Total Pageviews

Sunday 10 October 2010

1. പ്രപഞ്ചം ഉണ്ടായതെങ്ങനെ ?

                    മറ്റു ജീവികളില്‍ നിന്ന് മനുഷ്യമസ്തിഷ്കത്തിന് ഉള്ള സവിശേഷമായ പ്രത്യേകത എന്തെന്നുവെച്ചാല്‍ കാര്യ-കാരണബന്ധം അന്വേഷിച്ചറിയാനുള്ള സഹജമായ വാസനയാണ്. ഈ ശേഷി വ്യക്തി വ്യത്യാസമനുസരിച്ച് ഉയര്‍ന്നും താഴ്‌ന്നുമിരിയ്ക്കും. പണ്ടുകാലം മുതല്‍ക്കുതന്നേ തത്ത്വശാസ്ത്രത്തിന്റെ പാഠ്യപദ്ധതിയുടെ അടിസ്ഥാനം തന്നെ ഈ കാര്യ -കാരണബന്ധം (Cause and Effect Relationship) ആണ്. ഭൂരിഭാഗം കേസുകളിലും , ആദിമകാലം മുതല്‍ക്കുതന്നെ, ഇത്തരം അന്വേഷണത്തിന് പുറപ്പെട്ടവര്‍ സ്വാര്‍ത്ഥമതികള്‍ അല്ലാത്തതിനാല്‍ ഈ വിജ്ഞാന സമുച്ഛയത്തില്‍ മുതലാളിത്തത്തിന്റെ കടന്നുകയറ്റം ഇല്ലാതെ പോയി.ഭാരതത്തെക്കുറിച്ചു പറയുകയാണെങ്കില്‍ .മഹര്‍ഷിമാരും മറ്റുമൊക്കെ സ്വാര്‍ത്ഥതയില്‍ അധിഷ്ഠിതമായ സുഖലോലുപതകള്‍ വെടിഞ്ഞതിനാല്‍ പ്രസ്തുത ചിന്താ-പഠനപ്രക്രിയയില്‍ രാജാക്കന്മാരുടെ സ്വാധീനം ഏശിയീട്ടില്ല എന്നുതന്നെ പറയാം.

