Total Pageviews

Sunday, 10 October 2010

2. ‘ജീന്‍ തിയറിയും സമൂഹവും ‘ പ്രകൃതിജീവനത്തില്‍..

പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പുള്ള മനുഷ്യാവസ്ഥയെക്കുറിച്ച് അത്രയധികം പഠനങ്ങള്‍ നടന്നിട്ടില്ല. ഫോസിലുകള്‍ വെച്ചുകൊണ്ട് അന്നത്തെ മനുഷ്യന്റെ ശരീരാകൃതിയെക്കുറിച്ച് അനുമാനങ്ങളിലെത്തിച്ചേര്‍ന്ന വസ്തുതകളെ വിസ്മരിയ്ക്കുകയല്ല ഇവിടെ ചെയ്യുന്നത് .മൃഗതുല്യമായ ജീവിതം നയിച്ചിരുന്ന ഒരു ജീവിവര്‍ഗ്ഗത്തിന്റെ മസ്തിഷ്കശേഷിപരമായ വളര്‍ച്ച അത്ഭുതം ജനിപ്പിയ്ക്കുന്നതുതന്നെയാണ് .എന്തുകൊണ്ട് ,ഇത് ഒരു പ്രത്യേക ജീവി വര്‍ഗ്ഗത്തിനുമാത്രം സാദ്ധ്യമായി ? ( ഉത്തരങ്ങള്‍ ഒട്ടേറെയുണ്ടെങ്കിലും പൂര്‍ണ്ണമായ അനുയോജ്യത അവയ്ക്കൊന്നിനുമില്ലെത്രെ! ) അന്ന് സംഭവിച്ച മസ്തിഷ്കശേഷിപരമായ വളര്‍ച്ചയെ ഇപ്പോള്‍ ലഭ്യമായിട്ടുള്ള ജീന്‍ തിയറി ഉപയോഗിച്ച് വിശകലനം ചെയ്യുന്നത് കൌതുകകരമാണ് .ഇത്തരത്തില്‍ ലഭിച്ച അറിവുകളെ മനുഷ്യസമൂഹത്തെ ശാസ്ത്രീയമായി പഠിച്ച മാര്‍ക്സിസത്തിന്റെ അപഗ്രഥനഫലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലഭ്യമാകുന്ന വസ്തുതകള്‍ ആരേയും ഇരുത്തിചിന്തിപ്പിയ്ക്കാനുതകുന്നവയാണ് .


മസ്തിഷ്കവികാസവും പരിണാമസിദ്ധാന്തവും തമ്മിലുള്ള ബന്ധമെന്ത് ?


തുടക്കവും ഒടുക്കവും നിശ്ചയമില്ലാത്ത അനന്തമായ ഒരു വ്യൂഹത്തിന് (System ) ഒരു വിധം തൃപ്തികരമായ വിശദീകരണം നല്‍കുന്നതിന് മനുഷ്യമസ്തിഷ്കത്തില്‍ രൂപംകൊണ്ട ദൈവത്തില്‍ അധിഷ്ഠിതമായ ‘സൃഷ്ടിവാദത്തിന്‘ കഴിഞ്ഞിരുന്നു.(പ്രപഞ്ചം ഒരു ശക്തി സൃഷ്ടിച്ചതാണെന്നും ആ ശക്തിയാണ് ദൈവമെന്നുമുള്ള ചിന്താഗതിയാണ് സൃഷ്ടിവാദമെന്ന് വേണമെങ്കില്‍ ചുരുക്കിപ്പറയാം ) .എങ്കിലും മനുഷ്യമസ്തിഷ്കത്തില്‍നിന്നുതന്നെ, ഒരു അപസ്വരം പോലെ ,യുക്തിഭദ്രമായ ചോദ്യങ്ങള്‍ സൃഷ്ടിവാദത്തിനെതിരെ ഉയര്‍ന്നുവന്നിരുന്നു.മുന്‍പുപറഞ്ഞതുപോലെ, അനന്തമായ വ്യൂഹത്തിന്റെ ,മനുഷ്യമസ്തിഷ്കത്തിന്റെ ചിന്തകള്‍ക്കുള്‍ക്കൊള്ളാവുന്ന ഒരു നിശ്ചിത ഖണ്ഡമെടുത്ത് ശാസ്ത്രീയമായി വിശകലനം ചെയ്തപ്പോള്‍ സൃഷ്ടിവാദത്തിന്റെ യുക്തിയല്ല മറിച്ച് പരിണാമവാദത്തിന്റെ യുക്തിയാണ് സിദ്ധാന്തമായി പുറത്തുവന്നത്. അജീവിയ വസ്തുക്കളില്‍നിന്ന് ജീവ വസ്തുക്കളിലേയ്ക്കും തുടര്‍ന്ന് വ്യത്യസ്ത ജീവ വര്‍ഗ്ഗങ്ങളുടെ രൂപീകരണങ്ങളെ സംബന്ധിച്ചും ,ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിയ്ക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ ,വ്യക്തമായ തെളിവുനല്‍കാന്‍ ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനു കഴിഞ്ഞു. ഭൂമിയില്‍ ഇപ്പോള്‍ കാണുന്ന പല ജീവി വര്‍ഗ്ഗവും രൂപമെടുക്കുന്നതിന് ഒട്ടേറെ സമയം വേണ്ടീവന്നീട്ടുണ്ട് . ഓരോ ഇനം ജീവിവര്‍ഗ്ഗത്തിനും അതിന്റേതായ സവിശേഷതകള്‍ ഉണ്ട് .’സവിശേഷത’ എന്നുപറഞ്ഞാല്‍ ശാരീരികമായവ എന്നുമാത്രം അര്‍ത്ഥമാക്കരുത് .മസ്തിഷ്കപരമായ സവിശേഷതകളും ഉണ്ടെന്ന് നാം മനസ്സിലാക്കണം.പക്ഷെ, പല പഠനങ്ങളും നടന്നിട്ടുള്ളത് ശാരീരികമായ സവിശേഷതകളെ മാത്രം അടിസ്ഥാനമാക്കിയാണ്

