Total Pageviews

Sunday 10 October 2010

3. ‘യുക്തിചിന്ത’ പ്രകൃതിജീവനത്തില്‍.....

ചരിത്രം പരിശോധിച്ചുനോക്കുമ്പോള്‍ ചില ആശയങ്ങള്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ വിജയം വരിച്ചു എന്നു മനസ്സിലാക്കാന്‍ സാധിയ്ക്കും.ഇവിടെ വിജയം വരിയ്ക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ,പ്രസ്തുത ആശയത്തിന്റെ സമൂഹത്തിലെ വ്യാപനശേഷിയെയാണ്. പല സംഭവങ്ങളും പരിശോധിച്ചുനോക്കുമ്പോള്‍ സമൂഹത്തില്‍ ഏതെങ്കിലുമൊരു ചിന്താധാര വ്യാപിപ്പിയ്ക്കുന്നതില്‍ പ്രസ്തുത കാലഘട്ടത്തിലെ ഭരണാധികാരി മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്നുകാണാം. മാര്‍ക്സ് പറഞ്ഞതുപോലെത്തന്നെ ,സമൂഹത്തെ മതം ഉപയോഗിച്ച് നിയന്ത്രിയ്ക്കാനും മതത്തെ ഭരണാധികാരം ഉപയോഗിച്ച് അധീനതയിലാക്കനും രാജാവിന് കഴിഞ്ഞിരുന്നു.ഈ സന്ദര്‍ഭത്തിലെല്ലാംതന്നെ സമൂഹം മുഴുവനും പ്രസ്തുത ചിന്താധാരയെ ആസ്പദമാക്കിയാണ് പ്രവര്‍ത്തിച്ചതെന്ന് കരുതരുത് .ഒറ്റപ്പെട്ട എതിര്‍പ്പിന്റെ ശബ്ദങ്ങള്‍ മുഴങ്ങിയിട്ടുണ്ട് .ഇത്തരത്തില്‍ മതത്തിനെതിരാ‍യി മുഴങ്ങപ്പെട്ട യുക്തിചിന്തയുടെ ശബ്ദങ്ങള്‍ ചെറുതും ഒറ്റപ്പെട്ടവയുമായതുകൊണ്ട് അവയെ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ഭരണവര്‍ഗ്ഗത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവന്നില്ല .ഇന്നത്തെപ്പോലെ അന്നും ചൂഷിതവര്‍ഗ്ഗങ്ങള്‍ ഒരു ആശയത്താലും ഉത്തേജിയ്ക്കപ്പെട്ടിരുന്നില്ല. (ഉണ്ടെങ്കില്‍ത്തന്നെ അത് അതിന്യൂനപക്ഷമായിരുന്നു.) കാരണം ആശയങ്ങളാല്‍ ഉത്തേജിയ്ക്കപ്പെടുന്നവര്‍ മസ്തിഷ്കശേഷിയുള്ളവരാണ് .ചൂഷിതവര്‍ഗ്ഗത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ,അവരുടെ മസ്തിഷ്കശേഷിയെ അപേക്ഷിച്ച് ശാരീരികശേഷിയ്ക്കാണ് മുന്‍‌ഗണന നല്‍കപ്പെട്ടിരുന്നത് . അനുസരിയ്ക്കുക ,അദ്ധ്വാനിയ്ക്കുക എന്നുള്ളതായിരുന്നു അവരുടെ ധാര്‍മ്മികതയും ദൈവകല്പനയും!

യുക്തിചിന്തയുടെ പ്രവര്‍ത്തനമേഖല എവിടെയെല്ലാം ?

യുക്തിവാദം എന്നവിഷയത്തെ സംബന്ധിച്ച് ആധികാരികമായി പലരും സംസാരിയ്ക്കുമ്പോള്‍ മനസ്സില്‍ ഒരു ചോദ്യം പൊന്തിവരാറുണ്ട് . ‘എന്താണ് യുക്തിവാദം ? ‘ എന്നതാണ് ആ ചോദ്യം . ( കാരണം സംസാരിക്കുന്ന വ്യക്തി തന്റെ വാക് സാമര്‍ത്ഥ്യം കൊണ്ട് തന്റെ ആശയമാണ് യുക്തിവാദമെന്ന് വ്യക്തമാക്കുക ഒരു പതിവാണല്ലോ. ) ശരിയായ കാര്യ--കാരണബന്ധം രൂപീകരിയ്ക്കുന്ന (Relationship between Cause and Effect ) ഒരു ചിന്താരീതിയാണ് യുക്തിചിന്ത .(യുക്തിചിന്തയെ വിശ്വസിയ്ക്കകയും അതിനനുസരിച്ച് ജീവിയ്ക്കുകയും പ്രവര്‍ത്തിയ്ക്കുകയും ആശയപ്രചരണം നടത്തുന്നവരുമാണല്ലോ യഥാര്‍ത്ഥ യുക്തിവാദികള്‍ .യുക്തിചിന്തയും യുക്തിവാദവും തമ്മിലുള്ള വ്യത്യാസം അറിയിയ്ക്കാനായി പറഞ്ഞന്നേയുള്ളു) . കാര്യ-കാരണ ബന്ധങ്ങള്‍ തമ്മില്‍ തെറ്റായി ബന്ധിപ്പിച്ച് അതിനെ വിശ്വസിയ്ക്കുന്നതാണ് അന്ധവിശ്വാസം .ശരിയായ കാര്യ-കാരണ ബന്ധം രൂപീകരിയ്ക്കപ്പെടുക എന്ന പ്രക്രിയ പലപ്പോഴും സമൂഹത്തിലെ അന്ധവിശ്വാസം, ചൂഷണം ,തട്ടിപ്പ് എന്നിവയ്ക്കൊക്കെ എതിരായിത്തീരുക പതിവാണ് .യുക്തിചിന്തയ്ക്ക് അതിന്റേതായ ഭാവങ്ങളുണ്ട് . എങ്കിലും സമൂഹത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്നതും വാര്‍ത്തകള്‍ സൃഷ്ടിയ്ക്കുന്നതും അതിന്റെ ആക്ഷേപഹാസ്യ- അക്രമഭാവങ്ങളാണ്.

ദൈവത്തെ എതിര്‍ക്കുക മാത്രമാണോ യുക്തിവാദികളുടെ ജോലി ?