                    ഒരു കാലഘട്ടം വരെ , കാ‍ര്യ- കാരണബന്ധത്തിന്റെ അടിസ്ഥാനം ഇന്ദ്രിയാധിഷ്ഠിതമായിരുന്നു.പിന്നീടാസ്ഥിതിയ്ക്ക് മാറ്റം വന്നു. അതായത് , കാര്യ-കാരണ ബന്ധത്തിന്റെ ഇന്ദ്രിയാധിഷ്ഠിത സമൂഹത്തിന് മാറ്റം വന്നു. ഒന്നുകൂടി അഗാഥ തലത്തില്‍ കാര്യ-കാരണ ബന്ധം സ്ഥാപിയ്ക്കാമെന്നായി. നമുക്ക് ഇന്ദ്രിയങ്ങള്‍ വഴി ഗ്രഹിയ്ക്കാന്‍ പറ്റാത്ത പല അറിവുകളും ഉപകരണങ്ങള്‍ നമുക്ക് കാണിച്ചുതന്നു. അതുകൊണ്ട് കാര്യ-കാരണ ബന്ധത്തിന്റെ അടിസ്ഥാനം ഇന്ദ്രിയാധിഷ്ഠിതമെന്നതിനുപരി യന്ത്രാധിഷ്ഠിതമായി മാറി. മാറി എന്നതിനു പകരം മാറ്റേണ്ടിവന്നു എന്നു പറയുന്നതാവും ശരി. ഇവിടെ മാറ്റത്തിനാവശ്യമായ നിര്‍ബന്ധിത സാഹചര്യം പ്രവര്‍ത്തിച്ചു എന്ന് മനസ്സിലാക്കേണ്ടത് അര്‍ത്ഥവത്താ‍യ കാര്യമാണ്. ഈ പ്രസ്തുത സാ‍ഹചര്യത്തില്‍ കാര്യ-കാരണ ബന്ധചിന്താഗതിക്കാര്‍ക്ക് രണ്ടു വിഭാഗങ്ങളായി പിരിയേണ്ടതായി വന്നു.മതാധിഷ്ഠിതം ,ശാസ്ത്രാധിഷ്ഠിതം എന്നിവയാണ് അവ . അന്വേഷണ കുതുകികളും ഇത്തരത്തില്‍ വര്‍ഗ്ഗീകരിയ്ക്കപ്പെട്ടു. ഇന്ദ്രിയാധിഷ്ഠിത കാര്യ-കാരണ ബന്ധക്കാരുടെ വളര്‍ച്ച ,വേണമെങ്കില്‍ ചാക്രികമായി തീര്‍ന്നെന്നു പറയാം. അല്ലെങ്കില്‍ പിന്നോട്ടായെന്ന് പറയാം.കാരണം, ഇവര്‍ മുറുക്കിപ്പിടിച്ചത് ‘യാഥാസ്ഥിതികത്വ‘ത്തെയാണ് . പഴമയാണ് ജ്ഞാനത്തിന്റെ ആധികാരിക നിലവാരമാനം എന്നവര്‍ വിശ്വസിച്ചു. " Old is Gold " -- എന്ന വചനം ഇക്കാര്യത്തില്‍ അവര്‍ സ്വീകരിച്ചിരിയ്ക്കാം. അതുകൊണ്ടുതന്നെ ആയിരക്കണക്കിനുകൊല്ലം‌മുമ്പ് രചിച്ച വിജ്ഞാനത്തിന്റെ നിശ്ചിത അതിര്‍ത്തിക്കുള്ളില്‍ ഇവര്‍ക്ക് ഒതുങ്ങിക്കഴിയേണ്ടി വന്നു.

                   
ഉപകരണാധിഷ്ഠിത കാര്യ--കാരണ ബന്ധക്കാരുടെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു.പ്രസ്തുത വിജ്ഞാനത്തിന്റെ ഫലമായി സമൂഹത്തില്‍ പല മാറ്റങ്ങളും ഉണ്ടായി. അതിനനുസരിച്ച് പുതിയ ജീവിതശൈലികളും രൂപപ്പെട്ടു. തെറ്റ് തിരുത്തുകയും ശരിയെ സ്വീകരിയ്ക്കുകയും ചെയ്യുക എന്ന രീതിതന്നെ അവരുടെ മാര്‍ഗ്ഗരേഖയായി . കമ്പൂട്ടരിന്റെ വരവോടെ ഉപകരണാധിഷ്ഠിത കാര്യ- കാരണ ബന്ധം ഒന്നുകൂടി ശക്തമായി വളര്‍ന്നു. ( ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങള്‍ ,ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം,ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തം എന്നിവയിലെ തെറ്റുതിരുത്തല്‍ ഇവിടെ സ്മരണീയം )

                    പക്ഷെ , കാര്യകാരണ ബന്ധത്തില്‍ , ആദിമകാലത്ത് നിലനിന്നിരുന്ന പ്രശ്നം ഇപ്പോഴും പരിഹരിയ്ക്കപ്പെട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം മനുഷ്യന്റെ ചിന്താപദ്ധതിയ്ക്ക് ഇന്ദ്രിയാധിഷ്ഠിതമായി മാത്രമേ രേഖപ്പെടുത്താനാവൂ എന്നതാണ് വസ്തുത. പ്രധാനമായും ചിന്തകള്‍ക്കും അതുവഴിയുണ്ടാകുന്ന നിഗമനങ്ങള്‍കും “ ദൃശ്യവസ്തുക്കളോടുള്ള കടപ്പാട് “ ഒഴിച്ചുകൂടാനാവാത്തതാണ്. ഇത് ഇനിയും സാദ്ധ്യമായീട്ടില്ല. ഇനിയും സാദ്ധ്യമാവുമോ എന്നും പറഞ്ഞുകൂടാ !
                   
