Total Pageviews

Sunday 10 October 2010

15. മാനസിക മലിനീകരണം ഒഴിവാക്കുന്നതെങ്ങനെ ?

ശരീരത്തിലുണ്ടാകുന്ന അഴുക്കുകളാ‍ണ് രോഗഹേതുവെന്ന് പ്രകൃതിജീവനശാസ്ത്രം ഉറപ്പിച്ചുപറയുന്നു.ഇതിനുവേണ്ടി ശരിയായ ജീവിതചര്യയെക്കുറിച്ചും ആരോഗ്യശീലങ്ങളെക്കുറിച്ചും പ്രസ്തുത ശാസ്ത്രം വ്യക്തമാക്കുന്നുണ്ട്.ശരിയായ ജീവിതചര്യയെക്കുറിച്ച് പ്രസ്താവിക്കുമ്പോള്‍ ,അത് ശരീരത്തെ മാത്രം ആസ്പദമാക്കിയിട്ടുള്ളതല്ല മറിച്ച് മനസ്സിനേയുംകൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എന്ന്  മനസ്സിലാക്കേണ്ടതുണ്ട്.
വാക്കുകള്‍കൊണ്ട് മനസ്സില്‍ വികാരം സൃഷ്ടിക്കുവാന്‍ കഴിയും.തെറ്റായ വാക്കുകളുടെ ഉപയോഗം മനുഷ്യമനസ്സില്‍ മലിനീകരണം സൃഷ്ടിക്കുന്നു.തെറ്റായ ഭക്ഷണം കഴിക്കുന്നതുപോലെത്തന്നെയാണ് തെറ്റായ വാക്കുകളുടെ ശ്രവണവും . തെറ്റായ ജീവിതചര്യക്കുതുല്യമാണ് തെറ്റായ ആശയങ്ങളുടെ പിന്നാലെ പോകലും. അതുകൊണ്ടുതന്നെ മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനുവേണ്ടി മനസ്സിലേക്ക് തെറ്റായ ആശയങ്ങളും വാക്കുകളും കടന്നുവരാതെ നോക്കേണ്ടതുണ്ട്. വ്യക്തികള്‍ മാത്രമല്ല ,മാദ്ധ്യമങ്ങളും മാനസികമലിനീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നു.പ്രകൃതിയില്‍ പലതരം ഭക്ഷ്യവസ്തുക്കളുണ്ട്. അവയെല്ലാം ജീവികള്‍ ഭക്ഷിക്കുന്നില്ലല്ലോ .തങ്ങളുടെ ശരീരത്തിനുയോജിച്ച ഭക്ഷ്യവസ്തുക്കള്‍ ഏതെന്നുതിരിച്ചറിയാനുള്ള സ്വാഭാവികശേഷി അവക്കുണ്ട്. ഇത്തരം ശേഷി ഓരോ മനുഷ്യനും നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. ഈ നിയമം ദഹനേന്ദ്രിയത്തിനുമാത്രമല്ല,മറ്റ് ഇന്ദ്രിയങ്ങള്‍ക്കും ബാധകമാണ്. മനുഷ്യമനസ്സിനും ഒരു സ്വാഭാവികശേഷിയുണ്ട് .തനിക്കുവേണ്ട അറിവുകളെ അത് നേടുകതന്നെ ചെയ്യും. പക്ഷെ ,ആ സ്വാഭാവികത നശിപ്പിക്കാതെ നിലനിര്‍ത്തണമെന്നു മാത്രം!
മാധ്യമങ്ങള്‍ മനസ്സിന് നല്ലതും ചീത്തയും നല്‍കുന്നു.പക്ഷെ, തിരഞ്ഞെടുക്കാനുള്ള അവകാശം വ്യക്തിക്കുണ്ട് . മലിനീകരിക്കപ്പെട്ട മനസ്സുകള്‍ എല്ലായിടത്തുമുണ്ട് . ഇവരെ നമ്മുടെ സുഹൃത്തുക്കളിലും ബന്ധുക്കളിലും കുടുംബാംഗങ്ങളില്‍പ്പോലും കണ്ടെന്നിരിക്കും. എങ്കിലും ഇവിടെ ആദ്യം വേണ്ടത് തിരിച്ചറിയുവനുള്ള കഴിവാണ്.
ഉപവാസസമയത്ത് പലരും ദഹനേന്ദ്രിയത്തിനു വിശ്രമം നല്‍കുന്ന കാര്യം മാത്രമേ ശ്രദ്ധിക്കാറുള്ളൂ. ടി.വി. കാണുക,വായിക്കുക,മറ്റുള്ളവരുമായി സംഭാഷണത്തിലേര്‍പ്പെടുക എന്നിവക്കൊന്നും മുടക്കം വരുത്താറില്ല. അതായത് , മാനസികവിശ്രമത്തിന് പ്രധാന്യം കൊടുക്കാറില്ല എന്നര്‍ഥം .എന്നാല്‍ ഓര്‍ക്കുക; മാനസിക മലിനീകരണം ഒഴിവാക്കുന്നതില്‍ മാനസികവിശ്രമം മുഖ്യപങ്കുവഹിക്കുന്നു.

No comments:

Post a Comment