ചിലന്തികളുടെ വല നെയ്യുവാനുള്ള കഴിവ് ,പക്ഷികളുടെ കൂട് നിര്‍മ്മിയ്ക്കാനുള്ള കഴിവ് ......തുടങ്ങിയവയൊക്കെ ജീവികളുടെ ജന്മവാസനകളാകുന്ന മസ്തിഷ്കശേഷിയുടെ ഉദാഹരണങ്ങളാണ് . സൂക്ഷ്മപഠനം നടത്തുകയാണെങ്കില്‍ ഈ കഴിവിലും നമുക്ക് ‘വ്യത്യസ്തത’ ദര്‍ശിയ്ക്കാം. അതുപോലെത്തന്നെ ,ഒരേയിനം പക്ഷികള്‍ നിര്‍മ്മിയ്ക്കുന്ന കൂടുകളിലും വ്യത്യാസമുണ്ടായിരിയ്ക്കും.


ജീവിയും സമൂഹവും തമ്മിലുള്ള ബന്ധമെന്ത് ?


ഒരു നിശ്ചിത പ്രദേശത്തെ പരിസ്ഥിതിയെ (Ecosystem) പഠനവിധേയമാക്കുമ്പോള്‍ ചില ജീവികള്‍ ഒറ്റയ്ക്കും മറ്റുചിലത് കൂട്ടമായും ജീവിയ്ക്കുന്നതായി നമുക്ക് മനസ്സിലാവുന്നു. ഇതിന് കാരണമെന്താണ് ?.ഇതിന് ഉത്തരമായി പറയാവുന്നത് ‘സാഹചര്യം’ എന്നാണ് .ഒരു പ്രത്യക ജീവിയെ അടിസ്ഥാനമാക്കിപ്പറയുകയാണെങ്കില്‍ അനുകൂലമായ സാഹചര്യം അതിന്റെ വംശവര്‍ദ്ധനവിന് ഇടയാക്കുന്നു. ഒരു ജീവിവര്‍ഗ്ഗത്തിന്റെ അനുകൂലമായ സാഹചര്യം മറ്റൊരു ജീവിവര്‍ഗ്ഗത്തിന് അനുകൂലമാറ്റിക്കൊള്ളണമെന്നില്ല. എങ്കിലും ജീവിവര്‍ഗ്ഗങ്ങളുടെ അനുകൂല സാഹചര്യങ്ങളില്‍ ഒട്ടനവധി എണ്ണം സമാനത പുലര്‍ത്തുന്നവയായിരിയ്ക്കും.ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം സമാനത പുലര്‍ത്തുന്നവയായിരിയ്ക്കും.ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യക ജീവിവര്‍ഗ്ഗത്തിന്റെ എണ്ണം വര്‍ദ്ധിച്ചാല്‍ അത് മറ്റൊരു ജീവിവര്‍ഗ്ഗത്തിനോ അല്ലെങ്കില്‍ ഒന്നിലധികം ജീവിവര്‍ഗ്ഗങ്ങള്‍ക്കോ ഭീഷണിയായി ഭവിയ്ക്കാം. ഭക്ഷ്യശൃംഖലയെ ആസ്പദമാക്കി ചിന്തിയ്ക്കയാണെങ്കില്‍ ഈ വസ്തുത വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. അതുകൊണ്ടൂതന്നെ ഒരു പ്രത്യക ഇനം ജീവിവര്‍ഗ്ഗം ഒരു നിശ്ചിത സ്ഥലത്ത് അമിതമായി വര്‍ദ്ധിച്ചാല്‍ അത് മറ്റുചില ജീവിവര്‍ഗ്ഗങ്ങളുടെ നാശത്തിനും പിന്നീട് സ്വയം നാശത്തിനും കാരണമാകും .കാരണം,ജീവിയുടെ വംശവര്‍ദ്ധനവിനാസ്പദമായ അനുകൂല സാഹചര്യങ്ങളില്‍ ഒരു ഘടകം ആഹാരമാണല്ലോ .