ഇതുവരെ പറഞ്ഞ കാര്യങ്ങള്‍ തത്ത്വശാസ്ത്രത്തില്‍ താല്പര്യമുള്ള വ്യക്തികള്‍ക്കറിവുള്ളതാണല്ലോ. എന്നാല്‍ ഇനി അതിന്റെ ഭാവികൂടി നമുക്ക് പ്രവചിയ്ക്കാന്‍ ശ്രമിച്ചുകൂടെ
                    കാര്യ --കാരണ ബന്ധമെന്ന ചിന്താപദ്ധതിയിലൂടെ മുന്നേറുന്ന ഒരാള്‍ അവസാനം ചെന്നെത്തുക പ്രപഞ്ചത്തിന്റെ ‘മൂലകാരണ’ത്തിലാണ്.

1.പ്രപഞ്ചം എങ്ങനെ ഉണ്ടായി ?

2.അതിനെ നിലനിര്‍ത്തുന്ന നിയമങ്ങള്‍ ഏവ?

3.എന്നാണ് പ്രപഞ്ചം ഉണ്ടായത് ?

4.പ്രപഞ്ചത്തിന് അതിരുകളുണ്ടോ ? ഉണ്ടെങ്കില്‍ എങ്ങനെ ?

5. പ്രപഞ്ചം ഒരു ശക്തിയാണ് സൃഷ്ടിച്ചതെങ്കില്‍ ആ ശക്തി ഉണ്ടായതെങ്ങനെ ?

                    തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങള്‍ നമുക്ക് ചോദിയ്ക്കാനൊക്കും . ഇനിയും ചോദ്യങ്ങളുടെ പെരുമഴതന്നെ നമുക്ക് സൃഷ്ടിയ്ക്കാനൊക്കും.
                   
ഇത്തരമൊരു ചോദ്യസൃഷ്ടി എങ്ങ്നെയാണ് ഉണ്ടായത് ? വിജ്ഞാനത്തിന്റെ അസന്തുലിതാവസ്ഥ നിമിത്തമാണോ ? അതോ വിശ്വാസത്തിന്മേലുണ്ടായ കടന്നുകയറ്റത്തിന്റെ പ്രതികരണമോ ?
എന്തുതന്നെയായാലും നമുക്ക് പ്രപഞ്ച കാരണ ചോദ്യങ്ങളിലേയ്ക്ക് മടങ്ങാം. മതാധിഷ്ടിത കാര്യകാരണ വിശ്വാസത്തില്‍ ഏതുമതത്തിലും ജാതിയിലും അടങ്ങിയിരിയ്ക്കുന്ന മുഖ്യകാരണം ഒന്നാണ്. വ്യത്യസ്തമായ സാഹചര്യത്തില്‍ അന്തര്‍ലീനമായ നിയമങ്ങള്‍ അത് നിലനില്പിനുവേണ്ടി സ്വയം പ്രയോഗിയ്ക്കുന്നുവെന്നേയുള്ളൂ. ഇത് തന്നെയാണ് പ്രപഞ്ചത്തെക്കുറിച്ചും ഇവര്‍ക്ക് പറയാനുള്ളത് . സൂക്ഷ്മ കണികയില്‍ അന്തര്‍ലീനമായിരിയ്ക്കുന്ന കാരണവും നിയമവും തന്നെയാണ് അനന്തമായ പ്രപഞ്ചത്തിന്റെ കാര്യത്തിലും ഉള്ളത് എന്നുപറഞ്ഞ് മനുഷ്യസമൂഹത്തിന്റെ നിലനില്പിനും സൌഖ്യത്തിനും ഉതകുന്ന വിജ്ഞാനം ഇത്ര മതിയില്ലേ എന്ന മുഖഭാവത്തോടെ അവര്‍ നില്‍ക്കുന്നു.