മനുഷ്യനെ സംബന്ധിച്ചിടത്തോളം ,മനസ്സ് വ്യാപരിയ്ക്കുന്ന ഏത് മേഖലയിലും (മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയിലും ) യുക്തിചിന്തയ്ക്ക് സ്ഥാനമുണ്ട് . എങ്കിലും ഭൂരിഭാഗം യുക്തിചിന്തകരായ മനുഷ്യരും യുക്തിചിന്തയെ ഒരു പ്രത്യേക മേഖലയില്‍ മാത്രമായി ഒതുക്കിനിര്‍ത്തുകയാണ് പതിവ് . മതം,ദൈവം,ജോത്സ്യം.. തുടങ്ങിയ ജനപ്രിയ മേഖലകള്‍ക്ക് എതിരായി മാത്രമാണ് പല യുക്തിവാദികളും ചിന്തിയ്ക്കാനും പ്രവര്‍ത്തിയ്ക്കാനും മുതിരുന്നത് .മുന്‍ പറഞ്ഞ മേഖലകള്‍ ജനപ്രിയമായതുകൊണ്ടുതന്നെ അതിനെതിരായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മതത്തിന്റേയും മതവുമായി ബന്ധപ്പെട്ട മേഖലകളിലേയും അന്ധവിശ്വാസം ,അഴിമതി,ചൂഷണം എന്നിവയ്ക്കെതിരായി നടത്തുന്ന യുക്തിവാദപ്രവര്‍ത്തനങ്ങള്‍ പലയിടത്തും ആവര്‍ത്തിയ്ക്കപ്പെട്ടു. അതുകൊണ്ട് ,സാധാരണക്കാരില്‍ ,യുക്തിവാദമെന്നു പറഞ്ഞാല്‍ മതത്തിനെതിരായി മാത്രമുള്ള ( Anti-religious only) ചിന്താധാരയാണ് എന്ന വിശ്വാസം പ്രബലമായി . എന്നാല്‍ ,യഥാര്‍ത്ഥത്തില്‍ യുക്തിവാദത്തെ മതത്തിനെതിരായി മാത്രം ഒതുക്കിനിര്‍ത്തണമോ ? പണ്ടുകാലത്ത് മതവും അതുവഴിയുണ്ടായിരുന്ന ഭരണാധികാരവും സമൂഹത്തെയാകെ ഗ്രസിച്ചിരുന്ന സന്ദര്‍ഭത്തില്‍ മുന്‍പറഞ്ഞ ചിന്താഗതിയ്ക്ക് ഏറെ പ്രസക്തിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോളത്തെ സ്ഥിതി അതല്ല . ഒട്ടേറെ പ്രസ്ഥാനങ്ങള്‍ ,സംഘടനകള്‍ ,ടെക്‍നോളജി ... തുടങ്ങിയവ സമൂഹത്തെ സ്വാധീനിയ്ക്കുന്നുണ്ട് . അവയിലൊക്കെത്തന്നെ അന്ധവിശ്വാസം ,അഴിമതി, ചൂഷണം എന്നിവ പറ്റിപ്പിടിച്ച് വളരുന്നുണ്ട് . വിദ്യാഭ്യാസം,കാര്‍ഷികം,ആരോഗ്യം, പരിസ്ഥിതി, രാഷ്ട്രീയപാര്‍ട്ടികള്‍,കച്ചവടം ,നിയമം...എന്നിമേഖലകളുമായി ഒരു വ്യക്തിക്കോ അവന്റെ കുടുബത്തിനോ അകന്നുപോകാനാവില്ല. ഈ രംഗങ്ങളിലെ യുക്തിചിന്തയുടെ ആവശ്യകതയെക്കുറിച്ച് ചുരുക്കം ചില ശബ്ദങ്ങളേ കേള്‍ക്കാറുള്ളൂ. പ്രസ്തുത രംഗങ്ങളിലെ സാങ്കേതിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയായി ഇതിനെ കണക്കാക്കാം.

സമകാലിക ലോകത്തില്‍ ശാസ്ത്രത്തിന്റെയല്ല , മറിച്ച് സാങ്കേതിക വിദ്യയുടെ (Technology) അതിപ്രസരമാണ് നടമാടുന്നത് . അതുകൊണ്ടുതന്നെ വ്യക്തിയ്ക്കും സമൂഹത്തിനും യാഥാസ്ഥിതിക മനോഭാവം(Orthadox Mentality) വെടിയാതെ തരമില്ല. എന്നുവെച്ചാല്‍ മതാധിഷ്ടിത സമൂഹത്തിലെ വ്യക്തികള്‍ ഉപരിപ്ലവമായി മാത്രമേ മതാചാരങ്ങള്‍ പ്രകടിപ്പിയ്ക്കാന്‍ തുനിയുന്നുള്ളൂ. അതുകൊണ്ടുതന്നെ മതത്തിനെതിരായ വിപ്ലവങ്ങള്‍ സമൂഹമനസ്സില്‍ ആഴത്തില്‍ പതിയുന്നില്ല. നിത്യജീവിതത്തിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്ക് ഒരു വിധത്തിലും പരിഹാരം കണ്ടെത്താതെ വരുമ്പോള്‍ മതത്തിലേയ്ക്ക് എത്തിച്ചേരുന്നതിനെ ഇവിടെ പരിഗണിയ്ക്കാതെയിരിയ്ക്കുന്നുമില്ല.