ഒരു നിശ്ചിത സ്ഥലത്ത് ഒരു പ്രത്യക ജീവിവര്‍ഗ്ഗത്തിന്റെ വംശവര്‍ദ്ധനവ് ഉണ്ടായി എന്നുവെച്ച് അവ സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കണമെന്നില്ല. അതായത് വംശവര്‍ദ്ധനവിനേയും സമൂഹാടിസ്ഥാനത്തിലുള്ള ജീവികളുടെ വാസത്തേയും വ്യത്യസ്തമായി കാണേണ്ടതാണ് . സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുക എന്നുവെച്ചാല്‍ അത് ഒരു ജീവിവര്‍ഗ്ഗത്തിന്റെ ഒരു പ്രത്യക സ്വഭാവമായി കണക്കാക്കേണ്ടതാണ് .ഇവ പാരമ്പര്യം കൊണ്ടും സാഹചര്യംകൊണ്ടും ലഭ്യമാക്കാവുന്നതാണ് .

ഉറുമ്പ്,ചിതല്‍ , തേനീച്ച ,മനുഷ്യക്കുരങ്ങ് ....എന്നിവയൊക്കെ സമൂഹമായി ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങളാണ്. പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പുള്ള മനുഷ്യാവസ്ഥയെ പഠനവിഷയമാക്കുമ്പോള്‍ ,ഇപ്പോഴത്തെ അപേക്ഷിച്ച് ഏറെ മസ്തിഷ്കശേഷി കുറവായ മനുഷ്യജീവിവര്‍ഗ്ഗമാണ് നമ്മുടെ മുന്നിലെത്തുന്നത് .

ആഫ്രിയ്ക്കന്‍ വനാന്തരങ്ങളില്‍ സമൂഹമായി ജീവിയ്ക്കുന്ന മനുഷ്യക്കുരങ്ങുകളെക്കുറിച്ച് ശാസ്ത്രജ്ഞര്‍ പഠനം നടത്തിയിട്ടുണ്ട് . ട്രയല്‍ ഏര്‍ഡ് ഏറര്‍ (Trial and error ) രീതി മുഖേനെയുള്ള പഠനം ചിമ്പന്‍സികളില്‍ നടത്തി വ്യക്തമായ നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് .പക്ഷെ,ഇത്തരം പഠനങ്ങള്‍ക്കുവേണ്ടി ചില പ്രത്യേക സാഹചര്യങ്ങള്‍ അവയ്ക്കുനല്‍കേണ്ടിവന്നുവെന്ന് മാത്രം.പരിസ്ഥിതികളില്‍നിന്നുള്ള വെല്ലുവിളികള്‍ക്കനുസരിച്ച് ചിമ്പന്‍സികളില്‍ ചിലതിന്റെ പ്രതികരണശേഷി ആശാവഹമായി പുരോഗമിയ്ക്കുന്നതായി കണ്ടീട്ടുണ്ട്. സര്‍ക്കസ്സുകളിലും മറ്റുമുള്ള മൃഗങ്ങളുടെ അഭ്യാസങ്ങള്‍ തെളിയിക്കുന്നത് ,ഒരു നിശ്ചിത പരിധിവരേയെങ്കിലും അവയി പഠനം അല്ലെങ്കില്‍ പരിശീലനം (Learning or Coaching ) സാധ്യമാണ് എന്നാണ് . ഈ വസ്തുതകള്‍ ,മനുഷ്യവര്‍ഗ്ഗത്തിന് തൊട്ടുമുമ്പോ അല്ലെങ്കില്‍ സഹോദരശ്രേണിയിലോ ഉള്ള ജീവിവര്‍ഗ്ഗത്തിന്റെ സമൂഹസ്വഭാവത്തേയും മസ്തിഷ്കശേഷിയേയും വ്യക്തമാക്കുന്നു.(മനുഷ്യന്‍ കുരങ്ങില്‍നിന്നാണ് ഉണ്ടായത് എന്ന തെറ്റിദ്ധാരണ തിരുത്താന്‍ കൂടിയാണ് ‘സഹോദരശ്രേണി ‘ എന്ന പദം ഉപയോഗിച്ചത് )

