Total Pageviews

Sunday 10 October 2010

10. ‘ കായികരംഗം’ ഗാന്ധിസത്തിന്റെ വീക്ഷണത്തില്‍

കായികരംഗത്തിന് ലോകരാഷ്ട്രങ്ങള്‍ ഏറെ പ്രാധാന്യം നല്‍കുന്നതായാണ്
കണ്ടുവരുന്നത്.പ്രാധാന്യംനല്കുക എന്നുവെച്ചാല്‍ ,ഈ രംഗത്തേക്ക് ഒട്ടേറെ പണം നീക്കിവെക്കുന്നു എന്ന്
അര്‍ഥമാക്കേണ്ടതുണ്ട്.രാഷ്ട്രത്തിന്റെ പുരോഗതിക്കടിസ്ഥാനം ‘ആരോഗ്യമുള്ള ജനതയാണ് ‘ എന്നത് ഒരു
യാഥാര്‍ഥ്യമാണല്ലോ. ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കുന്നതില്‍ കായികരംഗം മുഖ്യപങ്കുവഹിക്കുന്നു എന്ന
വിശ്വാസമാണോ,ഭരണാധികാരികളുടെ കായികരംഗതാല്പര്യത്തിനു കാരണം? ഏതായാലും കായികരംഗത്തെ
മത്സര‌ഇനങ്ങളുടെ വിജയനിലവാരത്തിന് ഒരു പരിധി നിശ്ചയിക്കേണ്ട അവസ്ഥ സംജാതമായിട്ടുണ്ടെന്ന്
സമകാലീനപ്രവണതകള്‍ സൂചിപ്പിക്കുന്നു.മത്സര‌ഇനങ്ങളില്‍ വിജയിക്കുന്നതിനുവേണ്ടി ഏതുതരത്തിലുള്ള
മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുവാനും ഒരു കൂട്ടര്‍ തയ്യാറാകുന്നു. എതിരാളികളെ മത്സരരംഗത്തെത്തിക്കാതെ
തഴയുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതുമുതല്‍ ‘ഭാവിയില്‍ മാരകമായ ഫലങ്ങള്‍ ഉളവാക്കാവുന്ന
ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം വരെ ‘ കാര്യങ്ങള്‍‘ എത്തിനില്‍ക്കുന്നു.എന്തിനുവേണ്ടിയാണ് ഈ
ഹീനമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത്? മത്സരരംഗത്ത് ഒന്നാംസ്ഥാനവും റെക്കോഡുകളും സ്ഥാപിക്കുന്നതുവഴിയുള്ള
പ്രശസ്തി ,പണം തുടങ്ങിയ നേട്ടങ്ങളാണ് കായികതാരങ്ങളെ തത്ത്വദീക്ഷയില്ലാത്ത മാര്‍ഗ്ഗത്തിലേക്കുനയിക്കുന്നത്. കായികരംഗത്ത് ഉത്തേജക ഔഷധങ്ങളുടെ ഉപയോഗം ഏറിവരുന്നു എന്ന്
പലപഠനങ്ങളും വ്യക്തമാക്കുന്നു.ഈ പ്രവണത ഇല്ലാതാക്കുന്നതിന് പല ശൈലികളും
ആവിഷ്കരിക്കേണ്ടതുണ്ട്.മത്സരത്തിനുശേഷമുള്ള ശാരീരിക പരിശോധനകളെ കബളിപ്പിക്കുന്ന തരത്തിലുള്ള
ഔഷധങ്ങള്‍വരെ ഇപ്പോള്‍ നിലവിലുണ്ട് .അതിനാല്‍ ശാരീരികശേഷികള്‍ക്കുപകരം ഉത്തേജകങ്ങള്‍തമ്മിലുള്ള
മത്സരമാണോ ഇവിടെ നടക്കുന്നതെന്ന് സംശയിക്കേണ്ട അവസ്ഥ ഉടലെടുത്തിരിക്കുന്നു.
അമിതമായ ശാരീരികശക്തി ഉത്തേജക ഔഷധങ്ങള്‍ പ്രധാനം ചെയ്യുന്നുവെത്രെ!