വിദ്യാഭ്യാസവും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

വിദ്യാഭ്യാസം വഴി ഒരു വ്യക്തി യുക്തിചിന്തയുടെ പാത സ്വീകരിയ്ക്കേണ്ടതാണ്. കാരണം വിദ്യാര്‍ത്ഥി പഠിയ്ക്കുന്ന‘സയന്‍സ് ‘ ശാസ്ത്രീയരീതിയെ (Scientific Method ) അടിസ്ഥാനമാക്കിയിട്ടുള്ളതാണല്ലോ. അതുകൊണ്ടുതന്നെ പുതുതായി നേരിടുന്ന ഏതൊരു പ്രശ്നത്തേയും ജീവിതാനുഭവത്തേയും ശാസ്ത്രീയരീതിയ്ക്കനുസരിച്ചായിരിയ്ക്കണം വിദ്യാര്‍ത്ഥി വിലയിരുത്തേണ്ടത് .പക്ഷെ,വികലവും അപൂര്‍ണ്ണവുമായ വിദ്യാഭ്യാസരീതികള്‍ വിദ്യാര്‍ത്ഥികളെ അത്തരത്തില്‍ എത്തിയ്ക്കുന്നില്ല. നമ്മുടെ കലാലയങ്ങളില്‍നിന്ന് ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയെടുത്ത് പുറത്തുപോകുന്നവരുടെ ശാസ്ത്രീയ രീതിതന്നെ ഏറെ വികലമാണ്.ചുരുക്കിപ്പറഞ്ഞാല്‍ അസ്ട്രോണമിയില്‍ (ജോതിശാസ്ത്രത്തില്‍ ) മാസ്റ്റര്‍ ബിരുദം നേടിയ വ്യക്തിപോലും ജ്യോതിഷത്തെ തൊഴിലായി സ്വീകരിയ്ക്കുന്ന സ്ഥിതിവിശേഷമാണ് നാം കാണുന്നത് .ഇതിന് കാരണമെന്താണ് ? കലാശാലകളിലെ പഠനം ജോലിലഭിയ്ക്കുന്നതിനുള്ള മാര്‍ഗമായി മാത്രമേ സമൂഹം കാണുന്നുള്ളൂ.ഈ ജോലിയാകട്ടെ പണസമ്പാദനത്തിനുള്ള ഒരു മാര്‍ഗ്ഗവും ! അപ്പോള്‍പ്പിന്നെ ധനസമ്പാദനത്തിന്റെ മാര്‍ഗ്ഗത്തില്‍ക്കൂടി വ്യക്തി ചലിച്ചാല്‍ അതില്‍ അത്ഭുതപ്പെടാനില്ലല്ലോ . പണ്ടത്തെ , ശാസ്ത്രത്തിലധിഷ്ടിതമായ പഠനമായാലും ഇപ്പോഴത്തെ സാങ്കേതികവിദ്യയെ ആസ്പദമാക്കിയുള്ള തൊഴിലധിഷ്ഠിത പഠനമായാലും “പഠനം പണസമ്പാദനത്തിന് “ എന്ന മുദ്രാവാക്യത്തില്‍നിന്ന് മാറുവാന്‍ സമൂഹത്തിന് കഴിഞ്ഞീട്ടില്ല.

ശാസ്ത്രവും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

മുന്‍പ് സൂചിപ്പിച്ചതുപോലെ , മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും യുക്തിചിന്തയ്ക്ക് സ്ഥാനമുണ്ട് . ഈ നിയമം ശാസ്ത്രത്തിനും ബാധകമാണ് . കാര്യകാരണബന്ധം വഴി ലഭിയ്ക്കുന്ന യുക്തിചിന്തയാകുന്ന മുത്തുകള്‍ കൊണ്ടാണ് ശാസ്ത്രമെന്ന മാല്യം രൂപപ്പെടുത്തിയിരിയ്ക്കുന്നത് . അതുകൊണ്ടുതന്നെ ഏതൊരുശാസ്ത്രവും യുക്തിചിന്തയില്‍ അധിഷ്ഠിതമാണ് . പക്ഷെ,മിയ്ക്കപ്പോഴും ഒരു വ്യക്തി ഏതെങ്കിലുമൊരു വിഷയത്തില്‍ സ്പെഷലൈസ് ചെയ്തുകഴിഞ്ഞാ‍ല്‍ അവന്റെ ശാസ്ത്രബോധത്തിന്റെ അതിര്‍ത്തി പ്രസ്തുത വിഷയത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന കാഴ്ചയാണ് നാം കാണുന്നത് . കൃഷിശാസ്ത്രത്തില്‍ ഡോക്ടറേറ്റുനേടിയ വ്യക്തി “ കണികാണലില്‍ “ ഉറച്ചു വിശ്വസിയ്ക്കുന്നത് ഇതിനൊരു ഉദാഹരണമാണ്. ഇത് എന്തുകൊണ്ടാണ് സംഭവിയ്ക്കുന്നത് ? സ്ക്കുള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ വ്യക്തിയുടെ മസ്തിഷ്കത്തെ ശാസ്ത്രീയ രീതിയ്ക്കനുസരിച്ച് കണ്ടീഷനിംഗ് ചെയ്യുന്നതില്‍ തകരാറുസംഭവിയ്ക്കുന്നുണ്ടോ ? അതുമല്ലെങ്കില്‍ ചൂഷണാധിഷ്ഠിതമായ ലോകം പുതിയ പുതിയ അന്ധവിശ്വാസങ്ങളും തട്ടിപ്പുകളുമായി അതിന്റെ ‘ഇരകളെ ‘ ചൂണ്ടയിടുന്നതുകൊണ്ടാവുമോ ?