ശാസ്ത്രീയരീതിയില്‍ (Scientific Method) സാമാന്യവല്‍ക്കരണത്തിന്റെ (Genaralisation )രൂപീകരണത്തില്‍ മുഖ്യസ്ഥാനമാണ് ഉള്ളത് . കൂടാതെ ,താരതമ്യവിശകലനത്തിന് (Comparative Analysis ) ശാസ്ത്രീയ രീതി അര്‍ഹിയ്ക്കുന്ന സ്ഥാനവും നല്‍കുന്നുണ്ട് . അതിനാല്‍, സമൂഹാടിസ്ഥാനത്തിലുള്ള ഒരു ജീവിവര്‍ഗ്ഗത്തെക്കുറിച്ച് പഠനം നടത്തുമ്പോള്‍ സമൂഹാടിസ്ഥാനത്തിലുള്ള മറ്റ് ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തേണ്ടതും താരതമ്യവിശകലനം ചെയ്യേണ്ടതും ഒഴിച്ചുകൂടാനാ‍വാത്ത പ്രക്രിയയാണ് . അതായത് ഉറുമ്പ് ,തേനീച്ച ,ചിതല്‍ ,മനുഷ്യക്കുരങ്ങ്,മനുഷ്യന്‍ .......തുടങ്ങിയ സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങളെക്കുറുച്ച് താരതമ്യവിശകലനം നടത്തേണ്ടത് ശാസ്ത്രീയ രീതിയില്‍ ആവശ്യമായിട്ടുള്ളതാണ് എന്നര്‍ത്ഥം.


മ്യൂട്ടേഷന്റെ ഫലം എന്താണ് ?


മുന്‍പ് വിശദമാക്കിയതുപോലെ ,ഒരേ വര്‍ഗ്ഗത്തിപ്പെട്ട ചിലന്തിയും മറ്റൊരു ചിലന്തിയും നെയ്ത വലകള്‍ തമ്മിലുള്ള വ്യത്യാസത്തിനുകാരണം ചിലന്തികളുടെ മസ്തിഷ്ക- ശാരീരികശേഷിപരമായ വ്യത്യാസവും പരിസ്ഥിതി നല്‍കിയ അനിവാര്യതയുമാണ് .ഈ തത്ത്വം സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന എല്ലാ ജീവിവര്‍ഗ്ഗങ്ങള്‍ക്കും ബാധകമാണ് . അതായത് ഒരേയിനം ജീവികളില്‍ ശാരീരികമായി വളരേ ചെറിയ വ്യത്യാസം നാം ദര്‍ശിയ്ക്കാറുണ്ടല്ലോ .ഈ വ്യത്യാസം അവയിലെ മസ്തിഷ്കശേഷിയിലും പ്രകടമാകുന്നുണ്ട് .(ഗ്രിഗര്‍ മെന്‍ഡല്‍ പയറുചെടിയില്‍ നടത്തിയ പരീക്ഷണം ഇവിടെ സ്മരണീയം )

സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങളെക്കുറിച്ച് പഠനം നടത്തുമ്പോള്‍ നമുക്ക് താഴെ പറയുന്ന വസ്തുതകള്‍ വ്യക്തമാകുന്നു.

1.സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ പരിണാമത്തിനും മ്യൂട്ടേഷനും ഏറെ വശം വദമാകുന്നു.
2.ജീവിവര്‍ഗ്ഗത്തിന്റെ‘ സമൂഹസ്വഭാവം ‘ പാരമ്പര്യസിദ്ധമാണെന്നു നിരൂപിച്ചാല്‍ , സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങള്‍ പരിണമിച്ചുവന്നത് സമൂഹാടിസ്ഥാനത്തിലുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ നിന്നുതന്നെയാണെന്ന് ഉറപ്പിച്ചു പറയാം.

3. മുകളില്‍ പറഞ്ഞ തത്ത്വമനുസരിച്ച് ,പ്രാകൃത കമ്മ്യൂണിസത്തിനുമുമ്പും അതിനടുത്ത ശ്രേണികളിലുമുള്ള മനുഷ്യവര്‍ഗ്ഗങ്ങള്‍ സമൂഹാടിസ്ഥാനത്തിലാണ് വസിച്ചിരുന്നത് ( പ്രകൃതിക്ഷോഭങ്ങള്‍,പകര്‍ച്ച വ്യാധികള്‍....മുതലായ പ്രത്യേക സാഹചര്യങ്ങള്‍ മൂലം ഒറ്റപ്പെട്ടുപോയവയെ ഇവിടെ പരിഗണിയ്ക്കുന്നില്ല.
4.സമൂഹമായി ജീവിയ്ക്കുന്ന ഒരേയിനം ജീവിവര്‍ഗ്ഗങ്ങളില്‍ സാദൃശ്യങ്ങള്‍ വളരേയധികമാണ് . എങ്കിലും വളരേ ചെറിയ തോതിലുള്ള ശാരീരിക- മസ്തിഷ്കശേഷിപരമായ വ്യത്യാസങ്ങളുമുണ്ട് .