ഇവയുടെ ഉപയോഗമൂലം ‘ഹോര്‍മോണുകളുടെ ‘ ഉല്പാദനത്തിലെ സന്തുലിതാവസ്ഥക്ക് ഭംഗം സംഭവിക്കുന്നു.തന്മൂലം
അമിത ശാരീരികവളര്‍ച്ചയും അതുവഴി അമിത ശാരീരികശക്തിയും കൈവരുന്നു. പക്ഷെ ,ഈ ഔഷധങ്ങള്‍
മസ്തിഷ്ക- ശാരീരികബന്ധത്തെ കാര്യമായി ബാധിക്കുന്നു. ശാരീരിക ചലനങ്ങളും ഉപാപചയപ്രവര്‍ത്തനങ്ങളും
നിയന്ത്രിക്കുന്നത് മസ്തിഷ്കമാണ്. മുന്‍പറഞ്ഞതരത്തിലുള്ള ശാരീരിക വളര്‍ച്ച മസ്തിഷ്കകോശങ്ങള്‍ക്ക്
ശരീരത്തിന്മേലുള്ള നിയന്ത്രണങ്ങള്‍ക്ക് വികലത വരുത്തുന്നു.അതിനാല്‍ ഉത്തേജക ഔഷധം
ഉപയോഗിക്കുന്നവര്‍ക്ക് ‘വികാരനിയന്ത്രണം ‘ അസാദ്ധ്യമായിത്തീരുന്നു. അമേരിക്കയിലെ ചില സ്പോഴ്‌സ് താരങ്ങള്‍
ക്രിമിനല്‍ നടപടിക്ക് വിധേയരായിട്ടുള്ള കാര്യം നമുക്ക് അറിവുള്ളതാണല്ലോ .‘ മൈക്ക് ടൈസന്റെ ‘ ‘ചെവികടിക്കല്‍
‘ പ്രശ്നമൊക്കെ ഇതിന് തെളിവാണ്.
ബോക്സിംഗ് രംഗത്തെ അതികായനായിരുന്ന ‘മുഹമ്മദലിയുടെ ‘
വാര്‍ദ്ധക്യകാലത്തെ അവസ്ഥ കായികരംഗത്തുപ്രവര്‍ത്തിക്കുന്നവരെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ ഉതകുന്നതാണ്
.പാര്‍ക്കിന്‍സണ്‍സ് (Parkinson`s-വിറവാതം ) രോഗമാണ് മുഹമ്മദലിക്കുപിടിപെട്ടത് .കരുത്തനായിരുന്ന ഒരു
മനുഷ്യന്‍ ,വാര്‍ദ്ധക്യത്തിലെത്താതെ തന്നെ, എണീറ്റുനടക്കാന്‍പോലും ക്ലേശിക്കുന്ന കാഴ്ച സ്പോഴ്‌സ് പ്രേമികളുടെ
കണ്ണിനെ ഈറനണിയിക്കുന്നതായിരുന്നു. ഒരു നിശ്ചിത സമയത്തിനുള്ളിലെ കഠിനമായ വ്യായാമമുറകളും മാനസിക
സമ്മര്‍ദ്ദവുമാണ് കേന്ദ്രനാഡീവ്യൂഹത്തെ ബാധിക്കുന്ന ഈ രോഗത്തിനു കാരണമെന്നു ഡോക്ടര്‍മാര്‍ പറയുന്നു.