മാധ്യമങ്ങളും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

മതത്തെ മയക്കുമരുന്നായിട്ടാണല്ലോ കാറല്‍ മാര്‍ക്സ് വിശേഷിപ്പിച്ചത് .പക്ഷെ,സമകാലീനലോകത്തില്‍ മതത്തിന് മനുഷ്യനെ ചൂഷണം ചെയ്യാനുള്ള ശേഷി അത്രകണ്ടുണ്ടോ ? മതത്തെക്കാളുപരി മനുഷ്യനെ സ്വാധീനിയ്ക്കുന്നതും ചൂഷണം ചെയ്യുന്നതും മാദ്ധ്യമങ്ങളല്ലേ.ഈ മാദ്ധ്യമങ്ങളുടെ രക്ഷകനായി പ്രവര്‍ത്തിയ്ക്കുന്നത് ടെക്‍നോളജിയാണ്. പ്രസ്തുത ടെക്‍നോളജിയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയാകട്ടെ അനിയന്ത്രിത മുതലാളിത്തത്തിന്റെ സങ്കലനഫലവുമാണ്. അതായത് ടെക്‍നോളജിയുടെ ഫലമുണ്ടായ ഉല്പന്നങ്ങള്‍ വാങ്ങുന്നതിന് സമൂഹത്തെ മാദ്ധ്യമങ്ങള്‍ വഴി പ്രേരിപ്പിച്ചുകൊണ്ടിരിയ്ക്കുന്ന അവസ്ഥയാണ് നാമിന്നുകാണുന്നത് . ചിലപ്പോള്‍ ഈ ഉല്പന്നങ്ങള്‍ അവന് ആവശ്യമില്ലാത്തതോ ,അല്ലെങ്കില്‍ ദോഷം ചെയ്യുന്നതോ ആയിരിയ്ക്കും .പക്ഷെ,അത്തരമൊരു ചിന്താഗതിയ്ക്ക് ഇവിടെ സ്ഥാനമില്ല.’ഉപഭോഗതല്പരത’ മനുഷ്യന്റെ ആത്യന്തിക ലക്ഷ്യവും സുഖവുമായി നിര്‍വ്വചിയ്ക്കപ്പെട്ടുകഴിഞ്ഞു.ഉപഭോഗാസക്തിയുള്ള വ്യക്തിയ്ക്ക് പണം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. പണമുണ്ടെങ്കില്‍ മാത്രമേ തന്റെ ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താനൊക്കൂ. പക്ഷെ,വര്‍ദ്ധിച്ച തോതില്‍ പണം ലഭിയ്ക്കാന്‍ വ്യക്തി അധാര്‍മ്മികപരമായ പല നിലപാടുകളും സ്വീകരിയ്ക്കുന്നു.മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ ,ജീവിതവുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു മേഖലയില്‍ വ്യക്തി ചൂഷകനായി മാറുന്നു.അങ്ങനെ സമൂഹത്തില്‍ ചൂഷകരുടെ ഒരു ശൃംഖലയെ നാം കാണുന്നു. ഇവിടെ നമുക്ക് ‘ഡാര്‍വിനെ‘ ഉപയോഗിയ്ക്കാം. “അര്‍ഹതയുള്ളവന്‍ അതിജീവിയ്ക്കുന്നു.” എന്ന തത്ത്വപ്രകാരം ,ഒരു വിഭാഗം ആളുകള്‍ ചൂഷകവൃത്തിയില്‍പെട്ടും-പെടാതെയും അതിജീവിയ്ക്കുന്നു. അതിജീവിയ്ക്കാന്‍ കഴിയാത്തവരില്‍ ഒരു കൂട്ടര്‍ ആത്മഹത്യ ചെയ്യുന്നു. കടക്കെണിമൂലമുള്ള ആത്മഹത്യയെ ഇത്തരത്തില്‍ വിശകലനം ചെയ്യാവുന്നതാണ്.

അനിയന്ത്രിത മുതലാളിത്തത്തിന്റെ മറ്റൊരവസ്ഥ ഏറെ അത്ഭുതാവഹമാണ്. ഇതു പ്രകാരം ഒരു ചൂഷിതന് സദാസമയവും ചൂഷിതനായി നിലകൊള്ളാനൊക്കില്ല എന്നതാണ് .ഈ നിയമം ചൂഷകനും ബാധകമാണ്. അതായത്, ജീവിതത്തിലെ ഒരു മേഖലയിലെ ചൂഷകന്‍ മറ്റൊരു മേഖലയിലെ ചൂഷിതനായി മാറുന്നു.അതായത് ഒരു വ്യക്തിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അയാള്‍ ജീവിതത്തിലെ ചില മേഖലകളില്‍ ചൂഷകനും വേറെ ചില മേഖലകളില്‍ ചൂഷിതനുമായിരിയ്ക്കും .എങ്കിലും ചൂഷകനെന്ന നിലയില്‍ ലഭിയ്ക്കുന്ന പണത്തിനേക്കാ‍ള്‍ കൂടുതലായി ചൂഷിതനെന്ന നിലയില്‍ നഷ്ടപ്പെടുന്നുവെങ്കില്‍ അയാള്‍ തുലഞ്ഞതുതന്നെ !

ഇത്തരമൊരു ചുറ്റുപാടിലാണ് നാം സമകാലീന മാനേജ്‌മെന്റ് പഠനത്തെ കാണേണ്ടത് . പച്ചയായി പറയാമെങ്കില്‍ ചൂഷണത്തിന്റെ സൈദ്ധാന്തിക പ്രായോഗിക പഠനമാണ് ഇവിടെ മാനേജ്‌മെന്റ് പഠനമെന്ന നിലയില്‍ അഭ്യസിയ്ക്കുന്നത് . പത്രം,റേഡിയോ,ടി.വി. തുടങ്ങിയ മാദ്ധ്യമങ്ങളാവട്ടെ പരസ്യക്കാരുടെ പിടിയിലമര്‍ന്നുകഴിഞ്ഞിരിയ്ക്കുന്നു. ടി.വി പരസ്യങ്ങളിലെ ഹരംതുള്ളുന്ന മ്യൂസിക്കും മേക്കപ്പിലധിഷ്ടിതമായ സുന്ദരികളും സുന്ദരന്മാരും മുഖേന മനുഷ്യമനസ്സ് ‘ ആശയ ആക്രമണത്തിന് ‘ എളുപ്പം വിധേയമാകുന്നു.ഇത്തരം പരസ്യങ്ങള്‍ മനുഷ്യന്റെ ശരീരത്തേയും മനസ്സിനേയും പരിസ്ഥിതിയേയും ചൂഷണംചെയ്യാന്‍ ഉദ്ദേശിച്ചിട്ടുള്ളവയാണെന്ന് മനുഷ്യനില്‍ ഒരു അതിന്യൂനപക്ഷത്തിനു മാത്രമേ മനസ്സിലാകുന്നുള്ളൂ.

യാഥാസ്ഥിതിക (വന്ദ്യവയോധിക ) യുക്തിവാദികളില്‍പ്പലരും മാദ്ധ്യമങ്ങളുടെ ‘മുന്‍പറഞ്ഞ ചൂഷണത്തിനെതിരെ ‘ അറിഞ്ഞോ അറിയാതെയോ കണ്ണടയ്ക്കുന്നു.(ചിലപ്പോള്‍ മസ്തിഷ്കത്തിന്റെ കോശനാശം മുഖേന പ്രസ്തുത ചൂഷണത്തെ ഗ്രഹിയ്ക്കാന്‍ കഴിയാതെയുമായിരിയ്ക്കാം !) മുള്ളിനെ മുള്ളുകൊണ്ടുമാത്രമല്ല സൂചി ഉപയോഗിച്ചും എടുക്കാമെന്നതുപോലെ ,ടെക്‍നോളജിയുടെ ഈ ചൂഷണത്തെ യുക്തിവാദത്തിന് ‘ ശാസ്ത്രം ‘ഉപയോഗിച്ച് തടുക്കാവുന്നതാണ്.