5.പരിണാമത്തിന്റെ ആദ്യഭാഗത്തുള്ള ജീവിവര്‍ഗ്ഗങ്ങളില്‍ ശാരീരികമായ വളര്‍ച്ചയ്ക്കായിരുന്നു മുന്‍‌തൂക്കം.പക്ഷെ അവസാനഭാഗത്ത് (?)(അങ്ങനെയല്ലേ ഇപ്പോള്‍ പറയാനൊക്കൂ ) ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന് ശാരീരികമായ വളര്‍ച്ചയെ അപേക്ഷിച്ച് മസ്തിഷ്കപരമായ വളര്‍ച്ചയ്ക്കായി മുന്‍‌തൂക്കം.ഇത് ഒരു പ്രത്യേക ജീവിവര്‍ഗ്ഗത്തിന്റെ --മനുഷ്യന്റെ -- അതിവ്യാപനത്തിന് വഴിയൊരുക്കി.

6.സമൂഹാടിസ്ഥാനത്തില്‍ ജീവിയ്ക്കുന്ന ഒരേയിനത്തില്‍പ്പെടുന്ന ജീവികളുടെ എണ്ണം വര്‍ദ്ധിയ്ക്കുമ്പോള്‍ , സുസ്ഥിരമായ സമൂഹ നിലനില്പിന് പല നിയമങ്ങളും ആവിഷ്കരിയ്ക്കേണ്ടിവരുന്നു. ഇത്തരം നിയമങ്ങള്‍ ആവിഷ്കരിയ്ക്കാ‍ത്തവ നശിയ്ക്കുകയോ ചിഹ്നഭിന്നമായിപ്പോകുകയോ ചെയ്യുന്നു.ഇത് എത്രയേറെ അനുകൂലമായ പരിസ്ഥിതി സാഹചര്യങ്ങളുണ്ടെങ്കിലും സംഭവിയ്ക്കാം.മുന്‍പറഞ്ഞതുപോലെ നിയമങ്ങള്‍ ആവിഷ്കരിയ്ക്കുന്ന ജീവിസമൂഹത്തിലെ ഒരു വിഭാഗത്തിന് മസ്തിഷ്കശേഷിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാകുന്നു. പരിസ്ഥിതികളുടെ വെല്ലുവിളികള്‍ക്കനുസരിച്ച് മസ്തിഷ്കശേഷികള്‍ വര്‍ദ്ധിയ്ക്കുന്നു. (മനുഷ്യന്റെ കാര്യത്തില്‍ സംഭവിച്ചതിന് ഒരു കാരണം കണ്ടെത്താന്‍ ശ്രമിച്ചെന്നേയുള്ളൂ. ഇനിയും വേറെ കാരണങ്ങളുണ്ടാകാം )

7.പരിണാമത്തിന്റെ തുടക്കം മുതല്‍ ജീവികളില്‍ ശാരീരികശേഷികൊണ്ട് അര്‍ഹതയുള്ളവന്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു . എന്നാല്‍ ജീവിവര്‍ഗ്ഗങ്ങളിലൊന്നായ ‘മനുഷ്യന്‍ ‘ ശാരീരികശേഷിയേക്കാളുപരി മസ്തിഷ്കശേഷി ഉപയോഗിച്ചാണ് പ്രതികൂല സാഹചര്യങ്ങളെ അതിജീവിയ്ക്കാനുള്ള അര്‍ഹത നേടിയത് .

8.പരിണാമം പാരമ്പര്യസിദ്ധമാണ് .അല്ലെങ്കില്‍ വ്യത്യസ്തജീവി വര്‍ഗ്ഗങ്ങള്‍ ഉണ്ടാകാനിടയില്ലല്ലോ .പ്രസ്തുത ശേഷി ഒരു ജീവിയില്‍നിന്ന് അടുത്ത തലമുറയിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. എല്ലാതലമുറകളും പരിണാമം പ്രകടിപ്പിയ്ക്കുന്നില്ല . ചില പ്രത്യേക തലമുറകള്‍ മാത്രം വ്യവസ്ഥാപിതമായ ചട്ടക്കൂടില്‍ നിന്നും വളരേ നേരിയ വ്യതിയാനം പ്രകടമാക്കുന്നു.പ്രത്യക്ഷത്തില്‍ ദൃശ്യമായ ഈ നേരിയ വ്യതിയാനം തുടങ്ങിയത് പ്രസ്തുത തലമുറയിലല്ല ,മറിച്ച് അനേകം തലമുറകള്‍ക്കുമുമ്പായിരിയ്ക്കും.ഏറെ തലമുറകള്‍ ദീര്‍ഘമായ കാലയളവിലൂടെ വളരേ നേരിയ വ്യതിയാനം സൃഷ്ടിച്ചെടുക്കുന്നുവെന്നുമാത്രം(ജീന്‍ തിയറിയനുസരിച്ച് ‘പ്രകടമാക്കാത്ത ജീനുകള്‍ ‘ എന്നുപറയുമ്പോള്‍ അവയുടെ പ്രകടനശേഷി നമുക്ക് കണ്ടുപിടിയ്ക്കാനാവാത്ത സാഹചര്യത്തെയാണ് ഇവിടെ ഉദ്ദേശിയ്ക്കുന്നത് .ഇവിടെ ലോക പ്രശസ്തരായ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ജീന്‍ തിയറിയെ വിമര്‍ശിയ്ക്കുകയല്ല മറിച്ച് അത്തരമൊരു സാദ്ധ്യതയെ തള്ളിക്കളയരുതെന്ന് അഭ്യര്‍ത്ഥിയ്ക്കാനാണ് ശ്രമിയ്ക്കുന്നത് )