ഇതുപോലെത്തന്നെയുള്ള മറ്റൊരു ദയനീയ കഥയാണ് ‘മിഹിര്‍സെന്നിന്റേയും‘.ഇഗ്ലീഷ്
ചാനല്‍ ആദ്യമായി നീന്തിക്കടന്ന(1958-ല്‍) ഇന്ത്യക്കാരനാണ് മിഹിര്‍സെന്‍.1966-ല്‍ മറ്റു നാലു കടലിടുക്കുകളും
നീന്തിക്കടന്ന് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടി.1959-ല്‍ ‘പത്മശ്രീയും’ 1967-ല്‍ പത്മഭൂഷണും ലഭിച്ചു.1997 ജൂണ്‍
12-ന് (66 വയസ്സ്) അന്തരിച്ച ഈ മഹനീയ വ്യക്തിയുടെ അവസാനകാലഘട്ടം ദയനീയമായിരുന്നു.’അല്‍‌ഷമേഴ്‌സ്
‘ രോഗത്തിന്റെ (Al-zheimer`s disease) പിടിയിലകപ്പെട്ടതുമൂലം മസ്തിഷ്കത്തിലെ കോശങ്ങള്‍ നശിച്ച് ‘ശയ്യയില്‍ ‘
ഒട്ടേറെ വര്‍ഷങ്ങള്‍ അദ്ദേഹത്തിനു കഴിയേണ്ടിവന്നു.പണവും പ്രശസ്തിയുമൊക്കെ നഷ്ടപ്പെട്ട അദ്ദേഹത്തെ
തിരിഞ്ഞുനോക്കാന്‍ ഭാര്യയൊഴികെ(?) ആരും ഉണ്ടായിരുന്നില്ലെന്നാണ് പത്രറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതും;
ഒരായുസ്സിന്റെ ജീവ ചൈതന്യത്തെ ചെറിയ സമയത്തേക്കുമാത്രം ഉപയോഗിച്ചതിന്റെ
ഉദാഹരണമാണ്.പതിനഞ്ചിനും മുപ്പതിനും ഇടക്കുള്ള കാലഘട്ടത്തിലെ കഠിനവും വേഗതകൂടിയ്തുമായ
വ്യായാമമുറകളെ സമകാലീന കായികരംഗം പ്രത്സാഹിപ്പിക്കുന്നു.ഇത് മസ്തിഷ്ക-ശരീര ബന്ധത്തിന് കോട്ടം
തട്ടിക്കുമെന്ന് മനഃശാസ്ത്രഞ്ജര്‍ പറയുന്നു.കാര്യങ്ങള്‍ എന്തുതന്നെയായാലും ,ഹിംസാല്‍മക-അതിതീവ്ര
വ്യായാമത്തിലേര്‍പ്പെടുന്നവര്‍ക്ക് അമ്പതുവയസ്സ് എത്തുമ്പോഴേക്കും രോഗങ്ങളുടെ വേലിയേറ്റം ഉണ്ടാകുന്നതാണ്
കണ്ടുവരുന്നത്.
മുഹമ്മദലിയിലും മിഹിര്‍സെന്നിലും മാത്രം ഇത്തരം കഥകള്‍
ഒതുങ്ങിനില്‍ക്കുന്നില്ല.സഹതാപാര്‍ഹമായ ഒട്ടേറെ പേരുടെ കഥകള്‍ വെളിച്ചത്തുവരുന്നില്ല
എന്നുമാത്രം.എന്തെന്നാല്‍ കായികരംഗം വിജയികളെ തോളിലേറ്റിനടക്കുവാന്‍ മാത്രമേ ഇഷ്ടപ്പെടുന്നുള്ളു.
മുന്‍പറഞ്ഞ വിവരണങ്ങളില്‍നിന്ന് ; ഒന്നാം സ്ഥാനം,റെക്കോഡുകള്‍ എന്നിവയാണ്
കായികതാരങ്ങളെ പല അധാര്‍മ്മികശൈലികളും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നുകാണുന്നു.അതിനാല്‍
ഒന്നാംസ്ഥാനം,റെക്കോഡുകള്‍ എന്നിവ വേണ്ടെന്നുവെക്കുകയല്ലെ നല്ലത്. പകരമായി,മത്സര ഇനങളില്‍