പലപ്പോഴും പ്രകൃതിജീവനതല്പരരായ പലരും ശാസ്ത്രത്തെ അപലപിയ്ക്കാറുണ്ട് .ഇന്നുകാണുന്ന പല രോഗങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കാരണം മനുഷ്യന്‍ പ്രകൃതിയില്‍നിന്നും അകന്നതാണ് എന്നതാണ് അവരുടെ വാദം. പ്രകൃതിയില്‍നിന്നും മനുഷ്യനെ അകറ്റിയതിനു കാരണക്കാരനായി അവര്‍ ശാസ്ത്രത്തെ കുറ്റപ്പെടുത്തുന്നു.എന്നാല്‍ ഇത് തെറ്റായ തിരിച്ചറിവാണെന്ന് അറിയുക .ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും (ടെക്‍നോളജി ) വേര്‍തിരിച്ചറിയാതെ സംഭവിച്ചതുകൊണ്ടാണ് മുന്‍പറഞ്ഞ രീതിയിലുള്ള കുറ്റപ്പെടുത്തല്‍ ഉണ്ടായത് .ശാസ്തത്തിന്റെ പ്രയോഗമാണ് (Application) ടെക്‍നോളജി അഥവാ സാങ്കേതികവിദ്യ. ടെക്‍നോളജി നാശഹേതുവായിത്തീരുന്നത് തെറ്റായ കൈകളില്‍ എത്തുമ്പോള്‍ മാത്രമാണ് .

ഇതില്‍നിന്നൊക്കെ വ്യക്തമാവുന്നത് സമൂഹത്തെ നിയന്ത്രിയ്ക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് മുഖ്യപങ്കുണ്ടെന്നാണ്. മാധ്യമങ്ങളാവട്ടെ ഒരു പരിധിവരെ മനുഷ്യന്റെ ചൂഷണോപാധിയായി മാറുകയും ചെയ്തിരിയ്ക്കുന്നു. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മാദ്ധ്യമത്തിനുകഴിയും ! മുള്ളിനെ മുള്ളുകൊണ്ട് എടുക്കാമെന്നാണല്ലോ ചൊല്ല് .അതുപോലെത്തന്നെ യുക്തിവാദത്തിനും മാദ്ധ്യമങ്ങളെ ഉപയോഗപ്പെടുത്താവുന്നതേയുള്ളൂ.


പ്രാര്‍ത്ഥനയും യുക്തിചിന്തയും തമ്മിലുള്ള ബന്ധമെന്ത് ?

മുന്‍പുപ്രസ്താവിച്ചതുപോലെ ,സമകാലീക മനുഷ്യനെ ഒരു ഉപഭോക്താവായി വീക്ഷിയ്ക്കുവാന്‍ മാത്രമേ മുതലാളിത്തത്തിനുകഴിയുകയുള്ളൂ. ഉപഭോക്‌തൃദര്‍ശനത്തില്‍ ‘പണം കൊടുക്കുക ,വാങ്ങുക ‘ എന്ന ക്രിയകള്‍ മുഖ്യപങ്കുവഹിയ്ക്കുന്നു. “എന്തും വാങ്ങുമാറാകട്ടെ “ എന്നതാണ് ഒരു ഉപഭോക്താവിന്റെ ആത്യന്തികലക്ഷ്യം !

ഇതിന്റെ വെളിച്ചത്തില്‍ നമുക്ക് ഈശ്വരാരാധയെ നമുക്ക് വിശകലനം ചെയ്യാം. ആരാധനാലയത്തില്‍ പോകുന്ന ഒരു ഉപഭോക്തൃമനുഷ്യന് ഒരു ലക്ഷ്യമുണ്ട് . മിയ്ക്കപ്പോഴും പ്രശ്നങ്ങളാ‍ണ് (പ്രത്യേകിച്ചും മാനസികപ്രശ്നങ്ങള്‍ ) മനുഷ്യനെ ഭക്തിയിലേയ്ക്കും അതുവഴി ദൈവത്തിലേയ്ക്കും നയിക്കുന്നത് . അതുകൊണ്ട് പ്രശ്നബാധിതനായ ഉപഭോക്തൃമനുഷ്യന്‍ സ്വാന്തനത്തിന് അല്ലെങ്കില്‍ ആശ്വാസത്തിനുവേണ്ടി ആരാധനാലയത്തില്‍ പോകുന്നു. വഴിപാടിനുവേണ്ടി പണം മുടക്കുന്നു. ഇതുമൂലം അവന് ആത്മവിശ്വാസം ലഭിയ്ക്കുന്നു; മനഃസൌഖ്യമുണ്ടാകുന്നു. ഇവിടെ ‘ആത്മീയതയെന്ന് ‘ വീക്ഷിയ്ക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ പ്രകടമാകുന്നത് മനുഷ്യന്റെ ഉപഭോഗത്വരതന്നെയാണ്.

മതം ,മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പ്രഖ്യാപനം ഇവിടെ അര്‍ത്ഥവത്താണ് .ശസ്ത്രക്രിയാവേളകള്‍ പോലെയുള്ള സന്ദര്‍ഭങ്ങളില്‍ വേദനാസംഹാരികള്‍ (Analgesics ) ഉപയോഗിയ്ക്കാറുണ്ടല്ലോ . അതുപോലെത്തന്നെ , മനുഷ്യന്‍ മാനസിക പ്രശ്നങ്ങളാല്‍ വലയുമ്പോള്‍ ഒരു വേദനാസംഹാരിപോലെ പ്രാര്‍ത്ഥനയെ ഉപയോഗപ്പെടുത്തുന്നു. ചിലര്‍ക്ക് ഒരു ശീലമുണ്ട് . ‘ വൈകുന്നേരം അത്താഴത്തിനുശേഷം ഒരു പെഗ് മദ്യം കഴിയ്ക്കുക ‘ എന്നതാണ് അത് . അതുപോലെ , വേറെ ചിലര്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അന്ന് മദ്യം കഴിയ്ക്കുന്നു. നിത്യേനെ അമ്പലത്തില്‍ പോകുന്നതും, പ്രശ്നമുണ്ടാകുമ്പോള്‍ അമ്പലത്തില്‍ പോകുന്നതും ,കാലത്തും വൈകീട്ടുമുള്ള പ്രാര്‍ത്ഥനയുമൊക്കെ ഇതില്‍നിന്നും തീരെ വ്യത്യസ്ഥമല്ല. അതായത് ‘ഭക്തര്‍‘ ഉപഭോക്താവാണ് . ആരാധനാലയത്തിലെ തിരക്ക് ഭക്തന്റെ കാര്യസാദ്ധ്യത്തേയും അവന്റെ വിശ്വാസം മുഖേനെയുള്ള മാനസിക സൌഖ്യത്തേയും ആശ്രയിച്ചിരിയ്ക്കുന്നു.

