നേഹികള്‍ രാഷ്ട്രഭരണരംഗത്ത് ഒരു ഏകീകൃതവീക്ഷണം പുലര്‍ത്തേണ്ടത് അത്യാവശ്യമാണ് .ഈ വീക്ഷണത്തിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം ( ഒരു വോട്ടുബാങ്ക് ഫോര്‍മുല തന്നെ ആയാലും കുഴപ്പമില്ല ) നമുക്കുമാത്രമല്ല; ഇനി വരാന്‍പോകുന്ന ഒട്ടേറെ തലമുറകള്‍ക്കുകൂടി സൌഖ്യമായി ജീവിയ്ക്കാനുള്ളതാണ് ഈ ഭൂമിയെന്നും ,അതിനെ നശിപ്പിയ്ക്കാത്തതരത്തിലുള്ള തത്ത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭരണയന്ത്രമാണ് നമുക്ക് ആവശ്യമെന്നും പറഞ്ഞുകൊടുക്കണം .അത്തരത്തുലുള്ള ശബ്ദങ്ങള്‍ ഒട്ടേറെ കണ്ഠങ്ങളില്‍ നിന്നും ഉയരുമ്പോള്‍ , ‘നമ്മുടെ ജനാധിപത്യഭരണയന്ത്രം ‘ അതിനെ അവഗണിയ്ക്കുവാന്‍ ധൈര്യപ്പെടുമോ ?

സമകാലിക ഉപഭോഗസംസ്കാരം മനുഷ്യസമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതശൈലിയ്ക്ക് ഭംഗം ഉണ്ടാക്കുന്നുവെന്ന് മുന്‍പ് പ്രസ്താവിച്ചുവല്ലോ? ഈ ഉപഭോഗ സംസ്കാരത്തിന് സമ്പത്തികമേഖലയുമായി വ്യക്തമായ ബന്ധമുണ്ട് . ‘സമ്പത്ത് , ‘ഉപഭോഗം ‘ എന്നിവ പ്രകൃതിപരമല്ല എന്നകാര്യം നാം ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ് .ഇവ സമൂഹത്തില്‍ അനീതിയ്കും അക്രമത്തിനും ഇട നല്‍കുന്നു.നമ്മുടെ നാട്ടില്‍ നടക്കുന്ന ഒട്ടേറെ ആത്മഹത്യകള്‍ക്കുപിന്നില്‍ സാമ്പത്തിക പരാധീനതകളാണെന്ന് പത്രറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സാമ്പത്തിക പരാധീനതകള്‍ ഉണ്ടാവാന്‍ കാരണം ഉപഭോഗ ചിന്തയിലധിഷ്ടിതമായ പ്രവൃത്തികളാണ് . അതിനാല്‍ പ്രകൃതിസ്നേഹികള്‍ക്ക് പണം കൈകാര്യം ചെയ്യുന്നതിലും ( സമ്പത്തികരംഗത്ത് ) വ്യക്തമായ നയം ആവശ്യമാണ് .ഈ നയം സമൂഹത്തിന്റെ ആചാരമാക്കിത്തീര്‍ക്കാന്‍ ‘ ആത്മീയതക്ക് ‘ തീര്‍ച്ചയായും സാധിയ്ക്കും .ഇതിലേയ്ക്ക് എത്തിച്ചേരാനുള്ള വഴികളാണ് നമുക്കുചുറ്റുമുള്ള മതങ്ങള്‍ . ( പക്ഷെ , പ്രസ്തുത മതങ്ങളെ ചൂഷണവിമുക്തവും അന്ധവിശ്വാസവിമുക്തവും ആക്കണമെന്നുമാത്രം ) ഒരിയ്ക്കല്‍ ,ഒരു യോഗത്തില്‍ ,ബ്ലേയ്‌ഡ് ബിസിനസ്സും ഷെയര്‍ ബിസിനസ്സുമൊക്കെ ‘പ്രകൃതിജീവനക്കാര്‍ക്ക് ‘ യോജിച്ചതാണോ ? എന്നൊരു ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനുനേരെ ഗാന്ധിയന്മാരും കമ്മുണിസ്റ്റുകാരും മതമേധാവികളും പാര്‍ട്ടിമേധാവികളും എങ്ങനെ പ്രതികരിയ്ക്കും ?

മനുഷ്യന്റെ നിരീക്ഷണശേഷിയുടെ ഒരു ഘടകമാണ് ‘വിഘടനാത്മകവിശകലനം ‘ . വിഘടനപരമായ അറിവുകള്‍ക്കാണ് ഇന്നത്തെ സമൂഹം മുന്‍‌തൂക്കം കൊടുക്കുന്നത് . കാരണം ,ഇത്തരത്തിലുള്ള വിഘടനാത്മകവിശകലനത്തിന് പല വസ്തുതകളുടേയും തെറ്റും ശരിയും തെളിയിയ്ക്കാന്‍ കഴിയുന്നു.! അങ്ങനെ വിഘടനാത്മകവിശകലനം സര്‍വവ്യാപിയായിക്കഴിഞ്ഞിരിയ്ക്കുന്നു. അതായത് സമഗ്രതാത്മകവിശകലനത്തിന്റെ ആപേക്ഷികപ്രസക്തിപോലും ഇന്ന് നഷ്ടപ്പെട്ടുകഴിഞ്ഞിരിയ്ക്കുന്നു.