മാര്‍ക്സിസവും ജീന്‍ തിയറിയും തമ്മിലുള്ള ബന്ധമെന്ത് ?


ഒരു ജീവിയുടെ ,വിശേഷിച്ചും മനുഷ്യന്റെ മസ്തിഷ്കശേഷി പരമായ സ്വഭാവവിശേഷങ്ങള്‍ക്കുകാരണം ജീനുകളാണ് . പ്രസ്തുത ജീനുകളെക്കുറിച്ച് ഒട്ടേറെ അറിവുകള്‍ നാം നേടിക്കഴിഞ്ഞീട്ടുമുണ്ട് .(ഉദാഹരണം Human Genome Project ) ചിത്രം വര, സംഗീതം,യുക്തിചിന്ത,നേതൃപാടവം,പ്രഭാഷണം......തുടങ്ങിയ കഴിവുകളൊക്കെ മനുഷ്യര്‍ക്ക് പ്രധാനം ചെയ്യുന്നത് ജീനുകളാണ് .

മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തില്‍ അടിസ്ഥാനപരമായി രണ്ടുതരം മനുഷ്യവിഭാഗങ്ങളെ നാം ദര്‍ശിയ്ക്കുന്നു ; ചൂഷകരും ചൂഷിതരുമാണ് അവ . മൃഗവും മനുഷ്യനും തമ്മിലുള്ള ഒരു സുപ്രധാന വ്യത്യാസം മസ്തിഷകശേഷിയിലാണല്ലോ . അതുപോലെത്തന്നെ , സമൂഹത്തില്‍ ഒരു മനുഷ്യന്റെ ഔന്നത്യം നിര്‍ണ്ണയിയ്ക്കപ്പെടുന്നത് മസ്തിഷ്കശേഷിയെ (ബുദ്ധിശക്തിയെ ) അടിസ്ഥാനമാക്കിയാണ് . ഈ ബുദ്ധിശക്തിയാണ് മാര്‍ക്സിയന്‍ തത്ത്വശാസ്ത്രത്തിനടിസ്ഥാനമായ “ മിച്ചമൂല്യം “ ഉണ്ടാക്കുന്നതും ! ബുദ്ധിശക്തി കൂടുതലുള്ളവര്‍ തക്കതായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ഔന്നത്യത്തിലെത്തിച്ചേരുന്നു.ഇവിടെ പ്രവര്‍ത്തനമെന്നത് യഥാര്‍ത്ഥത്തില്‍ അധാര്‍മ്മികമാകാം (കാരണം മിച്ചമൂല്യവും ധാര്‍മ്മികതയും വിപരീതാനുപാതത്തിലാണല്ലോ സ്ഥിതിചെയ്യുന്നത് ) പക്ഷെ ,അത് ധാര്‍മ്മികമെന്ന് തോന്നത്തക്ക വിധത്തില്‍ അവന്‍ കൈകാര്യം ചെയ്തെന്നിരിയ്ക്കും. ജീന്‍ തിയറി വികസിയ്ക്കുന്നതിനനുസരിച്ച് അധാര്‍മ്മികത ,ചൂഷകസ്വഭാവം......തുടങ്ങിയ നെഗറ്റീവ് സ്വഭാവങ്ങള്‍ക്കാസ്പദമായ ജീനുകളെ വ്യക്തമായി കണ്ടെത്തുവാനും വേര്‍തിരിച്ചെടുക്കുവാനും കഴിഞ്ഞെന്നിരിയ്ക്കും!!