                   
ശാസ്ത്രാന്വേഷികളാവട്ടെ, ഓരോ കൊല്ലം കഴിയുംതോറും കാര്യ- കാരണ ബന്ധത്തിന്റെ പുതിയ വിജ്ഞാനങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്നു.

                   
എന്നാല്‍ ഇരുവരുടെ വസ്തുതകളും അതല്ലാത്തവരുടെ ചിന്താപദ്ധതികളും വെച്ച് ചില കാര്യങ്ങള്‍ ഇവിടെ പറയാന്‍ ശ്രമിയ്ക്കട്ടെ.

1. പദാര്‍ത്ഥം എല്ലാവരാലും അംഗീകരിയ്ക്കപ്പെട്ട വസ്തുതയാണ്

2.ഊര്‍ജ്ജം എല്ലാവരാലും അംഗീകരിയ്ക്കപ്പെട്ട വസ്തുതയാണ് (എങ്കിലും ചിലര്‍ പ്രത്യേക അര്‍ത്ഥത്തോടെ അംഗീകരിയ്ക്കന്നുവെന്ന വസ്തുത ഇവിടെ മറച്ചുവെയ്ക്കുന്നില്ല.)

3.ആത്മാവ് എല്ലാവരാലും അംഗീകരിയ്ക്കപ്പെട്ട വസ്തുതയല്ല. എന്നാല്‍ ഒരു വിഭാഗം അതിന്റെ അസ്ഥിത്വം അംഗീകരിയ്ക്കുന്നു.

4.’സോഫ്റ്റ് വെയര്‍ ‘ എല്ലാവരും ഉപയോഗിയ്ക്കുന്ന വസ്തുതയാണ് .ഉപയോഗിയ്ക്കുന്നുവെങ്കിലും അംഗീകരിയ്ക്കണമെന്നില്ലല്ലോ .

5. ആരാധന പല വിഭാഗക്കാരും അംഗീകരിയ്ക്കുന്ന വസ്തുതയാണ്. ( “അജ്ഞതയാണ് ആരാധനയ്ക്കൂകാരണം ‘’-- എന്ന ഫ്രാങ്ക്‍ളിന്റെ വചനം ഇവിടെ എടുത്തുപറയട്ടെ )


                    കാര്യ-കാരണ സിദ്ധാന്തം സമയത്തില്‍ അധിഷ്ഠിതമാണ്.നിശ്ചിത സമയത്തിനുശേഷമാണ് ഫലം (Result ) അഥവാ കാര്യം (Effect ) ഉണ്ടാകുന്നത്. ഇവിടെ കാര്യമാണ് യഥാര്‍ത്ഥം അഥവാ അനുഭവവേദ്യം. കാരണമാകട്ടെ അദൃശ്യവുമാണ്. അത് അദൃശ്യതലത്തിലെ ചിന്താ‍മണ്ഡലപ്രഭാവം പോലെയാണ് . അതിനെ ചിന്തകള്‍ ദൃശ്യസമാനമാക്കാന്‍ ശ്രമിച്ച് പുതിയ പേരുകളും സിദ്ധാന്തങ്ങളും കൊടുത്തൂ എന്നേ പറയാനൊക്കൂ . ഇത്രയും പറഞ്ഞത് ഈ പ്രശ്നത്തിലെ പ്രധാനി സമയമാണ് എന്നുകാണിയ്ക്കാനാണ് . ശാസ്ത്രത്തിലെ , സ്ഥലകാല അവിച്ഛിന്നതയെക്കുറിച്ച് നമുക്ക് അറിവുള്ളതാണല്ലോ (Space-Time Continuem ). ഈ സ്ഥലത്തിനുപകരം (Space ) കാര്യം (Effect ) ആക്കി മാറ്റി നമുക്കൊന്ന് പൊതുധാരണയിലെത്താന്‍ ശ്രമിച്ചുകൂടെ ! കാരണം കാലത്തിനനുസരിച്ചുള്ള ചിന്താ പദ്ധതി മറ്റേ കൂട്ടര്‍ക്കും ഉണ്ടല്ലോ. അതുകൊണ്ടുമാത്രമല്ല, അങ്ങനെയുള്ള ഒരു സാദ്ധ്യതയില്ലേങ്കില്‍പ്പോലും അത്തരത്തിലൊന്നു ചിന്തിച്ചാലെന്താ എന്നാണെന്റെ ചോദ്യം ?