പല പ്രകൃതിജീവനപ്രിയരും ‘പ്രകൃതി ‘ എന്ന പദത്തിന്റെ അര്‍ത്ഥവ്യാപ്തി ജനാധിപത്യരീതിയില്‍ നിര്‍വ്വചിയ്ക്കപ്പെടാത്തതുനിമിത്തം ആദര്‍ശവഞ്ചകരായിക്കഴിയുന്നു. പ്രകൃതിജീവനക്കാര്‍ ഇന്നതുചെയ്യാമോ , ഇന്നത് ഉപയോഗിയ്ക്കാമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കുമുമ്പില്‍ പലര്‍ക്കും വ്യക്തമായ മറുപടി പറയാന്‍ പറ്റുന്നില്ല.തന്നിമിത്തം അപഹാസ്യരാകേണ്ടിവന്നാലോ എന്നുവിചാരിച്ച് പലരും ഇത്തരം സംഘങ്ങളിലേയ്ക്ക് ( കൂട്ടായ്മയിലേയ്ക്ക് ) വരാന്‍ മടികാണിയ്ക്കുന്നു.പട്ടിണികിടക്കലും കുമ്പളങ്ങനീരും ആയുധമാക്കിയുള്ള പ്രാകൃതചികിത്സയാണ് പ്രകൃതിചികിത്സ എന്ന് പലരാലും ആരോപിയ്ക്കപ്പെടുന്നു.പരിസ്ഥിതിവാദികളെ നാടന്‍ യാഥാസ്ഥിതികരായി മുദ്രകുത്തി (വികസന വിരോധികളായും ) പരിഹസിയ്ക്കുന്നു. പ്രകൃതിജീവനശൈലി പിശുക്കിന്റെ പര്യായമായി വേറെ ചിലര്‍ മുദ്രകുത്തുന്നു.

'നന്മ‘യെന്ന വിശാലതയുടെ അംശമുള്ള മതമേതാവികളെ കൂറുകാണിയ്ക്കാത്തവരെന്നുപറഞ്ഞ് സ്ഥാനമൊഴിപ്പിയ്ക്കുന്നു. ആദര്‍ശവാന്മാരാ‍യ രാഷ്ട്രീയക്കാരെ സമീപിച്ചാല്‍ കാര്യം നടക്കില്ലെന്നുപറഞ്ഞ് ജനം കയ്യൊഴിയുന്നു. ഇത്തരത്തിലുള്ള വ്യക്തികളെ എന്തുകൊണ്ട് പ്രകൃതിസ്നേഹികള്‍ക്ക് ഉപയോഗപ്പെടുത്തിക്കൂടാ .പ്രകൃതിയിലെ സ്വാഭാവികശക്തികളെ തങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ ഉപയോഗിയ്ക്കുന്നതില്‍ തെറ്റില്ലെന്ന് ‘ഫുക്കുവോക്ക ‘ പറഞ്ഞിട്ടില്ലേ.(ഇക്കാര്യം പ്രകൃതികൃഷിയില്‍ മാത്രമായി ഒതുക്കിനിര്‍ത്തുന്നതെന്തിന് ?) സാമൂഹ്യരംഗത്തെ ഇത്തരം വ്യക്തികള്‍ പ്രകൃതിയുടെ വരദാനങ്ങള്‍ തന്നെയാണ് .അതിനാല്‍ അവര്‍ ഈ വിഷയത്തില്‍ ഉപയോഗിയ്ക്കപ്പെടുകതന്നെവേണം.

‘ പരിധി ‘ അല്ലെങ്കില്‍ ‘അതിര്‍ത്തി‘ ,ഇതിന് സമഗ്രതയില്‍ പ്രമുഖ സ്ഥാനമുണ്ട് .പുകയില,കഞ്ചാവ്,കാപ്പി എന്നിവയൊക്കെ പഴം,പച്ചക്കറി ,അണ്ടിപ്പരിപ്പ് എന്നിവയെപ്പോലെ പ്രകൃതിപരമല്ലേ എന്ന ചോദ്യം പലരും ഉന്നയിച്ചിട്ടുള്ളതാണ് .ഇവിടെ നമുക്ക് വിഭജനം സാദ്ധ്യമാകണമെങ്കില്‍ സമഗ്രത ,ആനുപാതികം,സന്തുലിതം എന്നീ മൂന്നുഘടകങ്ങള്‍ പരിഗണിക്കേണ്ടിവരും.