വിജയനിര്‍ണ്ണയത്തിന് മനുഷ്യസാദ്ധ്യമായ ഒരു പരിധി നിശ്ചയിക്കുക.അതിനപ്പുറമുള്ളതെല്ലാം ഒന്നാം
സ്ഥാനമെന്നോ രണ്ടാംസ്ഥാനമെന്നോ തരംതിരിക്കാതെ ഒന്നാംഗ്രേഡായി കണക്കാക്കുക. ഇങ്ങനെ നിശ്ചയിക്കുന്ന
പരിധി ‘ അഹിംസാല്‍മകത’ എന്ന തത്ത്വത്തെ ആശ്രയിച്ചായിരിക്കണം എന്നകാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ശാരീരികാദ്ധ്വാനത്തിന് പ്രസക്തിയില്ല എന്ന നിലയില്‍ ചിന്തിപ്പിക്കത്തക്കവിധമാണ് സമകാലീന
സംസ്കാരം മുന്നേറുന്നത് .ശാരീരികാദ്ധ്വാനമെന്നത് ഒരു പ്രത്യേക ജനവിഭാഗത്തെക്കൊണ്ട് നിര്‍ബന്ധിത
സാഹചര്യങ്ങളില്‍ ചെയ്യിപ്പിക്കുന്ന പ്രവൃത്തിയായി മാറിക്കൊണ്ടിരിക്കുന്നു.ഈ ജനവിഭാഗം ബുദ്ധിപരമായി ഏറെ
താഴ്ന്ന നിലയില്‍തന്നെയാണ്.ഇവരില്‍ പലരും കൈകാര്യംചെയ്യുന്ന ജോലികളും അതിന്റെ പരിസരവും
ആരോഗ്യത്തിനു ഹാനിവരുത്തുന്നവയാണ്.പക്ഷെ ,ഇതിന് ഇരയാകുന്ന ജനവിഭാഗം ‘മാരകങ്ങളായ’ ഈ
അവസ്ഥയെക്കുറിച്ച് അജ്ഞരാകയാല്‍ പ്രതികരിക്കുന്നുമില്ല. അതിനാല്‍തന്നെ , അധികൃതരുടെ ശ്രദ്ധ അങ്ങോട്ട്
പതിയുന്നുമില്ല.
അദ്ധ്വാനത്തിന്റെ മഹത്ത്വം നഷ്ടപ്പെട്ടതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.നമ്മുടെ
വിദ്യാഭ്യാസപദ്ധതിയും അത്തരത്തില്‍ രൂപീകരിക്കപ്പെട്ടവയാണ്. “സര്‍വ്വതോന്മുഖമായ വികാസമാണ് 
വിദ്യാഭ്യാസം” എന്നൊക്കെയുള്ള നിര്‍വചനങ്ങള്‍ ‘ഏട്ടില്‍’ മാത്രം ഒതുങ്ങുന്നു.അദ്ധ്വാനത്തിന്റെ മൂല്യത്തെ
ആസ്പദമാക്കിയുള്ള പാഠഭാഗങ്ങള്‍പോലും അവയുടെ ശരിയായ അവബോധം കുട്ടികളില്‍ ജനിപ്പിക്കത്തക്കവണ്ണം
അദ്ധ്യാപകര്‍ കൈകാര്യം ചെയ്യുന്നുണ്ടോ എന്നും സംശയമണ്. കുടുംബവും ‘വൈറ്റ് കോളര്‍ ‘ ജോലിയോടുള്ള
ആസക്തി പുലര്‍ത്തുന്ന വിധത്തിലുള്ള വ്യക്തിത്വം കെട്ടിപ്പെടുക്കുന്നതില്‍ കുട്ടികള്‍ക്ക് പ്രേരണയാകുന്നു.
മുന്‍പറഞ്ഞ കാരണങ്ങളെക്കൊണ്ടുതന്നെ നാട്ടില്‍ വ്യായാമശാലകള്‍ പെരുകുന്നു. അവിടേയും
കച്ചവടത്തിന്റെ മുഖം പ്രകടമാകുന്നു. വ്യായാമശാലകളുടെ പേരുകളിലും ഇനത്തിലും സൌകര്യങ്ങളിലുമൊക്കെ
‘ഉടമസ്ഥര്‍ ‘ നൂതന സൃഷ്ടികള്‍ നടത്തുന്നു.വ്യായാമശാലകളുടെ ഉടമസ്ഥര്‍ പണം കൊയ്യുകയും ചെയ്യുന്നു.