                    ‘ ദ്രവ്യ-- ഊര്‍ജ്ജ ‘ വിനിമയത്തിലും‘ സമയം‘ (Time) ഒരു പ്രധാനിതന്നെയാണല്ലോ. എന്നാല്‍ സമയം ഒരു വസ്തുതയാണോ ? അതിനെ ആത്മാവ് , സോഫ്റ്റ്വെയര്‍ മനസ്സ്, എന്നിവപോലെയുള്ള എന്നിവപോലെയുള്ള മറ്റൊന്നാക്കി സങ്കല്പിയ്ക്കുന്നത് രസകരമല്ലേ . ഈ സമയബോധമല്ലേ പല പ്രശ്നങ്ങള്‍ക്കും അടിസ്ഥാനം? പ്രപഞ്ചത്തിന്റെ ആരംഭമെന്ത് ? , അവസാനമെന്ത് ? ..........തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കാരണക്കാരന്‍ സമയമല്ലേ . സമയബോധത്തെ ഒഴിവാക്കി ചിന്തിച്ചാല്‍ ഉത്തരം കിട്ടാത്ത ‘സൃഷ്ടി തിയറി‘ തന്നെ തകര്‍ന്നുപോകില്ലേ.

                    ഇതു സമ്മതിച്ചുതരികയാണെങ്കില്‍ , സമയത്തെപ്പോലെ സ്ഥലത്തേയും ഒഴിവാക്കിയാലെന്ത് ? അപ്പോള്‍ പിന്നെ ‘ പ്രപഞ്ചത്തിന്റെ അതിരുപ്രശ്നവും ‘ ഇല്ലല്ലോ. [ മനുഷ്യന്റെ ദൃശ്യേന്ദ്രിയം നല്‍കുന്ന വിജ്ഞാനത്തില്‍, വസ്തുക്കള്‍ക്ക് അതിരുകള്‍ അഥവാ അളവുകള്‍ ഉണ്ടല്ലോ . എന്തിനേറെപ്പറയുന്നു, ഇത്ര വലിപ്പമുള്ള സൂര്യചര്‍ന്ദ്രന്മാര്‍ വരെ മനുഷ്യന്റെ ദൃശ്യേന്ദ്രിയം അളവു നല്‍കിയാണ് കാണിച്ചുതരുന്നത് . ( അതിന് അപ്രകാരമുള്ള അളവ് കണ്ണിന്റെ ഒരു ന്യൂനതയാണ് എന്ന വസ്തുത എത്ര പേര്‍ മനസ്സിലാക്കിയോ ആവോ ? ) ]
നാം കാണുന്നതും കാണാത്തതുമായ പ്രപഞ്ചത്തിന്റെ നാലതിരുകള്‍ എന്ന പ്രശ്നവും ഇതോടെ തീരും .
                    ഇക്കാര്യം മുന്‍പേ പറയാമായിരുന്നല്ലോ എന്ന് പലര്‍ക്കും തോന്നിയിരിയ്ക്കും. കാരണം സ്ഥലകാലത്തിന്റെ അവിച്ഛിന്നത തന്നെ. ( ഇത്തരത്തില്‍ കണ്ടീഷന്‍ ചെയ്തമനസ്സിന് ഈ ആശയം കേള്‍ക്കാന്‍ പോലും വലിയ ബുദ്ധിമുട്ടായിരിയ്ക്കും ) ഒന്നിനെ മാത്രമായി ഒഴിവാക്കാന്‍ സാധിയ്ക്കില്ലല്ലോ. (വൈരുദ്ധ്യങ്ങളുടെ നിലനില്പ് എന്ന മാര്‍ക്സിയന്‍ വചനം ഇവിടെ സ്മരണീയം .എന്നാല്‍ വൈരുദ്ധ്യം വ്യതിയാനത്തിനു ഹേതു എന്നകാര്യവും ഇവിടെ ഓര്‍മ്മിയ്ക്കാതെയല്ല. അതാതിന് അതാത് സ്ഥലത്തല്ലേ പ്രാധാന്യം കോടുക്കേണ്ടതുള്ളൂ എന്നുവിചാരിച്ചാണ് ) പക്ഷെ,ഒരു സിദ്ധാന്ത രൂപീകരണത്തില്‍ ക്രമം തെറ്റിയ്ക്കുന്നത് ശരൊയല്ലല്ലോ ?