ഇത്തരത്തില്‍ ചിന്തിച്ചാല്‍ “ ആത്മീയത “ഒരു ഔഷധരൂപേണ പ്രവര്‍ത്തിയ്ക്കുന്നു എന്നുമനസ്സിലാക്കാം.ഏതൊരു ഔഷധത്തിന്റേയും ഉപയോഗത്തിന് ചില നിബന്ധനകള്‍ ഉണ്ടല്ലോ. അത്തരം നിബന്ധനകള്‍ തെറ്റിച്ചാല്‍ അത് ഉപയോഗിയ്ക്കുന്ന വ്യക്തി അപകടത്തിലാവും. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ‘ഔഷധം’ എന്നത് ഒരു ടെക്‍നോളജിയാണ് . പക്ഷെ ,സാമാന്യ ജനങ്ങള്‍ ടെക്‍നോളജി ഉപയോഗിയ്ക്കുമ്പോള്‍ നിബന്ധനകള്‍ അവഗണിയ്ക്കുന്നു. ശാസ്ത്രത്തില്‍ ഗ്രാഹ്യമുള്ളവര്‍ക്കു മാത്രമേ ടെക്‍നോളജി ശരിയായി ഉപയോഗിയ്ക്കാനറിയൂ. അതിന് ശാസ്ത്രീയരീതിയിലുള്ള (Scientific Method ) വിദ്യാഭ്യാസം ആവശ്യമാണ്. സമാന്യ ജനത്തിന് ശാസ്ത്രീയ വിദ്യാഭ്യാസം നല്കാന്‍ യുക്തിവാദത്തിന് കഴിയുമോ എന്നത് ഒരു ചോദ്യം തന്നെയാണ് .


വ്യക്തി പ്രശ്നങ്ങള്‍ നേരിടാനെന്തുചെയ്യണം ?

സമകാലികലോകത്തില്‍ ഒരു സാധാരണവ്യക്തിയ്ക്ക് ദിവസം ചെല്ലുംതോറും നേരിടേണ്ടിവരുന്ന പ്രശ്നങ്ങളുടേ സങ്കീര്‍ണ്ണത വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുകയാണ് . കോടതി,പോലീസ് സ്റ്റേഷന്‍ ,ആശുപത്രി, ബാങ്ക്, ആത്മഹത്യ, അപകടമരണം, തകര്‍ന്ന കുടുംബബന്ധങ്ങള്‍ ,രാഷ്ട്രീയം,സംഘടന, സ്ഥാപനങ്ങള്‍, സുഹൃത്തുക്കള്‍.............തുടങ്ങിയവയൊക്കെ വിവിധ രൂപവും ഭാവവുമാര്‍ന്ന് വ്യക്തിജീവിതത്തില്‍ സംഘര്‍ഷത്തിന്റെ കരിനിഴല്‍ വീഴ്ത്തുന്നു. ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ ഉയര്‍ന്നുവരുന്നു.

-----ഒരു വ്യക്തി ,താന്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്നങ്ങളെ എങ്ങനെയാണ് വിലയിരുത്തേണ്ടത് ?

-------പ്രശ്നങ്ങളെ ഏതുവിധത്തില്‍ നേരിടണം?

------ അതോ ,പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണോ വേണ്ടത് ?

----- അതുമല്ലെങ്കില്‍ പ്രശ്നങ്ങള്‍ക്ക് അടിമപ്പെടണോ ?

-----പ്രശ്നത്തിലകപ്പെട്ട വ്യക്തിയെ ആരാണ് രക്ഷിയ്ക്കുക ?

----ആരോടാണ് സഹായം അഭ്യര്‍ത്ഥിയ്ക്കേണ്ടത് ?

----ആരെങ്കിലും രക്ഷകനായി (വ്യക്തിയോ ,പ്രതിഭാസമോ ) പ്രത്യക്ഷപ്പെടുമോ ?

-----വ്യക്തിയെ രക്ഷിയ്ക്കുന്നതിനായി സംഘടനയ്ക്കുകഴിയുമോ ?

-----സംഘടനയിലൂടെ ശക്തിയാര്‍ജ്ജിയ്ക്കുക എന്ന തത്ത്വമനുസരിച്ച് ,ലഭ്യമായ ശക്തിയും ഫലവും സംഘടനയിലെ അംഗങ്ങള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യപ്പെടുന്നുണ്ടോ ? (സോഷ്യലിസം വിഭാവനം വിഭാവനം ചെയ്യുന്ന സംഘടനകളെങ്കിലും ഇത്തരം രീതി പ്രായോഗികമായി നടപ്പിലാവുന്നില്ലെങ്കില്‍പ്പോലും സൈദ്ധാന്തികമായി നടപ്പിലാക്കാനാവശ്യമായ പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടോ ? )

----അല്ലെങ്കില്‍ സംഘടനയ്ക്കുവേണ്ടി വ്യക്തി നല്‍കുന്ന അദ്ധ്വാനത്തിന് ആനുപാതികമായിട്ടാണോ സംഘടന ലഭ്യമായ ശക്തി തിരിച്ചുനല്‍കുന്നത് ? (ഇത്തരമൊരു രീതി സംഘടനയെ ഷെയര്‍ ബിസിനസ്സ് അഥവാ കൂട്ടുകച്ചവടം എന്ന രീതിയിലേയ്ക്ക് നയിക്കില്ലേ എന്ന ചോദ്യത്തിന്റെ പ്രസക്തിയെ ഇവിടെ തള്ളിക്കളയുന്നില്ല.)

