Total Pageviews

Sunday, 10 October 2010

22. ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുന്നതെങ്ങനെ ?



ശാസ്ത്ര പുരോഗതി അനിയന്ത്രിതമായി വളരുന്ന കാഴ്ചയാണ് നാമിന്നുകാണുന്നത് .ഈ വളര്‍ച്ച മനുഷ്യരുടെ സുഖത്തെ ലക്ഷ്യമാക്കിയാണുതാനും.! അനിയന്ത്രിതമായ സുഖങ്ങള്‍ക്കുപുറകെ മനുഷ്യന്‍ നിയന്ത്രണംവിട്ട് ഓടുന്നു.എന്നീട്ടും തൃപ്തി വരുന്നില്ല. വീണ്ടും വീണ്ടും കിട്ടണം! അനിയന്ത്രിതമായ ആര്‍ത്തിയുടെ വേലിയേറ്റം , മത്സരങ്ങളാല്‍ ബന്ധിയ്ക്കപ്പെട്ട മനുഷ്യബന്ധങ്ങള്‍ .......ഇവയൊക്കെ സമകാലീനലോകത്തില്‍ നാമിന്നു കാണുന്ന കാഴ്ചകളാണ്. ഇത്തരമൊരവസ്ഥയില്‍പ്പെടുന്ന മനുഷ്യജീവിയ്ക്ക് എങ്ങനെ സ്വസ്ഥത ലഭിയ്ക്കും ? എന്നിരുന്നാലും സ്വസ്ഥത ലഭിയ്ക്കുന്ന മനുഷ്യരില്ലേ . ‘ഉണ്ട് ‘ എന്ന് ഉറപ്പിച്ചുപറയാം. ഇതെങ്ങനെ അവര്‍ക്കുമാത്രം സാധ്യമാകുന്നു?


ഭഗവാന്‍ ശ്രീ ബുദ്ധന്‍ പറഞ്ഞു,” ‘ആശ‘യാണ് എല്ലാ ദുഃഖത്തിനും ഹേതു. അതുകൊണ്ട് ആശയെ ഉപേക്ഷിച്ചാല്‍ ദുഃഖത്തില്‍നിന്ന് മോചനം ലഭിയ്ക്കും “ 


പക്ഷെ, ഒരു വ്യക്തിയ്ക്ക് ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ഒരു തീരുമാനമെടുത്ത് നടപ്പില്‍ വരുത്തുവാന്‍ കഴിയുമോ ?
ഇല്ല, തന്നെ . ആശയെ അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിയ്ക്കുവാനുള്ള മാനസീകാവസ്ഥ പടിപടിയായേ മനുഷ്യന് സാധ്യമാകൂ. (പ്രത്യേകിച്ച് ഇന്നത്തെ ഉപഭോഗസംസ്കാരത്തിന്റെ ലക്ഷ്യം തന്നെ മനുഷ്യനില്‍ ആഗ്രഹങ്ങളെ വളര്‍ത്തി വലുതാക്കുക എന്നതാണല്ലോ) ഇത് സാധ്യമാകുന്നതിനുള്ള ആദ്യപടിയാണ് ഇന്ദ്രിയ നിയന്ത്രണം.


ഒരു വ്യക്തി ഇന്ദ്രിയനിയന്ത്രണാഭ്യാസം തുടങ്ങുമ്പോള്‍ കഠിനമായ പ്രയാസം അനുഭവപ്പെടും . അതിനാല്‍ത്തന്നെ ഇന്ദ്രിയനിയന്ത്രണം എന്ന പദത്തിനു പകരം നമുക്ക് ഉപയോഗിയ്ക്കാവുന്നത് ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കുക എന്നതാണ് .


എന്തില്‍നിന്നാണ് നാം ഇന്ദ്രിയങ്ങളെ സ്വതന്ത്രമാക്കേണ്ടത് ?

തെറ്റായ ഇന്ദ്രിയ ശീലങ്ങളില്‍നിന്നുതന്നെ. പല തെറ്റായ ഇന്ദ്രിയ ശീലങ്ങളും ഉടലെടുക്കുന്നത് തെറ്റായ സാഹചര്യങ്ങളില്‍നിന്നാണ്. തെറ്റായ സാഹചര്യങ്ങളില്‍ മുഖ്യമായത് തെറ്റായ വ്യക്തി ബന്ധങ്ങളാണ്.!!!


ആഹാരകാര്യങ്ങളില്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി വെജിറ്റേറിയനായതുകൊണ്ടോ ,വ്രതങ്ങളെടുത്തതുകൊണ്ടോ , പ്രാര്‍ത്ഥന ചൊല്ലിയതുകൊണ്ടോ ഇന്ദ്രിയങ്ങളെ പരിപൂര്‍ണ്ണമായി സ്വതന്ത്രമാക്കുവാന്‍ പറ്റുകയില്ല. ശ്രവണേന്ദ്രിയം ,ദര്‍ശനേന്ദ്രിയം ഇവകളെക്കൂടി നാം സ്വതന്ത്രമാക്കേണ്ടതുണ്ട്. ആവശ്യത്തിനുള്ളത് മാത്രം നാം കാണുകയും കേള്‍ക്കുകയും ചെയ്യുക. അത് ശുദ്ധമായത് ആവുക. ഇത്രയും ആയാല്‍ മനസ്സ് ശുദ്ധമാകുന്നു. അപ്പോള്‍ മനസ്സില്‍നിന്നുയരുന്ന ചിന്തകള്‍ നൈര്‍മ്മല്യമുള്ളതായിരിയ്ക്കും. അങ്ങനെയുള്ള വ്യക്തിയുടെ സംഭാഷണവും പെരുമാറ്റവും പ്രവര്‍ത്തനവും ഏവര്‍ക്കും ഹൃദ്യമായിരിയ്ക്കും. അതുവഴി ലഭിയ്ക്കുന്ന കര്‍മ്മഫലവും മഹത്തരമായിരിയ്ക്കും. ഇത്തരമൊരുരീതിയാണ് വ്യക്തിയെ ഉന്നതിയിലേയ്ക്കു നയിക്കുക. അതുവഴി നിത്യസന്തോഷം വ്യക്തിയ്ക്ക് കരഗതമാവുകയും ചെയ്യുന്നു.

No comments:

Post a Comment