                    ഇനിയത്തേത് നിങ്ങളുടെ മസ്തിഷ്ക അപഗ്രഥന- നിഗമന ശേഷിയെ ആശ്രയിച്ചാണ് ഇരിയ്ക്കുന്നത് . സ്ഥല-കാലത്തെ ഒഴിവാക്കി കാര്യ-കാരണ ബന്ധം സ്വരൂപിച്ചു നോക്കൂ . അങ്ങനെയുള്ള വിജ്ഞാനം ഉപയോഗിച്ച് പ്രപഞ്ചത്തിന്റെ മൂലകാരണം കണ്ടുപിടിയ്ക്കാന്‍ ശ്രമിയ്ക്കൂ.

                   
ഇവിടേയും പ്രശ്നങ്ങള്‍ അനുഭവപ്പെട്ടേയ്ക്കാം. സ്ഥല-കാലമില്ലെങ്കില്‍ കാര്യ-കാരണ ബന്ധം ഉണ്ടാകില്ല എന്നുവരേ തോന്നിയേക്കാം. ഇതിനുവേണ്ടി സ്ഥലത്തിന് (Space ) പദാര്‍ത്ഥ സമാനമായ അര്‍ത്ഥം (Matter ) കൊടുക്കാതിരുന്നാല്‍ മതി. ഒരു പദാര്‍ത്ഥത്തിന്റെ അളവുകള്‍ മാത്രമാണ് സ്ഥലം. അത് ഇന്ദ്രിയാധിഷ്ഠിതമാണ് ., അതുപോലെത്തന്നെ അനുഭവവേദ്യമാണ്. ഊര്‍ജ്ജം ഇന്ദ്രിയാധിഷ്ടിതമല്ല ,പക്ഷെ അനുഭവവേദ്യമാണ് .ദ്രവ്യത്തേയും ഊര്‍ജ്ജത്തേയും അന്യോന്യം മാറ്റാമെന്നിരിയ്ക്കെ രണ്ടായി പറയേണ്ട കാര്യം എല്ലായിടത്തും ഉണ്ടോ ? ദ്രവ്യത്തേയും ഊര്‍ജ്ജത്തേയും ഒന്നായിക്കണ്ടാല്‍ എങ്ങനെയിരിയ്ക്കും. ഇരുളും വെളിച്ചവും പോലെ ചൂടും തണുപ്പും പോലെ എന്ന അര്‍ഥത്തില്‍ ദ്രവ്യത്തേയും ഊര്‍ജ്ജത്തേയുമൊന്ന് എടുത്തുനോക്കൂ. അങ്ങനെയെടുക്കുമ്പോള്‍ കാലത്തിനു പ്രസക്തിയില്ലാതാവുന്നത് നമുക്ക് കാണാം.നാം എപ്പോഴും മാറ്റത്തെ (change ) ആസ്പദമാക്കിയുള്ള കാര്യ-കാരണ ബന്ധമാണ് സ്വരൂപിയ്ക്കാറ് . അതില്ലാതെയും സ്വരൂപിയ്ക്കാനുള്ള സാദ്ധ്യതയെക്കുറിച്ചാണ് ഇവിടെ പറയാന്‍ ശ്രമിച്ചത് .
                   