-----അതുമല്ലെങ്കില്‍ സംഘടനയ്ക്കകത്ത് ഒരു സംവരണം ആവശ്യമാണോ ?

----ഇതൊന്നുമല്ലെങ്കില്‍ ഒട്ടേറെ വ്യക്തികളുടെ അദ്ധ്വാനം ഉപയോഗിച്ച് നേടിയ നേട്ടമൊക്കെ സംഘടനയുടെ നേതൃത്വം മാത്രം അനുഭവിയ്ക്കണമോ ? അതുമല്ലെങ്കില്‍ അനുയായി വൃന്ദത്തിന് നിലനില്പിനാവശ്യമായ ശക്തിയെങ്കിലും തിരിച്ചുനല്‍കേണ്ടെ ? ഇവിടേയും നമുക്ക് കാറല്‍ മാര്‍ക്സിന്റെ “മിച്ചമൂല്യസിദ്ധാന്തം “ ഉപയോഗിച്ച് വിശകലനം ചെയ്തുകൂടെ !

----സംഘടനയില്‍ മാത്രമല്ല കുടുബത്തിലും ഉള്ള ബന്ധങ്ങള്‍ ചൂഷണത്തിലധിഷ്ടിതാമാണോ ?

--വിശകലനഫലമായി ലഭിയ്ക്കുന്ന ഉത്തരങ്ങള്‍ വ്യക്തമാക്കുന്നത് ,മാനുഷികബന്ധങ്ങള്‍ ( സുഹൃത്ത്, ഔദ്യോഗികം, രക്തബന്ധം ) എന്നിവ നിലനില്‍ക്കുന്നത് ചൂഷണത്തിലധിഷ്ഠിതമാണെന്നല്ലേ ! )

പ്രശ്നബാധിതമായ വ്യക്തിയില്‍ നിന്നാണല്ലോ നാം തുടങ്ങിയത് .
----പ്രസ്തുത വ്യക്തിയെ രക്ഷിയ്ക്കാന്‍ ദൈവവിശ്വാസത്തിനോ അല്ലെങ്കില്‍ ജീവിച്ചിരിയ്ക്കുന്ന ഏതെങ്കിലുമൊരു ദൈവത്തിനോ സാധ്യമാണോ ?

---യുക്തിചിന്ത ,വ്യക്തിയെ പ്രശ്നഭരിതമായ അന്തരീക്ഷം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹായിയ്ക്കുമോ ?

----യുക്തിചിന്തയുടെ ഫലമായി രൂപപ്പെട്ട ശാസ്ത്രത്തിന് ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ പറ്റും ?

---ശാസ്ത്രത്തിന്റെ ഉല്പന്നമായ ടെക്‍നോളജിക്ക് പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയുമോ ?

----പ്രശ്നപരിഹാരശേഷിയ്ക്ക് വ്യക്തിയുടെ മസ്തിഷ്കവുമായി ബന്ദമുണ്ടോ ?

-----പണത്തിന് പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയുമോ ?

---മേല്‍ വിവരിച്ച ഏതെങ്കിലും മാര്‍ഗ്ഗങ്ങള്‍ വഴിയോ അല്ലാതെയോ പ്രശ്നം പരിഹരിച്ചാല്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നുണ്ടോ എന്ന കാര്യവും ചിന്തനീയമാണ് .


പ്രശ്നങ്ങള്‍ക്ക് കാരണമെന്ത് ?

പ്രശ്നത്തെ അഭിമുഖീകരിയ്ക്കണമോ ,അതിനിന്ന് ഒളിച്ചോടിപ്പോകണമോ എന്നൊക്കെയുള്ള തിരുമാനം പ്രസ്തുത സാഹചര്യത്തേയും വ്യക്തിയേയുമാണ് ആശ്രയിച്ചിരിയ്ക്കുന്നത് . അന്തിമവിഅശകലനത്തില്‍ ലഭിയ്ക്കുന്ന ഉത്തരം എന്തെന്നാല്‍ ഒരു വ്യക്തി നേരിടുന്ന പ്രശ്നത്തെ ശരിയായ രീതിയില്‍ പരിഹരിയ്ക്കുവാന്‍ പ്രസ്തുത വ്യക്തിയ്ക്കു മാത്രമേ കഴിയൂ എന്നതാണ് . ഇക്കാര്യത്തിനുവേണ്ടി ,വ്യക്തി തന്റെ ബുദ്ധിശക്തിയെ ഉപയോഗപ്പെടുത്തേണ്ടതുണ്ട് . തക്കതായ ‘കാരണം’ ഇല്ലാതെ ഒരു പ്രശ്നവും ഉടലെടുക്കുകയില്ലല്ലോ . അതുകൊണ്ടുതന്നെ ‘പ്രശ്നം’ പഠനവിധേയമാക്കേണ്ടതുണ്ട് . ഇത്തരത്തില്‍ വിശകലനം ചെയ്യുമ്പോള്‍ പലതരത്തിലുള്ള കാര്യ- കാരണ ബന്ധങ്ങള്‍ (Cause and Effect Relationship ) ദൃശ്യമാകുന്നു. ഇവിടെയാണ് വ്യക്തി തന്റെ യുക്തിബോധം പ്രകടിപ്പിയ്ക്കേണ്ടത് . ശരിയായ യുക്തിചിന്തയുടെ പ്രവര്‍ത്തനഫലമായി യഥാര്‍ത്ഥ കാര്യ --കാരണ ബന്ധത്തെ വ്യക്തിയ്ക്ക് കണ്ടെത്താന്‍ കഴിയുന്നു. പ്രശ്നത്തിന്റെ കാരണം കണ്ടെത്തിയാല്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ വേണ്ട പദ്ധതിയാണ് തുടര്‍ന്ന് ആസൂത്രണം ചെയ്യേണ്ടത് .