മാര്‍ക്സിസം പറയുന്നത് സമൂഹത്തില്‍ ചൂഷകര്‍ ന്യൂനപക്ഷവും ചൂഷിതര്‍ ഭൂരിപക്ഷവുമാണെന്നാണ് . (എണ്ണത്തിനേയും സമ്പത്തിനേയും അടിസ്ഥാനമാക്കിയുള്ള ഗണിതശാസ്ത്ര ഫലങ്ങളും ഇതിനെ പിന്തുണയ്ക്കുന്നു. ) അതിനര്‍ത്ഥം ന്യൂനപക്ഷം വരുന്ന ചൂഷകര്‍ക്ക് മസ്തിഷ്കശേഷി കൂടുതലാണെന്നാണ് . ജീവശാസ്ത്രസിദ്ധാന്തമനുസരിച്ച് മസ്തിഷ്കശേഷി തലമുറകളായി കൈമാറ്റം ചെയ്യപ്പെടാവുന്നതാണ് . അതുകൊണ്ടുതന്നെ ചൂഷകവര്‍ഗ്ഗം ഒരു പ്രത്യേക ജാതിയേയോ ,വംശത്തേയോ ആസ്പദയാക്കി വളരുന്നു. മിയ്ക്കവാറും കേസുകളില്‍ ഇത്തരം ശേഷികള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നു. പരമ്പര്യമായി പ്രസ്തുത ശേഷി ലഭിയ്ക്കാത്തവര്‍ ചൂഷക വര്‍ഗ്ഗത്തില്‍നിന്നും പുറത്താവുകയും ചൂഷിത വര്‍ഗ്ഗത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിന് ഉദാഹരണമാണ് പല രാജ്യവംശങ്ങളും തലമുറകള്‍ക്കുശേഷം നശിയ്ക്കുന്നത് .മുകള്‍ രാജ്യവംശത്തിന്റെ ഔറംഗസീബിനുശേഷമുള്ള പതനം ഇവിടെ സ്മരണീയമാണ് . (രണ്ടു ചൂഷക വിഭാഗങ്ങള്‍ തമ്മില്‍ മത്സരിയ്ക്കുമ്പോള്‍ ശക്തികൂടിയ വര്‍ഗ്ഗം നിലനില്‍ക്കുകയും മറ്റേത് നശിയ്ക്കുകയും ചെയ്യുന്നുവെന്നുള്ള സിദ്ധാന്തത്തെ ഇവിടെ വിസ്മരിയ്ക്കുന്നില്ല.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കാനുള്ള കാരണം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തകര്‍ച്ചയാണെന്ന അഭിപ്രായം ഇവിടെ സ്മരണീയം!)

മുകളില്‍ പ്രസ്താവിച്ചതുപോലെയുള്ള പ്രവണതകള്‍ ചൂഷിത വര്‍ഗ്ഗത്തിനും സംഭവിയ്ക്കാം.മിയ്ക്കവാറും കേസുകളില്‍ പാരമ്പര്യമായി ലഭിച്ച മസ്തിഷ്കശേഷികള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. എങ്കിലും ചില കേസുകളില്‍ മസ്തിഷ്കശേഷി വര്‍ദ്ധിയ്ക്കുകയും വ്യക്തി ചൂഷകവര്‍ഗ്ഗത്തിലെത്തുകയും ചെയ്യുന്നു. ചിലപ്പോള്‍ സ്വന്തം വര്‍ഗ്ഗത്തെ (ചൂഷിത വര്‍ഗ്ഗത്തെ ) നേരിട്ട് ചൂഷണം ചെയ്യുന്നവനാകാനും മതി . ഇതിന് ഉദാഹരണമാണ് അടിമവംശത്തിന്റെ സ്ഥാപകനായ കുത്ത്ബ്‌ദ്ദീന്‍ ഐബക് !

മുകളില്‍ വിശദീകരിച്ചവയെ ജീന്‍ തിയറിയെ അടിസ്ഥാനമാക്കി വിശകലനം നടത്തുമ്പോള്‍ താഴെ പറയുന്ന വസ്തുതകള്‍ വ്യക്തമാകുന്നു.

1.ചൂഷക-- ചൂഷിത മനുഷ്യവിഭാഗങ്ങള്‍ക്കു കാരണം മസ്തിഷ്കശേഷിയിലുള്ള വ്യത്യാസമാണ്.

2.മസ്തിഷ്കശേഷിയിലുള്ള വ്യത്യാസത്തിനു കാരണം പരിസ്ഥിതിയും ജീനുകളുമാണ് .

3. സോഷ്യലിസം കൈവരിയ്ക്കണമെങ്കില്‍ മസ്തിഷ്ക ശേഷിയില്‍ ചില പ്രത്യക ശേഷികള്‍ പ്രകടിപ്പിയ്ക്കുന്ന (ചൂഷണ ശേഷി ) മനുഷ്യവര്‍ഗ്ഗം ഇല്ലാതാകണം.