ഓരോ വ്യൂഹത്തിന്റേയും (System ) ഉള്ളിലുള്ള സമയവും പുറമേയുള്ള സമയവും വ്യത്യസ്ഥമായിരിയ്ക്കും. (ഉദാഹരണമായി ഭൂമിയിലെ സമയവും ചൊവ്വയിലെ സമയവും വ്യത്യാ‍സപ്പെട്ടിരിയ്ക്കുന്നതുപോലെ ) പ്രപഞ്ചത്തിനകത്തുതന്നെ പല സമയവ്യത്യാസങ്ങളിലാണ് പ്രവര്‍ത്തനം നടക്കുന്നത് . അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ കാര്യ-കാരണ ബന്ധം കണ്ടുപിടിയ്ക്കുന്നതിന് ഏത് സമയക്രമമാണ് സ്വീകരിയ്ക്കുക ? നമുക്ക് അനുഭവവേദ്യമായ ഇന്ദ്രിയാധിഷ്ടിത സമയക്രമം (ഭൂമിയിലേതുതന്നെ ) തന്നെ ! അപ്പോള്‍ അതു വരുത്തുന്ന അതിഭീമമായ തെറ്റ് ഓര്‍ത്തുനോക്കാവുന്നതല്ലേയുള്ളൂ.

                    അപ്പോള്‍ ,പ്രപഞ്ചത്തിനു പുറത്ത് സമയ മുണ്ടോ ? മാറ്റത്തിന്റെ അഥവാ വിനിമയത്തിന്റെ അളവാണ് സമയം എന്നതുപോലെത്തന്നെയാണ് പദാര്‍ത്ഥത്തിന്റെ അളവായ സ്ഥലവും. അപ്പോള്‍ സ്ഥലകാലത്തെ എല്ലാ കാര്യങ്ങളിലും അവിച്ഛിന്നമായി ബന്ധപ്പെടുത്തി സങ്കല്പിച്ചതുകൊണ്ടാണ് ഈ ചോദ്യം തന്നെ ഉയര്‍ന്നുവന്നത് എന്നു വ്യക്തമായല്ലോ .ഒരു ചിന്താ രീതി ഒരു വ്യൂഹത്തെ മനസ്സിലാക്കുന്നതില്‍ വിജയിച്ചുവെന്ന് വിചാരിച്ച് എല്ലാ വ്യൂഹത്തിലും ഉപയോഗിയ്ക്കുന്നതിലെ അര്‍ത്ഥശൂന്യതയാണ് ഇവിടെ മനസ്സിലാക്കേണ്ടത് .

                    ഇനി, സ്ഥലകാല അവിച്ഛിന്നത ഒഴിവാക്കി അതിനുപകരം ദ്രവ്യ-ഊര്‍ജ്ജ അവിച്ഛിന്നത എന്ന പഠനോപാധി (Tool) ഉപയോഗിച്ച് പ്രപഞ്ച ഹേതുവിനെക്കുറിച്ച് പഠനം നടത്തിനോക്കൂ . അപ്പോഴും ലഭ്യമാകുന്ന ഉത്തരങ്ങള്‍ വ്യത്യസ്ഥമായിരിയ്ക്കും. ദ്രവ്യവും ഊര്‍ജ്ജവും ഒന്നായി കണ്ടുകൊണ്ടുള്ള രൂപരേഖയാണ് ഇതിനടിസ്ഥാനം എന്ന വസ്തുത ഇവിടെ മറക്കരുത് .