മുകളീല്‍ വിവരിച്ച പ്രകാരം ,പ്രശ്നത്തിന്റെ കാരണം കണ്ടെത്തുക അത്ര എളുപ്പമല്ല. ഇക്കാര്യത്തിനുവേണ്ടി പ്രശ്നാധിഷ്ഠിത വിഷയത്തില്‍ അറിവ് ആവശ്യമാണ് .അല്ലെങ്കില്‍ തെറ്റായ കാര്യ --കാരണ ബന്ധം കണ്ടെത്തുകയും അതുവഴി പ്രശ്നം കൂടുതല്‍ വഷളായിത്തീരുകയും ചെയ്യും. ഇക്കാര്യം ലളിതമാ‍യ ഉദാഹരണം മുഖേനെ വ്യക്തമാക്കാം. പാമ്പിനേയും പാമ്പാട്ടിയേയും പലപ്പോഴും നാം നാല്‍ക്കവലകളില്‍ കാണാറുണ്ടല്ലോ.പാമ്പാട്ടി മകുടിയൂതുന്നതും പാമ്പ് പത്തിവിടര്‍ത്തിയാടുന്നതും കാണാനായി ധാരാളം പേര്‍ ചുറ്റും കൂടാറുണ്ട് . പാമ്പാട്ടിയുടെ മകുടിയില്‍നിന്നുള്ള സംഗീതത്തിനനുഅസരിച്ചാണ് പാമ്പ് തലയാട്ടുന്നതെന്ന് പ്രസ്തുത ദൃശ്യം കാണുന്ന വ്യക്തി തീരുമാനിയ്ക്കുന്നു. അതായത് ഇവിടെ രൂപീകരിയ്ക്കപ്പെട്ട കാര്യ - കാരണബന്ധം മകുടിയില്‍ നിന്നുള്ള സംഗീതവും പാമ്പിന്റെ തലയാട്ടലുമാണ് . ഇനി ,ഈ ദൃശ്യം കണ്ട മറ്റൊരു വ്യക്തിയുടെ കാര്യം നമുക്കെടുക്കാം . അയാള്‍ക്ക് പാമ്പിന്റെ ശരീരഘടനയെക്കുറിച്ച് നല്ലവണ്ണമറിയാം. പാമ്പിന് വായുവിക്കൂടിയുള്ള ശബ്ദതരംഗത്തെ കേള്‍ക്കാന്‍ കഴിയില്ല എന്ന വസ്തുത അയാള്‍ മനസ്സിലാക്കിയിട്ടുണ്ട് . അതുകൊണ്ട് അയാള്‍ മുന്‍‌പറഞ്ഞ രീതിയിലുള്ള കാര്യ-കാരണബന്ധം രൂപീകരിയ്ക്കുകയില്ല. മറിച്ച് മറ്റൊരു കാര്യ-കാരണ ബന്ധം കണ്ടെത്താന്‍ അയാള്‍ ശ്രമിയ്ക്കും .മകുടിയുടെ ചലനത്തേയും പാമ്പിന്റെ തലയാട്ടലിനേയും തമ്മില്‍ ബന്ധിപ്പിച്ചുള്ള കാര്യ-കാരണ ബന്ധമാണ് അയാള്‍ രൂപീകരിയ്ക്കുക . ഇതിലൂടെ നാം മനസ്സിലാക്കുന്നത് ബന്ധപ്പെട്ട മേഖലയിലെ വിജ്ഞാനത്തിലൂടെ മാത്രമേ യുക്തിചിന്ത രൂപം കൊള്ളൂകയുള്ളൂ എന്നതാണ് .

കാര്യ-കാരണ ബന്ധം രൂപീകരിയ്ക്കുന്നതില്‍ ശ്രദ്ധിയ്ക്കേണ്ട പ്രധാന സംഗതി ഏത് ?


യുക്തിചിന്തയില്‍ കാര്യ-കാരണ ബന്ധം മുഖ്യപങ്കുവഹിയ്ക്കുന്നുണ്ടല്ലോ . കാര്യത്തിന് ആസ്പദമായ കാരണത്തെ കണ്ടെത്തുവാന്‍ യുക്തിചിന്ത സഹായിയ്ക്കുന്നു. പക്ഷെ, കാരണത്തിന്റെ സൂക്ഷ്മസ്വഭാവം നിര്‍ണ്ണയിക്കുമ്പോള്‍ ,ക്വാണ്ടം മെക്കാനിക്സില്‍ സംഭവിയ്ക്കുന്നതുപോലെത്തന്നെ , അനിശ്ചിതത്വം അനുഭവപ്പെടുന്നു. മാത്രമല്ല, കാരണത്തിന് സൂക്ഷ്മതലത്തില്‍ ഒറ്റയ്ക്കുള്ള നിലനില്പ് അസാദ്ധ്യവുമാണ് . സൂക്ഷ്മതലത്തിലെ കാരണം മറ്റുപല കാരണങ്ങളുമായി പരസ്പരബന്ധിതമാണ് . ഇപ്രകാരമുള്ള പരസ്പര ബന്ധത്തില്‍നിന്ന് “കാരണത്തെ “ അടര്‍ത്തിയെടുത്താല്‍ത്തന്നെ അത് നിഷ്‌ക്രിയമായിപ്പോകാനിടയുണ്ട് .

പദാരത്ഥം വിഭജിച്ചുണ്ടാകുന്ന ,പദാര്‍ത്ഥസ്വഭാവമുള്ള ഏറ്റവും ചെറിയ കണിക തന്മാത്രയാണല്ലോ . ഈ തന്മാത്ര പദാര്‍ത്ഥത്തിന്റെ എല്ലാ‍ സ്വഭാവസവിശേഷതകളും ഉള്‍ക്കൊള്ളുന്നു. തുടര്‍ന്നുള്ള വിഭജനവേളയില്‍ ലഭിയ്ക്കുന്ന ആറ്റമോ അല്ലെങ്കില്‍ മറ്റു മൌലിക കണങ്ങളോ പദാര്‍ത്ഥത്തിന്റെ സ്വാഭാവിക സവിശേഷതകളുമായി ബന്ധമില്ലാത്തവയാണ് . കാരണത്തിന്റെ സൂക്ഷ്മവിഭജനവേളയിലും ഈ പ്രതിഭാസത്തെ കണക്കിലെടുക്കേണ്ടതുണ്ട് . എങ്കില്‍മാത്രമേ കാര്യ-കാരണ ബന്ധത്തിന് പൂര്‍ണ്ണ അനുയോജ്യത ലഭിയ്ക്കുകയുള്ളൂ. അങ്ങനെ അതുവഴി യുക്തിചിന്ത സുദൃഡമാകുകയും ചെയുന്നു.


“ ആരാധന അജ്ഞതയുടേ പര്യായമാണ് “ ---ഫ്രാങ്ക്‍ളിന്‍

No comments:

Post a Comment