4. പിന്‍‌തുടര്‍ച്ചാവകാശം,പാരമ്പര്യസിദ്ധമായ ‘ഭൌതിക- സാമൂഹിക -- ആത്മീയസമ്പത്ത് ‘ എന്നിവയെക്കുറിച്ച് വ്യക്തമായ വിശദീകരണങ്ങള്‍ ചൂഷണരഹിത സമൂഹത്തിന് ഇനിയും വേണ്ടിയിരിയ്ക്കുന്നു. സമ്പൂര്‍ണ്ണ സോഷ്യലിസത്തില്‍, മുന്‍‌പറഞ്ഞ വഹകള്‍ ,വ്യക്തിയുടെ കാലശേഷം മക്കള്‍ക്കോ മറ്റ് അവകാശികള്‍ക്കോ അല്ല വന്നുചേരേണ്ടത് ; മറിച്ച് സ്റ്റേറ്റിലേയ്ക്ക് കണ്ടുകെട്ടപ്പെടേണ്ടതാണ് . പക്ഷെ, ആ‍ത്മീയതയിലധിഷ്ഠിതമായ സ്വാര്‍ത്ഥത തുടച്ചുനീക്കപ്പെടാത്ത മനസ്സുകള്‍ ഇത്തരം സ്വാര്‍ത്ഥരഹിത സോഷ്യലിസത്തെ അംഗീകരിയ്ക്കുമോ ? അംഗീകരിച്ചാല്‍ അഴിമതിയും സ്വജന പക്ഷപാതവും അപ്രത്യക്ഷമാകുകയും തദ്വാരാ പ്രസ്തുത സിസ്റ്റത്തിന്റെ നാശഹേതുക്കളില്‍ പ്രധാനമായ ഒന്ന് ഇല്ലാതാകുകയും ചെയ്യും.

5.ജീന്‍ തിയറിയനുസരിച്ച് നേതൃത്വഗുണത്തിനും (Leadership Quality ) ജീനുകളാണ് കാരണക്കാര്‍ .മറ്റൊരു സമൂഹജീവിയായ തേനീച്ചയെ പ്രസ്തുത വിഷയത്തില്‍ പഠനവിധേയമാക്കേണ്ടതുണ്ട് . റാണിയുടെ ജനനം ,മറ്റൊരു റാണി ജനിയ്ക്കാനുള്ള കാലദൈര്‍ഘ്യം ,മറ്റൊരു റാണി ജനിച്ചുകഴിഞ്ഞാലുള്ള പ്രശ്നങ്ങള്‍ എന്നിവ വിശകലനം ചെയ്യുന്നത് കൌതുകകരമാണ് .

നേതൃത്വ പ്രശ്നത്തില്‍ മനുഷ്യസമൂഹവും ചില നിയമങ്ങള്‍ പാലിയ്ക്കുന്നുണ്ടെന്നുകാണാം.ഒരു പ്രത്യക സാഹചര്യത്തില്‍ അനുയോജ്യമായ കഴിവുനേടിയ വ്യക്തി നേതാവാകുന്നു എന്ന സിദ്ധാന്തത്തിന് ചില അനുബന്ധങ്ങള്‍കൂടി നിര്‍മ്മിയ്ക്കേണ്ടതായിട്ടുണ്ട് .യാദൃച്ഛികതയും അനിവാര്യതയും നേതൃത്വപ്രശ്നത്തില്‍ വഹിയ്ക്കുന്ന പങ്ക് ഏറെ സങ്കീര്‍ണ്ണമാണ്. തേനീച്ചകളിലെ റാണികളുടെ ജനനങ്ങള്‍ക്കിടയ്ക്കുള്ള കാലദൈര്‍ഘ്യത്തിനുള്ള നിയമങ്ങള്‍പോലെ മനുഷ്യസമൂഹത്തിലെ നേതാക്കളുടെ ജനനത്തിനുള്ള കാലദൈര്‍ഘ്യത്തിനും ഏതെങ്കിലും നിയമങ്ങള്‍ ഉണ്ടോ ? ആത്മീയതയുടെ ദുരൂഹത നിറഞ്ഞ ‘ അവതാര സിദ്ധാന്തവുമായി ‘ ബന്ധപ്പെടുത്താനല്ല ഇവിടെ ശ്രമിയ്ക്കുന്നത് . ജീന്‍ തിയറിയും സമൂഹശാസ്ത്രവുമായി ബന്ധപ്പെടുത്തിയുണ്ടാക്കുന്ന ഒരു സമവാക്യത്തിന് മുന്‍‌പറഞ്ഞ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കഴിയുമെന്ന് പ്രത്യാശിയ്ക്കാം.

കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യത്തിന് ഇനിയെങ്കിലും ഉത്തരം പറയാമോ ?

No comments:

Post a Comment