                    ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചത്തിന് തുടക്കവുമില്ല അവസാനവുമില്ല. ആദ്യവുമില്ല അന്ത്യവുമില്ല ; അതുപോലെത്തന്നെ അതിരുകളില്ല . അത് ഒരു നിശ്ചിത വ്യൂഹമാണ്. സമയത്തിനടിസ്ഥാനമായ മാറ്റമൊക്കെ അതില്‍ നടക്കുന്നുണ്ട് .ഊര്‍ജ്ജ സംരക്ഷണനിയമം ഈ വ്യൂഹത്തിന് തീര്‍ച്ചയായും ബാധകമാണ് (ഊര്‍ജ്ജത്തെ നിര്‍മ്മിയ്ക്കാനോ നശിപ്പിയ്ക്കാനോ സാദ്ധ്യമല്ലെന്നും ഊര്‍ജ്ജ ലാഭമോ ഊര്‍ജ്ജ നഷ്ടമോ കൂടാതെ ഒരു രൂപത്തിലുള്ള ഊര്‍ജ്ജത്തെ മറ്റൊരു രൂപത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യാന്‍ മാത്രമേ കഴിയൂ എന്നതാണ് ഊര്‍ജ്ജ സംരക്ഷണനിയമം .) ആദ്യം, അന്ത്യം അതിര് എന്നീമാനങ്ങള്‍ മനുഷ്യമസ്തിഷ്കത്തിന്റെ സവിശേഷ വിശകലന സ്വഭാവമാണ് .മനുഷ്യ സംസ്കാരത്തില്‍ത്തന്നെയുള്ള ജനനം ,മരണം എന്നിവ നല്‍കിയ അവബോധമാണ് ഇത്തരത്തില്‍ ചിന്തിയ്ക്കാന്‍ മനുഷ്യനെ പ്രേരിപ്പിയ്ക്കുന്നത് . മനുഷ്യര്‍ വസ്തുക്കളെ ത്രിമാനരൂപത്തിലാണ്. സമയത്തെ വേണമെങ്കില്‍ നാലാമത്തെ മാനമായി എടുക്കാം.പിന്നേയും മാനങ്ങളെ കാണാനുള്ള ശേഷി ഏതെങ്കിലും ജീവിയ്ക്കുണ്ടെങ്കില്‍ എന്തായിരിയ്ക്കും സ്ഥിതി ? ഈ ജീവി പ്രപഞ്ചത്തിലെ ഏതെങ്കിലുമൊരു ആകാശഗോളത്തില്‍ ഉണ്ടാവാനുള്ള സാ‍ധ്യതയൊന്നും ഇപ്പോഴും തള്ളിക്കളയാന്‍ പറ്റില്ലല്ലോ.പക്ഷെ, ഇത്തരം സാങ്കല്പിക സാധ്യതകള്‍ വെച്ചുകൊണ്ട് സിദ്ധാന്തരൂപീകരണത്തിനു തുനിയുന്നതും തെറ്റുതന്നെയാണ്.


                    ഈ പുതിയ കാര്യ കാരണ ബന്ധം സ്വന്തം ജീവിതം വ്യാപരിയ്ക്കുന്ന എല്ലാ മണ്ഡലങ്ങളിലും വ്യാപരിച്ചു നോക്കൂ. രസകരങ്ങളായ അനുഭവങ്ങളായിരിയ്ക്കും നമുക്ക് ലഭിയ്ക്കുക. പക്ഷെ, ഇത് പങ്കുവെയ്ക്കപ്പെടാന്‍ സാദ്ധ്യമല്ല എന്ന വസ്തുത നിങ്ങളെ അലട്ടിയേക്കും. അത് അങ്ങനെയാണ്. ഓര്‍ക്കുക ; ബുദ്ധഭഗവാന്‍ പറഞ്ഞത് --‘യഥാര്‍ത്ഥ ജ്ഞാനം വിനിമയ സാദ്ധ്യമല്ലെന്ന കാര്യം ‘.

No comments:

Post a Comment