ഈ പ്രപഞ്ചത്തിലെ എല്ലാം പ്രകൃതിപരമാണ് .പക്ഷെ, അവയെ ഉപയോഗിയ്ക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു പരിധി നിശ്ചയിച്ചിരിയ്ക്കുന്നു.ഈ പരിധിയെയാണ് നാം‘ പ്രകൃതി‘ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് .പ്രപഞ്ചവസ്തുക്കളെ ആവശ്യത്തിനനുസരുച്ച് ഉപയോഗിയ്ക്കുക എന്ന പരിധിയാണ് നാം ‘പ്രകൃതി ‘എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് . ഉപയോഗപ്പെടുത്തുക എന്നുവെച്ചാല്‍ ‘ചൂഷണവിധേയമാക്കുക എന്നല്ല‘എന്ന വസ്തുത ഈ സന്ദര്‍ഭത്തില്‍ ഗ്രഹിയ്ക്കേണ്ടതാണ് .

ജിജ്ഞാസ മനുഷ്യന്റെ കൂടപ്പിറപ്പാണ് .ഈ ജിജ്ഞാസയാണ് ശാസ്ത്രത്തെ മുന്നേറാന്‍ സഹായിച്ചത് .പക്ഷെ,ഇപ്പോള്‍ ജിജ്ഞാസമൂലം ശാസ്ത്രം വിഘടനാത്മകവാദവുമായി മുന്നേറുകയാണ് .ഈ വിഘടനാത്മകവാദം അതിന്റെ അതിസൂക്ഷ്മതയുടെ (micro level ) പാരമ്യത്തില്‍ എത്തിനില്‍ക്കുന്നു എന്ന കാര്യം പരിഹാസജനകമാണ്.ഇത്തരത്തിലുള്ള വിഘടനാത്മകവിശകലനത്തിന് നാം ഒരു പരിധി കല്പിക്കേണ്ടതുണ്ട് .കാരണം ,അതിനപ്പുറമുള്ള വിഘടനക്ഷമത പ്രകൃതിപരമല്ല ; തികച്ചും നാശപരമാണ് . ,
ശരിയായ വിദ്യാഭ്യാസം മൂലം ശരിയായ ചിന്ത ഉണ്ടാകുന്നു. ശരിയായ ജീവിതശൈലിയുണ്ടാകുന്നു.ഇതിന്റെ ഫലമായുണ്ടാകുന്ന സംസ്കാരം ശരിയായ രീതിയില്‍ തലമുറകളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതാണ് .

മനുഷ്യനെ മൃഗങ്ങളില്‍നിന്ന് വ്യത്യസതനാക്കുന്നത് ബുദ്ധിശക്തിയാണ് .ഈ ബുദ്ധിശക്തി തന്നെയാണ് വ്യക്തിയെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നതും. ഈ വ്യത്യസ്തതയെ നാം‘ ഉയര്‍ച്ച ‘എന്ന ആപേക്ഷികതയാല്‍ വീക്ഷിയ്ക്കുന്നു.

സൌഖ്യം ബുദ്ധിമാനായ മനുഷ്യനുള്ളതാണ് .പക്ഷെ ,ബുദ്ധി ഒരു പ്രത്യേകമേഖലയില്‍ മാത്രമാക്കരുത് .അത് ആനുപാതികവും സന്തുലിതവുമായരീതിയില്‍ മുന്നേറേണ്ടതുണ്ട് . ഇത്തരത്തില്‍ ബുദ്ധിയുള്ള മനുഷ്യന്‍ തന്റെ നിലനില്പിന് ഹാനികരമാകുന്ന രീതിയില്‍ ഒരിയ്ക്കലും കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെടുകയില്ല.ആ വ്യക്തി സാഹചര്യങ്ങളേയും യാദൃശ്ചികസംഭവങ്ങളേയും തനിക്ക് അനുകൂലമായിമാറ്റുകയും തന്റെ വളര്‍ച്ചയ്ക്ക് ( ഉയര്‍ച്ചക്ക് ) അവയെ ഉപയോഗിയ്ക്കുകയും ചെയ്യുന്നു. പ്രപഞ്ചത്തിലെ ചെറിയ മാറ്റങ്ങളേയും വലിയ മാറ്റങ്ങളേയുംകുറിച്ച് ആ വ്യക്തി പഠിയ്ക്കുന്നു. ആ പഠനത്തില്‍നിന്ന് അവയുടെ ഗതിയും ദിശയും മനസ്സിലാക്കി സംഭവങ്ങളെ പ്രവച്ഛിയ്ക്കുന്നതിളേയ്ക്ക് എത്തിച്ചേരുന്നു. അങ്ങനെയുള്ള പ്രവചനങ്ങളെ (ഭൂമിയിലെ മാറ്റങ്ങളെ ) ഉള്‍ക്കൊണ്ട് അതിന് അനുയോജ്യമായ ശൈലികളും പദ്ധതിഅകളും തന്റെ ജീവിതദൈര്‍ഘ്യത്തിനനുസരിച്ച് രൂപീകരിയ്ക്കുന്നു. ചരിത്രത്തില്‍ നല്ലൊരു ‘പ്രഭ‘ യ്ക്കുടമയായി സ്ഥാനം പിടിയ്ക്കണമെന്നുള്ളവര്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ നടത്തുന്നവരാണ് .ഇങ്ങനെയുള്ളവരെ തലമുറകള്‍ മാതൃകയാക്കുകയും പിന്തുടരുകയുംചെയ്യുന്നു.

No comments:

Post a Comment