“ദരിദ്രനായാലും ധനികനായാലും ഏതെങ്കിലും തരത്തിലുഅള്ള വ്യായാമം കൂടിയേ തീരൂ .എന്നാലത്
ഉല്പാദനത്തിന്റെ അഥവാ ആഹാരത്തിനുവേണ്ടിയുള്ള തൊഴിലിന്റെ രൂപം പൂണ്ടാലെന്ത്? കൃഷിക്കാരോട് ശ്വസന
വ്യായാമം ചെയ്യണമെന്നോ മാംസപേശികള്‍ ചലിപ്പിക്കണമെന്നോ ആരും ആവശ്യപ്പെടുന്നില്ല. “-- ഗാന്ധിജിയുടെ
ഈ വാചകങ്ങള്‍ക്ക് ഇവിടെ ഏറെ പ്രസക്തിയുണ്ട് .സമകാലീനസമൂഹം ശാരീരികാദ്ധ്വാനത്തിന്റെ മഹിമ
മനസ്സിലാക്കേണ്ടിയിരിക്കുന്നു. ശാരീരികാദ്ധ്വാനം ശരീരത്തിന് ആവശ്യം തന്നെയാണ്. അതിനാല്‍
പണക്കാരനായാലും പാവപ്പെട്ടവനായാലും ശാരീരികാദ്ധ്വാനത്തിന്റെ മഹത്വം അറിഞ്ഞിരിക്കേണ്ടതാണ്. ഇത്
,ശാരീരികാദ്ധ്വാനത്തെ ‘ തരംതാണതായിക്കാണുന്ന ചിന്താഗതി ‘ഇല്ലാതാക്കുന്നതിന് ഉപകരിക്കും. ധനികര്‍
ശാരീരികാദ്ധ്വാനം ചെയ്യാതെ വ്യായാമമെന്ന പേരില്‍ ശാരീരിക ചലനങ്ങളില്‍ ഏര്‍പ്പെടുന്നു.പക്ഷെ, ഈ
വ്യായാമത്തിനുവേണ്ടിവരുന്ന ഊര്‍ജ്ജം ,പണം, സമയം എന്നിവ കുടുബത്തിലെ കൃഷിപ്പണിയിലോ മറ്റോ
ഉപയോഗിക്കുകയാണെങ്കില്‍ ഏറെ ഗുണമുണ്ടാകുമെന്നാണ് ഗാന്ധിജി സൂചിപ്പിക്കുന്നത് .
മുതലാളിത്ത രാജ്യങ്ങളില്‍ യന്ത്രവല്‍കൃത വ്യവസ്ഥക്ക് ആക്കം കൂടുന്നു. അതിനാല്‍ അവിടെ
ശാരീരികദ്ധ്വാനത്തിന്റെ ആവശ്യകത വളരെ കുറവേ വരുന്നുള്ളൂ.(യന്ത്രവല്‍കൃതവ്യവസ്ഥയില്‍
സങ്കേതികാദ്ധ്വാനത്തിന്റെ ആവശ്യകത കൂടിയിരിക്കും. ) എങ്കിലും ആരോഗ്യപരിപാലനത്തിനുവേണ്ടി ജനങ്ങള്‍
വ്യായാമം എന്ന പദ്ധതി സ്വീകരിക്കുന്നു. അങ്ങനെയാകുമ്പോള്‍ ഈ യന്ത്രവല്‍കൃതവ്യവസ്ഥ ചെറിയതോതില്‍
പാഴ്വേലയാകുന്നില്ലേ.? മാത്രമല്ല ,ഈ വ്യവസ്ഥ പരിസ്ഥിതിയെ മലിനപ്പെടുത്തുകയും ചെയ്യുന്നു.ഇങ്ങനെയുള്ള
വിലയിരുത്തലില്‍ ; വ്യായാമത്തിലധിഷ്ടിതമായ സമൂഹത്തിന്റെ മാത്സര്യബുദ്ധിക്കും വിനോദത്തിനുമുള്ള ഒരു
വേദിയായി കായികരംഗം അധഃപതിച്ചതില്‍ അത്ഭുതമില്ല.പണക്കൊഴുപ്പിനാല്‍ നടത്തുന്ന ഇത്തരം ‘കുസൃതികള്‍’
ഇലക്ടോണിക് മദ്ധ്യമത്തിലൂടെ നുകര്‍ന്ന് ഭാരതത്തിലെ യുവതലമുറ വഴിതെറ്റണോ ? നമുക്ക്
ശാരീരികാദ്ധ്വാനത്തിന്റെ മഹത്ത്വം മനസ്സിലാക്കിജീവിച്ചുകൂടെ ?

No comments:

Post a Comment